സിനിമാ താരങ്ങളും നിർമാണ പങ്കാളികളുമായ വിജയ്ബാബുവും സാന്ദ്രാ തോമസും തമ്മിലുള്ള തർക്കം ഒത്തു തീരാൻ സാധ്യത തെളിയുന്നു.
നടൻ അജു വർഗീസ് ഉൾപ്പെടെ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ധാരണ ഉരുത്തിരിഞ്ഞിരിക്കുന്നത്. അനുരഞ്ജനമുണ്ടായാൽ വിജയ്ബാബു മർദിച്ചില്ലെന്നു കാണിച്ച് സാന്ദ്രാ തോമസ് പൊലീസിനോ കോടതിക്കോ സത്യവാങ്മൂലം നൽകും. പ്രശ്നം ഒത്തു തീരുകയാണെന്ന സൂചന പൊലീസിന് ലഭിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്നലെ അമൃത ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
സാന്ദ്രയുടെ ശരീരത്തിൽ വലിയ പരിക്കുകളില്ലെങ്കിലും പിടിവലി നടന്നതിന്റെ ചെറിയ പരിക്കുകൾ ഉള്ളതായാണ് ഡോക്ടർ നൽകിയിട്ടുള്ള മൊഴി. കേസുമായി പൊലീസ് മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഇരുവർക്കും കോടതിയിൽ മാത്രമേ ഒത്തുതീർപ്പ് സാധ്യമാകൂ. കലൂർ പൊറ്റക്കുഴിയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ഓഫീസിൽ വെച്ച് വിജയ്ബാബു മർദിച്ചെന്നാരോപിച്ച് സാന്ദ്രാതോമസ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് എളമക്കര പൊലീസ് വിജയ്ബാബുവിനെതിരെ എഫ്‌ഐആർ രജി്സ്റ്റാർ ചെയ്തത്.
തർക്കത്തെ തുടർന്ന് ഓഫീസിലെ കസേരയിലിരിക്കുകയായിരുന്ന തന്നെ വിജയ് ബാബു തന്നെ തള്ളി താഴെയിടുകയും നിലത്തിട്ട് ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തെന്ന് സാന്ദ്ര പൊലീസിന് മൊഴി നൽകുകയുണ്ടായി. ഇതിന് പുറകെയാണ് ഇരുവരും തമ്മിലുള്ള ബിസിനസ് തർക്കം തീർക്കാൻ സുഹൃത്തുക്കൾ ഇടപെട്ടത്. അതേസമയം തന്റെ പേരിൽ നിലവിൽ എടുത്തിരിക്കുന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് നടൻ വിജയ് ബാബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തർക്ക വസ്തു തട്ടിയെടുക്കാൻ വേണ്ടിയാണ് സാന്ദ്രയും അവരുടെ ഭർത്താവും ശ്രമിക്കുന്നത്.
തനിക്കെതിരെഉയർന്ന ആരോപണം അങ്ങനെയല്ലെന്ന് താൻ തെളിയിക്കും. സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസിന്റെ ചെയർമാനും സാന്ദ്ര തോമസ് മാനേജിംഗ് ഡയറക്ടറുമാണ്. പാർട്ട്ണർഷിപ്പ് ഉപേക്ഷിക്കുകയാണെന്നും കമ്പനിയിലെ തന്റെ വിഹിതം ഉടൻ നൽകണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശ്നം രൂക്ഷമായതെന്ന് ഇവരോടടുത്ത വൃത്തങ്ങൾ പറയുന്നു. ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഫ്രൈഡേ ഫിലിം ഹൗസ്.