തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ആരംഭിച്ച ശേഷം എന്തെങ്കിലും പ്രധാനപ്പെട്ട രാഷ്ടീയ സംഭവവികാസങ്ങൾ നടത്തുക എന്നത് നമ്മുടെ രാജ്യത്ത് അത്ര സാധാരണമല്ല. അസാധാരണമായ നീക്കത്തിലൂടെ വോട്ട് ചെയ്യുവാൻ ഒരുങ്ങി നില്ക്കുന്ന ജനങ്ങളെ സ്വാധീനിക്കുന്ന എന്തെങ്കിലും ചെയ്യുന്നത് രാഷ്ടീയ ശരികേടാണെന്നാണ് പൊതുവെ വിലയിരുത്തൽ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ആ സാമാന്യ നിയമം തെറ്റിച്ചിരിക്കുകയാണ്. വേങ്ങരയിൽ വോട്ടെടുപ്പ് ആരംഭിച്ച ശേഷം അദ്ദേഹം നടത്തിയ പ്രഖ്യാപനത്തിൽ എതിരാളികൾ അക്ഷരാർഥത്തിൽ ഞെട്ടി.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുക്കുവാനാണ് തീരുമാനം. ഇതിൽ ആരോപണ വിധേയരായ ചില പ്രമുഖ നേതാക്കൾക്കെതിരെ ലൈംഗികാധിക്രമ കുറ്റവും ഉൾപ്പെടും എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വോട്ട് ചെയ്യുവാൻ ക്യൂ നിന്നവർക്കിടയിലെക്ക് ഈ വാർത്ത പ്രചരിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞതായാണ് മനസ്സിലായത്.
വേങ്ങരയിൽ അനായാസ വിജയം അതും വലിയ ഭൂരിപക്ഷത്തിൽ ലഭിക്കും എന്ന് കരുതിയിരുന്നിടത്താണ് ഇടിത്തീ പോലെ ഈ വാർത്ത ചാനലുകളിൽ വരുന്നത്. ഇതോടെ പ്രവർത്തകരും നേതാക്കളും അങ്കലാപ്പിലായി. വൈകുന്ന ഓരോ നിമിഷവും കനത്ത പ്രഹരമായിരിക്കും ലഭിക്കുക എന്ന തിരിച്ചറിവിൽ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിച്ചു എന്നതാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ഏക ആശ്വാസം എങ്കിലും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പുറത്തുവന്നാലേ എന്തെങ്കിലും പറയുവാൻ സാധിക്കൂ എന്നതാണ് അവസ്ഥ.
തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളെ സ്വാധീനിക്കുന്ന നിലപാടുകളും പ്രഖ്യാപനങ്ങളും ഇതിനു മുമ്പ് അടുത്ത കാലത്ത് നടന്നത് 2012-ലെ നെയ്യാറ്റിൻ കര ഉപതെരഞ്ഞെടുപ്പിൽ ആയിരുന്നു. അന്ന് പക്ഷെ എതിരാളികൾക്കുള്ളിൽ നിന്നുമല്ല പാളയത്തിൽ നിന്നു തന്നെയാണ് എൽ.ഡി.എഫിനു ഒരു സർജിക്കൽ സ്ട്രൈക്ക് നേരിടേണ്ടിവന്നത്.അതും ഇടതു മുന്നണിയുടെ വോട്ടിംഗ് ശതമാനം ഉയർത്തുന്നതിൽ നിർണ്ണായക പങ്കാളിയായ വി.എസ്.അച്യുതാനന്ദനിൽ നിന്നും. ഉപതെരഞ്ഞെടുപ്പ് ആരംഭിച്ച ശേഷം വി.എസ്.അച്യുതാനന്ദൻ സി.പി.എം പ്രവർത്തകരാൽ കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭവന സന്ദർശനമായിരുന്നു അത്. ആ പ്രത്യേക ദിവസം തന്നെ തെരഞ്ഞെടുത്തതിൽ പാർട്ടിയിൽ കടുത്ത പ്രതിഷേധം ഇതിന്റെ പേരിൽ വി.എസിനു നേരിടേണ്ടിയും വന്നു.
വി.എസിന്റെ അപ്രതീക്ഷിത നീക്കത്തിൽ അന്ന് സി.പി.എം പകച്ചു പോയി. ചാനലുകളിൽ ഇതു സംബന്ധിച്ച വാർത്തയുടെ പ്രവാഹമായിരുന്നു. യു.ഡി.എഫ് ആകട്ടെ നിനച്ചിരിക്കാതെ ലഭിച്ച അവസരം മുതലാക്കുകയും മുന്നണിമാറി രാജിവെച്ച് തെരഞ്ഞെടുപ്പ് നേരിട്ട ആർ.ശെൽവരാജ് വീണ്ടും വിജയിക്കുകയും ചെയ്തു. അന്ന് ഇത്തരം ഒരു സാധ്യത പിണറായി വിജയനും സംഘവും തിരിച്ചറിഞ്ഞിരുന്നു. നല്ല ഒരു അവസരം ഒത്തുവന്നപ്പോൾ അത് പ്രയോഗിക്കുകയും ചെയ്തു. ലാവ്ലൈൻ കേസിൽ നിന്നും വിമുക്തനായതോടെ കേരള രാഷ്‌ടീയത്തിൽ ഇനി തന്റെ നാളുകൾ എന്ന് പിണറായി വിജയൻ ഉറപ്പിക്കുകയാണ്.
എസ് കുമാർ