മലയാളം ഇ മാഗസിൻ.കോം

ഈ വാസ്തു കോൽ കണക്ക്‌ പ്രകാരമാണ്‌ വീട്‌ നിർമ്മിച്ചിരിക്കുന്നത്‌ എങ്കിൽ ആ വീട്‌ അധ:മത്തിൽ ആകും

വിശ്വാസവും ഒപ്പം അബദ്ധങ്ങളും ചേർത്ത്‌ വികലപ്പെടുത്തിയെടുത്ത ഒന്നായി മാറിയിരിക്കുന്നു സമകാലിക നിർമ്മാണ രംഗത്ത്‌ വാസ്തു എന്നത്‌.

ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലുമെന്ന പോലെ പുരാതന ഭാരതത്തിൽ നിലനിന്നിരുന്ന തനത്‌ ആർക്കിടെക്ചർ/ എഞ്ചിനീയറിംഗ്‌ സങ്കേതം എന്ന നിലയിൽ വാസ്തുവിനെ നോക്കികാണുവാൻ പലരും തയ്യാറാകുന്നില്ല. വാസ്തുവിന്റെ അടിസ്താനത്തിൽ നിർമ്മിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ അതിജീവിച്ചുകൊണ്ട്‌ നിലനിൽക്കുന്ന ഭംഗിയും ബലവുമുള്ള അനേകം കെട്ടിടങ്ങൾ ഇന്നും കേരളത്തിൽ കാണുവാൻ സാധിക്കും. ഭയത്തിൽ പൊതിഞ്ഞ വിശ്വാസത്തിന്റെ വിപണന സാധ്യതകൾ ശരിക്കും മനസ്സിലാക്കിക്കൊണ്ട്‌ തട്ടിപ്പുകാർ കളം നിറഞ്ഞതാണ്‌ ഇന്ന്‌ വാസ്തുവിനെ തട്ടിപ്പിന്റെയും അസൗകര്യങ്ങളുടേയും അഭംഗിയുടേയും പക്ഷത്ത്‌ കൊണ്ടു നിർത്തിയിരിക്കുന്നത്‌.

വാസ്തു പ്രകാരം എല്ലാ ദിക്കിലേക്കും (വിദ്വിക്കുകൾ ഒഴികെയുള്ള നാലു ദിക്കുകൾ ) ദർശാനമായി വീട്‌ നിർമ്മിക്കാം എന്ന്‌ പലരും ധരിച്ചുവച്ചിരിക്കുന്നത്‌ . ഇതിനു കാരണം വാസ്തുവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾപറയുന്നത്‌ ഏക യോനിയിൽ വരുന്ന അളവുകളിൽ പെടുന്ന പ്ലാനുകൾ ആകാം എന്നാണ്‌. എന്നാൽ ഒന്ന്‌ പരിശോധിച്ചാൽ കാണാം ചില സന്ദർഭങ്ങളിൽ അത്‌ ശുദ്ധ അബദ്ധമാണെന്ന്‌ വ്യക്തമാകുന്നതും കാണാം.

ഉദാ: 67-0 എന്ന കണക്ക്‌ നോക്കാം പ്രത്യക്ഷത്തിൽ ഇത്‌ എകയോനിയാണെങ്കിലും അത്‌ അവസാനത്തെ കണക്കാണ്‌. അവസ്ഥകളിൽ വാർദ്ധക്യവുമാണ്‌. ഭിത്തിപ്പുറം ആണ്‌ എടുക്കുന്നതെങ്കിൽ തറയും പാദുകവും വരിക മരണ ചുറ്റിലാണ്‌. വി.കെ.എൻ ശൈലിയിൽ പറഞ്ഞാൽ ന്ന്വച്ചാൽ അത്‌ അശ്രീകരകണക്കാണ്‌ പയ്യൻസ്‌ എന്ന്‌ ചുരുക്കം. വാസ്തുവിൽ വിശ്വാസിക്കുന്ന ആളാണെങ്കിൽ ഇത്‌ ശുദ്ധ അബദ്ധം എന്ന്‌ പറയേണ്ടതായി വരും. ചുരുക്കി പറഞ്ഞാൽ 67-0 വീട്‌ എല്ലാ ദിക്കിലേക്കും എന്നല്ല ഒരു ദിക്കിലേക്കും തിരിച്ച്‌ നിർമ്മിക്കുവാൻ കൊള്ളാവുന്ന കണക്കേ അല്ല.

67-16 മുതൽ 70-8 വരെ ഉള്ള അളവുകൾ മരണചുറ്റ്‌ എന്ന ഗണത്തിൽ പെടുന്നതിനാൽ വർജ്ജ്യമാണ്‌. പൊതുവിൽ ബാല്യത്തിലെ ആദ്യ കണക്കുകളും വാർദ്ധക്യത്തിലെ അവസാന 3 കണക്കുകളും മൊത്തം ചുറ്റ്‌ കണക്കാക്കുമ്പോൾ എടുക്കുക പതിവില്ല.

ഏകയോനി ആണ്‌ അതിനാൽ ഉത്തമം എന്ന്‌ കരുതി 67-0 എന്ന അളവ്‌ വച്ച്‌ ഏതെങ്കിലും വാസ്തു വിദ്വാന്റെ നിർദ്ദേശ പ്രകാരം നിങ്ങൾ ഒരു ഗൃഹം നിർമ്മിക്കുകയും അതിനു ശേഷം ഏതെങ്കിലും അശുഭകരമായ കാര്യങ്ങൾ സംഭവിച്ചാൽ ഉണ്ടാകുന്ന മന:ക്ലേശവും സാമ്പത്തിക നഷ്ടവും ചെറുതല്ല.

അതായത്‌ പറഞ്ഞു വരുന്നത്‌ ഇത്രമാത്രം വിശ്വാസത്തിനൊപ്പം അൽപം പ്രയോഗിക ബുദ്ധി പ്രയോഗിക്കുക ഇല്ലെങ്കിൽ നഷ്ടം നിങ്ങൾക്ക്‌ സാമ്പത്തികമായി മാത്രമല്ല അസൗകര്യങ്ങളും മാനസിക മനക്‌ളേശവും ഉള്ള ആ വീട്‌ ഉപയോഗിക്കുനന്വർക്ക്‌ മൊത്തമാണ്‌.

പല പ്ലാനുകളിലും വാസ്തു കണക്കുകൾ ഒപ്പിച്ചു വച്ചിട്ടുണ്ടാകും, എന്നാൽ വസിക്കേണ്ട വീട്ടിൽ വായുസഞ്ചാരം പോലുമില്ലാതെ ഫർണീച്ചർ ശരിക്കിടുവാൻ സാധിക്കാതെ അസൗകര്യങ്ങൾ ധാരാളം ഉണ്ടായാലോ? ഇത്തരം ധാരാളം വീടുകൾ നമ്മുടെ നാട്ടിൽ കാണാൻ സാധിക്കും. പ്രായോഗികതക്ക്‌ പ്രാധാന്യം നൽകാതെ വാസ്തു കണക്കിന്റെയും വിശ്വാസത്തിന്റെയും പുറകെ പോകുന്നവർക്ക്‌ സംഭവിക്കുന്ന പൊതുവായ ഒരു പ്രശ്നമാണ്‌ ഇത്‌. പേരുകേട്ട ആചാര്യൻ ചെയ്ത ഡിസൈൻ ആയാലും പലപ്പോഴും കാണുന്ന ഒരു പ്രവണത സ്റ്റെയർകേസ്‌ ഡൈനിംഗ്‌ റൂമിൽ നിന്നും നൽകുക, ഡൈനിംഗ്‌ ഏരിയക്ക്‌ വേണ്ടത്ര വെന്റിലേഷൻ സൗകര്യം ഇല്ലാതിരിക്കുക, ടോയ്‌ലറ്റുകൾ ഇടുങ്ങിയതാകുക എന്നിങ്ങനെ ചിലതാണ്‌.

20,000 രൂപയുടെ മൊബെയിൽ വാങ്ങുമ്പോൾ അതിന്റെ ഫീച്ചറുകളെ പറ്റി വിശദമായി പഠിക്കും എന്നാൽ 40 ലക്ഷത്തിന്റെ ബഡ്ജറ്റിട്ട വീടിനു പ്ലാൻ വരക്കുമ്പോൾ പ്രത്യേകിച്ച്‌ വാസ്തു സംബന്ധമായ വിഷയങ്ങൾ കടന്നു വരുമ്പോൾ പ്രായോഗികതയെ കൈവിടുകയും ചെയ്യുന്നവരാണ്‌ പല മലയാളികളും. അതിനാൽ ആചാര്യന്മാർ പറയുന്നത്‌ അതേ പടി വിശ്വസിക്കാതെ ഡിസൈൻ സ്റ്റേജിൽ തന്നെ പരമാവധി കാര്യങ്ങൾ ശ്രദ്ധിക്കുക ആവശ്യമെങ്കിൽ പ്രൊഫഷണൽ ആയവരുടെ ഉപദേശം തേടുക. ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിക്കുന്ന വീടിനു നല്ല ഒരു ഡിസൈൻ തയ്യാറാക്കുവാൻ തീർച്ചയായും അൽപം പണം ചിലവഴിക്കുന്നത്‌ നഷ്ടമാകില്ല.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor