2021 ഓഗസ്റ്റ് മാസത്തിലാണ് രാജ്യത്ത് വാഹന പൊളിക്കൽ നയം അഥവാ സ്ക്രാപ്പ് പോളിസി അവതരിപ്പിച്ചത്. പഴയ വാഹനങ്ങൾ പുതിയ വാഹനങ്ങളേക്കാൾ 10 മുതൽ 12 മടങ്ങ് വരെ മലിനീകരണം സൃഷ് ടിക്കുന്നതായും പുതിയ നയം വരുന്നതോടെ ഇത് പരിഹരിക്കാനാവുമെന്നും അന്ന് കേന്ദ്രം പറഞ്ഞിരുന്നു.
അതിന്റെ ഭാഗമായി 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ആര്. സി. പുതുക്കല്‍ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ 10 ഇരട്ടി വരെ വര്‍ധിക്കുമെന്ന് സൂചന. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. 2021 ഒക്ടോബറില്‍ ഇറക്കിയ ജി. എസ്. ആറില്‍ ഇതുവരെ മാറ്റമില്ലാത്തതിനാല്‍ ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാവും.
പുതുക്കല്‍ നിരക്കിനൊപ്പം പിഴസംഖ്യ (ഡിലേ ഫീ) മാസംതോറും വര്‍ധിക്കും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക 15 വര്‍ഷം കഴിഞ്ഞ ബൈക്കുകളെയും കാറുകളെയുമാണ്. കേന്ദ്ര പൊളിക്കല്‍ നയത്തിന്റെ (സ്ക്രാപ്പിങ് പോളിസി) ഭാഗമായാണ് ഈ നീക്കമെന്ന് കരുതുന്നു. ചില വാഹനങ്ങളുടെ രജിസ്ട്രേഷന് നിരക്കിലും വര്‍ധനയുണ്ട്.
മോട്ടോര്‍സൈക്കിളിന് നിലവില്‍ 360 രൂപയുള്ളത് 1000 രൂപയാകും. കാറിന് 700 രൂപയുള്ളത് 5000 രൂപയാകും. ഓട്ടോ ഉള്‍പ്പെടെയുള്ള ത്രീവീലറിന് 2500 രൂപ അടയ്ക്കണം. നിലവില്‍ 500 രൂപയാണ്. 15 വര്‍ഷം കഴിഞ്ഞ കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും വന്‍ വര്‍ധനയാണ് ഏപ്രില്‍ ഒന്നുമുതല്‍ വരുന്നത്. 900 രൂപ വരുന്ന മീഡിയം ഗുഡ്സിന് 10,000 രൂപ അടയ്ക്കണം.
വണ്ടിയുടെ ആര്. സി. (രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്) പുതുക്കാന്‍ വൈകിയാല്‍ വണ്ടി തൂക്കിവില്‍ക്കേണ്ട അവസ്ഥ വരും. നിലവില്‍ 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിള്‍ പുതുക്കാന്‍ മറന്നാല്‍ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും (വൈകിയതിന്) ഒപ്പം 360 രൂപ പുതുക്കല്‍ ഫീസും നല്‍കണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ് മോട്ടോര്‍ സൈക്കിളിന് ഒരുമാസം 300 രൂപ വെച്ച് കൂട്ടും.
അതായത് ഒരുവര്‍ഷം 3600 രൂപ ഡിലേ ഫീ മാത്രമായി അടയ്ക്കണം. അടയ്ക്കാന്‍ മറന്ന് കൂടുതല്‍ വര്‍ഷമായാല്‍ വണ്ടി തൂക്കിവില്‍ക്കുക മാത്രമേ ചെയ്യാനുള്ളൂ. കാറിന് 500 രൂപയാണ് മാസം ഡിലേ ഫീ വര്‍ധിക്കുക.
YOU MAY ALSO LIKE THIS VIDEO