അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന കോവളം എംഎൽഎ എം. വിൻസന്റിനു കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 34 ദിവസത്തെ റിമാൻഡിനു ശേഷമാണ് ജാമ്യം ലഭിച്ചത്. പരാതിക്കാരിയുടെ വാർഡിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
കർശന ഉപാധികളോടെ ജ്യാമം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിൽ നിലപാട് അറിയിച്ചിരുന്നു. പരാതിക്കാരി 18 വർഷമായി മാനസിക രോഗത്തിനു ചികിൽസയിലാണെന്നും വീട്ടമ്മയുടെ സഹോദരനെ വിളിച്ചതു നല്ല ഉദ്ദേശത്തോടെയാണെന്നും വിൻസന്റിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ഗംഗേശാനന്ദക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും 90 ദിവസത്തെ റിമാന്റ് കാലാവധി അവസാനിച്ചതിനാലുമാണ് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
മെയ് 19നാണ് ഗംഗേശാനന്ദ ആക്രമണത്തിനിരയായത്. വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗംഗേശാനന്ദയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് കേസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
അതേ സമയം യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. നാളെ വിധി പറഞ്ഞേക്കും. കേരള പൊലീസിനെ പഴിചാരുന്ന നിലപാടിൽ ഉറച്ചു നിന്നുള്ള വാദങ്ങളാണ് പ്രതിഭാഗം നടത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരുടെ നിലപാടുകളെ സംശയത്തോടെ കാണുന്ന വാദത്തിൽ പ്രതിഭാഗം ഉറച്ചു നിന്നു.
പ്രോസിക്യൂഷൻ വാദത്തിൽ ദിലീപിനെ ‘കിങ് ലയർ’ (വലിയ കള്ളങ്ങൾ പറയുന്നയാൾ) എന്നു വിശേഷിപ്പിച്ചു. പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ വിവരിക്കുന്ന രേഖകൾ മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ ഹൈക്കോടതിക്കു കൈമാറി. നിർണായക വിവരങ്ങൾ അന്വേഷണം തീരുംമുൻപു പുറത്തു വരാതിരിക്കാനുള്ള ഈ തന്ത്രം കാരണം അന്വേഷണ ഗതി അറിയാൻ കഴിയുന്നതു പൊലീസിനും കോടതിക്കും മാത്രം.
നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായി കൂട്ടുപ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ നേരിട്ടു ബന്ധപ്പെടുത്തുന്ന തെളിവുകൾ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകി. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന് നായര്‍ കോടതിയെ അറിയിച്ചു. ദിലീപിനായി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിളളയായിരുന്നു.