ചേച്ചി സിന്ദൂരം തൊട്ട് പെൺമക്കളെ സംരക്ഷിക്കാൻ നോക്കുന്ന നേരം കൊണ്ട് രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ കൂടി ഒന്ന് പഠിക്കണം: കൊച്ചിയിൽ ക്ഷേത്രത്തിൽ വച്ച് യുവതിക്കെതിരെ ഒരുകൂട്ടം സ്ത്രീകൾ നടത്തിയ ആക്രോശത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകയായ അഞ്ജലി സി പി എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
സാധാരണ നമ്മൾ സിന്ദുരമണിയുന്നത് ഉത്തമയായ ഭാര്യയാണെന്നു കാണിക്കാനും ഭർത്താവിനോടുള്ള വിശ്വാസവും കടമയും കാത്തു സൂക്ഷിക്കുമെന്ന് ഉറപ്പിനുമൊക്കെയാണ്. ഇതൊന്നു മല്ലെങ്കിൽ യോഗാവിധി പ്രകാരം നാഡീവ്യവസ്ഥയ്ക്കും മറ്റും സിന്ദൂരവും മഞ്ഞൾ ചന്ദനം പോലുള്ള തണുപ്പുള്ള വസ്തുക്കൾ തൊടുന്നത് വളരെ ഗുണകരമാണെന്നും കേട്ടിട്ടുണ്ട്.
ഇതൊന്നുമല്ല അൽപം ചരിത്രം തിരഞ്ഞ് പുറകിലോട്ട് പോയാൽ മറ്റ് പല കഥകളും കേട്ടെന്നും വരാം. എന്നാൽ ഇന്ന് മലയാളികൾക്ക് മാത്രമല്ല ലോകത്തെ ഒരു ഭാര്യമാർക്കും സിന്ദൂരം തൊടുന്ന അമ്മമാർക്കാർക്കും അറിയാത്ത ചില കാര്യങ്ങൾ പറഞ്ഞു തന്നിരിക്കുകയാണ് ഇവിടെ കുലസ്ത്രീയായ ഒരു ചേച്ചി. അവർ സിന്ദൂരം തൊട്ടത് മറ്റൊന്നിനുമല്ല കാകാമാർ തന്റെ പെൺമക്കളെ തട്ടിക്കൊണ്ടു പോകാതിരിക്കാൻ വേണ്ടിയാണെന്ന്.

ഇത് കേട്ട് ഇവരെ ട്രോളിയിട്ടും മൂക്കത്ത് വിരൽ വച്ചിട്ടുമൊന്നും കാര്യമില്ല കാരണം ഗോമൂത്രത്തെ കുറിച്ചും ചാണകത്തെ കുറിച്ചും ഗവേഷണം നടത്താനും പശുവിൻ പാലിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ഗവേഷണ ശാലയ്ക്ക് തറക്കല്ലിടണമെന്നും പറഞ്ഞ മഹാൻമാരുടെ പിൻമുറക്കാരിയാണ് ചേച്ചി എന്നതുകൊണ്ടു തന്നെ.
ഒരു കാക്കയ്ക്ക് ഒരു അപ്പം കിട്ടിയാൽ അത് കാകാ എന്ന് പറഞ്ഞ് ആ പ്രദേശത്തുള്ള മുഴുവൻ കാക്കകളെയും വിളിച്ചു വരുത്തും. ശേഷം കിട്ടിയ ഭക്ഷണം എല്ലാവരുംകൂടി പങ്കിട്ടെടുക്കും. ഈ ഒത്തൊരുമയും ഹൃദയ വിശാലതയുമാണ് നിങ്ങളെ കാക്കാമാരാക്കിയത് എന്നാണ് നമ്മടെ ഇമ്മിണി ബല്യ ബഷീർക്ക പറഞ്ഞത്. ഈ കാകാമാരെ പറ്റിയാണ് നമ്മുടെ സിന്ദൂരം തൊട്ട ചേച്ചിക്ക് ഇത്ര വലിയ പരാതി ഉള്ളത്.
കാക്കാമാരുടെ രാജ്യത്തെ കാശുവേണം നമുക്ക്. പ്രളയം വന്ന് മൂക്കോളം മുങ്ങിയപ്പോൾ ചവിട്ടിക്കേറാൻ മുതുക് കാട്ടി തന്നതും ഇതേപോലൊരു കാക്കയായിരുന്നു. വിശപ്പിനും കാശിനും മുന്നിൽ ഈ കാകാമാരുടെ സഹായം വേണം. പിന്നെ പൗരത്വം പറയുമ്പോൾ മത്രമാണ് കാക്കാമർക്ക് ഭ്രഷ്ഠ്. കാക്കാമാരേർപ്പെടുത്തിയ അവാർഡൊക്കെ വാങ്ങാം പക്ഷേ കാകാമാരെ കാണുന്നത് ചിലർക്ക് ചെകുത്താൻ കുരിശ് കാണുന്ന പോലെയാണ്.
കാക്കി നിക്കറിനോട് പ്രിയം മൂത്ത ചേച്ചി സിന്ദൂരം തൊട്ട് പെൺമക്കളെ സംരക്ഷിക്കാൻ നോക്കുന്ന നേരം കൊണ്ട് രാജ്യത്ത് സംഭവിക്കുന്നതെന്താണെന്ന് ശരിക്കുമൊന്നു പഠിക്കുന്നത് നന്നായിരിക്കും.