ഉപതെരഞ്ഞടുപ്പ് ആസന്നമായിരിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടക്കാൻ പോകുന്നത് സൂപ്പർ പോരാട്ടമെന്ന് സൂചന. വട്ടിയൂർക്കാവ് എം എൽ എ കെ മുരളീധരൻ വടകര പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് ലോക്സഭയിൽ എത്തിയതോടെയാണ് കേരളത്തിലെ മറ്റ് 5 നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം വട്ടിയൂർക്കാവും ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ മത്സരിച്ച കുമ്മനം രാജശേഖരൻ തന്നെയാവും സ്ഥാനാർത്തി എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കുമ്മനത്തെക്കൂടാതെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പേരും ഉയർന്നു വരുന്നുണ്ട്. കുമ്മനത്തെ കേന്ദ്ര മന്ത്രി സഭയിൽ ഉൾപ്പെടുത്താതെ കേരളത്തിൽ തന്നെ നിലനിർത്തിയതിനു പിന്നിലും വട്ടിയൂർക്കാവ് മണ്ഡലമാണെന്ന് സൂചനയുണ്ട്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പാർലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ എൽ.ഡി.എഫിനെ പിന്തള്ളി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇതാണ് ബി.ജെ.പിയെ മോഹിപ്പിക്കുന്നത്. നേമത്ത് അക്കൗണ്ട് തുറന്ന ബി.ജെ.പി കരുത്തനായ പോരാളിയിലൂടെ വട്ടിയൂർക്കാവും പിടിക്കാനുള്ള ഒരുക്കത്തിലാണ്.

കുമ്മനം കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ കെ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കെ മുരളീധരന്റെ വ്യക്തിപ്രഭാവത്തിൽ കുമ്മനം വിജയിക്കാനാകാതെ പോവുകയായിരുന്നു. അതേ സമയം ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
അതുകൊണ്ട് തന്നെ ഇടതുമുന്നണി ഇത്തവണ അവരുടെ ഏറ്റവും ജനപ്രിയനായ ഒരു തിരുവനന്തപുരത്തുകാരനെ തന്നെ ഇറക്കാൻ തീരുമാനിച്ചതായാണ് സൂചന. കുമ്മനത്തിന്റെയും യുഡിഎഫിന്റെയും വെല്ലുവിളിയെ മറികടക്കാൻ അതുകൊണ്ട് തന്നെ തിരുവനന്തപുരം നഗരസഭാ മേയർ വി കെ പ്രശാന്തിനെയാണ് ഇടതുമുന്നണി രംഗത്തിറക്കുന്നതെന്ന് സൂചന. യുഡിഎഫ് സ്ഥിരമായി ജയിച്ചുകൊണ്ടിരുന്ന കഴക്കൂട്ടം വാർഡിൽ നിന്ന് വിജയിച്ച വി കെ പ്രശാന്ത് തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ്. 34 വയസിലാണ് അദ്ദേഹം തിരുവനന്തപുരത്തിന്റെ നഗരപിതാവായി തിരഞ്ഞെടുക്കപ്പെട്ടത്.

വി കെ പ്രശാന്ത് എന്ന ജനകീയനിലൂടെ വട്ടിയൂർക്കാവ് മണ്ഡലം പിടിച്ചെടുക്കാനാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്. അതേ സമയം മുൻ സ്‌പീക്കർ എം. വിജയകുമാർ, വി. ശിവൻകുട്ടി, ഐ. പി. ബിനു തുടങ്ങിയ പേരുകളും സി.പി.എം പരിഗണിക്കുന്നുണ്ടെന്നാണ് അഭ്യൂഹം.
അതേ സമയം സിറ്റിംഗ് സീറ്റ് നിലനിർത്താൻ യു ഡി എഫ് രംഗത്തിറക്കുക അവരുടെ യുവ നേതാവായ പി സി വിഷ്ണുനാഥിനെ ആയിരിക്കുമെന്നാണ് സൂചന. ചെങ്ങന്നൂർ മുൻ എം എൽ എ കൂടിയായ പി സി വിഷ്ണുനാഥ് പക്ഷെ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോട് തോൽവി ഏറ്റു വാങ്ങുകയായിരുന്നു.

കുമ്മനം രാജശേഖരൻ, വി കെ പ്രശാന്ത് എന്നീ വെല്ലുവിളികളെ മറികടന്ന് പി സി വിഷ്ണുനാഥ് എന്ന യുവ നേതാവിനെ കളത്തിലിറക്കി മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യമാണ് യു ഡി എഫിനു മുന്നിലുള്ളത്. കൂടാതെ കെ. മുരളീധരന്റെ കോട്ട നിലനിറുത്താൻ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം അഡ്വ. കെ. മോഹൻ കുമാർ, പത്മജ വേണുഗോപാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്. എങ്കിലും എ.ഐ..സി.സി സെക്രട്ടറി പി സി വിഷ്ണുനാഥിന് തന്നെയാണ് നിലവിൽ മുൻഗണന എന്നാണ് സൂചന.