മലയാളം ഇ മാഗസിൻ.കോം

ശരണം വിളിച്ചു പോയാൽ \”നിർബന്ധിത സംഘി ജീവിതത്തിന്‌ വിധേയമാക്കുക\” എന്നതാണോ ഇപ്പോഴത്തെ ശിക്ഷാരീതി?

മലകയറുന്ന വിവാദങ്ങളെയോർത്ത് ഒരാൾ ശരണം വിളിച്ചു പോയാൽ അവരെ \”നിർബന്ധിത സംഘി ജീവിതത്തിന് വിധേയമാക്കുക\” എന്നൊരു യുക്തിരഹിത ശിക്ഷാ രീതിക്കു വിധേയയായി എന്നു തോന്നിപ്പോയത് കൊണ്ടാണ് ഈ കുറിപ്പ്:

\"\"

സമാധാനമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളുടെ ആത്മഹത്യപരമായ നടപടിയായിരിക്കും ഇപ്പോൾ ശബരിമല വിഷയത്തിൽ ഒരു അഭിപ്രായം പറയുക എന്നത്. വിശ്വാസവും ഭക്തിയും അവിടെ നിൽക്കട്ടെ. അഭിപ്രായങ്ങളെയും അതു പറയുന്നവരെയും ഏതെങ്കിലും രാഷ്ട്രീയ ചേരിയുടെ കള്ളിയിലേക്ക് തള്ളിയൊതുക്കാനുള്ള ശ്രമങ്ങർ തന്നെയാണ് നടക്കുന്നത്. മുൻവിധികളോട് മാത്രമാണ് സാമാന്യ മനുഷ്യന്റെ ബുദ്ധിയും ചിന്തയും ഇപ്പോൾ മത്സരിച്ചുകൊണ്ടിരിക്കുന്നത്.

മൗനം എല്ലായിടത്തും ബുദ്ധിയുള്ളവർക്ക് ഭൂഷണമായിക്കൊള്ളണമെന്നില്ലല്ലോ. അതു കൊണ്ടു തന്നെ ഒരു പൊതു വിഷയത്തിൽ നമ്മൾ പ്രതികരിച്ചു എന്നു തന്നെയിരിക്കും. അത് അറിയാതെ വന്നു പോകുന്നതല്ല. ആ വിഷയം അത്രമേൽ നമ്മെ സ്വാധീനിക്കുന്നത് കൊണ്ട് ചിന്തയെയോ ബുദ്ധിയെയോ മഥിക്കുന്നത് കൊണ്ടു തന്നെയാണ് പ്രതികരിച്ചു പോകുന്നത്.

\"\"

ഇന്നതേ പറയൂ, ഇന്നതു മാത്രമേ ചിന്തിക്കൂ, എന്നൊന്നും ആർക്കും എഴുതി ഒപ്പിട്ടു കൊടുത്തിട്ടുമില്ല. അങ്ങനെയിരിക്കെ ശബരിമല വിഷയത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ രണ്ട് വരി പോസ്റ്റിട്ടതിന്റെ പേരിൽ അധിക്ഷേപങ്ങളുടെ നാമജപ ഘോഷയാത്രയാണ് ഇൻബോക്‌സിലും അഭിപ്രായങ്ങളുടെ കോളങ്ങളിലും നിറഞ്ഞത്. മുൻവിധികളോട് തർക്കിച്ചു തെളിയിക്കേണ്ടത് അനിവാര്യമല്ല എന്നു ഉത്തമബോധ്യമുള്ളതു കൊണ്ടും ചില സത്യങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടും ആ പോസ്റ്റ് പെട്ടെന്ന് തന്നെ പിൻവലിക്കുകയാണുണ്ടായത്.

\”സംഘി\” എന്ന രാഷ്ട്രീയ അധിക്ഷേപ സംബോധന എത്ര പെട്ടെന്നാണ് ഒരു കൂട്ടം ആളുകൾ അത്രമേൽ അധിക്ഷേപത്തോടെ അടിച്ചേൽപിക്കുന്നതെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ ദിവസമായിരുന്നു ഇന്നലത്തേത്. ശബരിമല ഒരു രാഷ്ട്രീയ പ്രശ്‌നം മാത്രമായി നിലനിൽക്കുന്നു എന്ന തോന്നലിൽനിന്നാണ് ഒന്നു കൂടി വിശദീകരിച്ചേക്കാമെന്നു വെച്ചത്.

\"\"

മുൻപെങ്ങുമില്ലാത്ത വിധമുള്ള ഒരു പ്രവണതയായി കണ്ടു വരുന്നതെന്താണെന്നു വെച്ചാൽ ക്ഷേത്രദർശനം, ചന്ദനക്കുറി, സിന്ദൂരം ഇതൊക്കെ സംഘി ലക്ഷണങ്ങളുടെ മുദ്രയായി മാറിയിരിക്കുന്ന ഒരലിഖിത അജണ്ട ആരോ കുറിച്ചുവെച്ചിരിക്കുന്നു എന്നതാണ്. ഒരു പത്തു വർഷത്തിന് പിന്നിലേക്കു പോയാൽ എല്ലാ തരം രാഷ്ട്രീയ കക്ഷികളിലുംപെട്ട ആളുകൾ ക്ഷേത്രം, ചന്ദനം, സിന്ദൂരം എന്നിവയൊക്കെ സാധാരണ മനുഷ്യൻ/ഭക്തൻ എന്നീ നിലകളിൽ സ്വന്തമായി കൊണ്ടു നടന്നിരുന്നു. അക്കാലത്തൊന്നും അതൊരു രാഷ്ട്രീയ അധിക്ഷേപത്തിനിടയാക്കുമെന്ന ഭീതിയിൽ ഗുപ്തമാക്കേണ്ടി വരുന്ന സ്വയംബോധങ്ങളായിരുന്നില്ല.

എന്നാൽ, ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. അവളുടെ കൈയിൽ ഒരു ചരട് കണ്ടില്ലേ, അവനുടുത്തിരിക്കുന്ന കാവിമുണ്ട് കണ്ടില്ലേ…ഉറപ്പാണ് സംഘിയാണ്… എന്നൊക്കെ പെട്ടെന്നു തന്നെ തീർപ്പിലെത്തുന്ന വിധത്തിലേക്കു കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുന്നു. ഈ പറഞ്ഞ മുദ്രകളോ ജീവിതചര്യകളോ സംഘിയുടെ ലക്ഷണങ്ങളാണെങ്കിൽ ഇപ്പോൾ ശബരിമലയിലേക്ക് വനിതകളെ വിപ്ലവകരമായി പ്രവേശിപ്പിക്കുന്നതിനേക്കാൾ അനിവാര്യമായി വേണ്ടത് വിശ്വാസ മൂല്യങ്ങളെ രാഷ്ട്രീയ തടവിൽനിന്നും മോചിപ്പിക്കുക എന്നതല്ലേ, അതിനൊപ്പം വനിതകൾ മല ചവിട്ടുന്നതല്ലേ ചരിത്രത്തിൽ ഹീറോയിസം എന്നടയാളപ്പെടുത്തേണ്ടത്.

\"\"

സംഘി എന്ന് ഒരു കൂട്ടം ഇടതും വലതും നിന്നു വിരൽചൂണ്ടി ആക്രോശിച്ചപ്പോൾ അപമാനഭാരത്താൽ തലകുനിഞ്ഞുപോകുകയോ ഭയം കൊണ്ട് ഹൃദയമൊരിടവേളയിൽ നിന്നു പോകുകയോ ചെയ്തിട്ടൊന്നുമല്ല ഇത്രയും പറഞ്ഞത്. ഇപ്പോൾ ഒരു \”രാഷ്ട്രീയ തടവുകാരൻ ആയിരിക്കുന്ന അയ്യപ്പനെന്ന വിശ്വാസത്തെ\” ഉള്ളിലോർത്ത് ശരണം വിളിച്ചാൽ സംഘിയായി പോകുന്ന ദുരിതാവസ്ഥയിൽ അസ്വസ്ഥതയുള്ളത് കൊണ്ടു മാത്രമാണ്.

സ്‌നേഹത്തോടെ പറയട്ടെ, \”എന്നെ ഞാൻ എങ്ങനെ അടയാളപ്പെടുത്തണം എന്നുള്ളത്\” അപരന്റെ ബുദ്ധിയിൽ ഉദിക്കുകയോ അതോർത്ത് അവർ വിയർക്കുകയോ ചെയ്യേണ്ട കാര്യമല്ല. ഞാൻ എന്താണ് എന്നെനിക്കുറപ്പുള്ളിടത്തോളം കാലം ഇടറാത്ത സ്വരത്തിൽ ഇങ്ങനെയൊക്കെ തന്നെ പറഞ്ഞു കൊണ്ടിരിക്കും.

വനിത വിനോദ്, ദുബായ്‌

Avatar

Staff Reporter