ഇന്ന് കേരളത്തിലെ ഓരോ പ്രവാസിയുടെ ഭാര്യയുടെയും പ്രതിനിധിയാണ് ആതിര. ഒരു വർഷത്തെ കാത്തിരിപ്പിരിപ്പിൽ അക്കരെക്കണ്ട കിനാക്കളെ ഒരു പെട്ടി നിറയെ കുത്തി നിറച് ഓരോ പ്രവാസിയും തന്റെ കുടുംബത്തിലേക്ക് തിരിച്ചു വരുമ്പോൾ, ഒരായുസിന്റെ മോഹങ്ങളാണ് എണ്ണിയവസാനിക്കുന്ന ദിനങ്ങളിൽ എല്ലാ രാത്രിയിയിലും അവന്റെ നെഞ്ചിൽ തല വെച്ച് അവൾ കരഞ്ഞു തീർക്കുന്നത്.

മറുതലക്കലെ ഫോൺ കോളുകളിൽ, വീഡിയോ ചാറ്റിങ്ങുകളിൽ മാത്രമായി ജീവിതം ഒതുക്കി പോകുന്ന ഒന്നാണ് പ്രവാസിയുടെ ഭാര്യ. ഇന്ന് കൊറോണയെന്ന മഹാമാരി ലോകത്തെ മുഴുവൻ ഭയത്തിലാഴ്ത്തുമ്പോൾ അക്കരെക്ക് നിറകണ്ണുകളോടെ യാത്രയാക്കിയ തന്റെ പാതിയെ ഇനി ഒരിക്കൽ കൂടി ജീവനോടെ കാണാൻ കഴിയുമോ എന്ന ആകുലത തന്നെയാണ് ഞാനടക്കമുള്ള ഓരോ പ്രവാസിയുടെ ഭാര്യക്കും. അതൊരു സത്യമാണ്. ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും ഗൾഫ് രാജ്യങ്ങളിൽ അവസാനിച്ചു പോകുന്ന ഓരോ ജീവനും ഒരു പാട് വാഗ്ദാനങ്ങൾ.

ഒരായിരം സ്വപ്നങ്ങൾ ഓരോ വരവിലും പറഞ്ഞു വെച്ചിട്ടായിരിക്കും തിരിച്ച് പോകുന്നത്. വിവാഹത്തിന്റെ മധുരങ്ങൾ പങ്കുവെച്ചു തീരും മുൻപേ അവനെ യാത്രയാക്കേണ്ടി വരുമ്പോൾ. അപരിചിതമായ നാലു ചുവരുകൾക്കു ചുറ്റിലും പലപ്പോഴും അവൾക്ക് ശ്വാസം മുട്ടാറുണ്ട്. രാത്രിയിലെ ഫോൺ കോളുകൾക്കൊടുവിൽ വെളുക്കുവോളം തലയിണയിൽ മുഖമർത്തി കരഞ്ഞു തളർന്നിട്ടുണ്ട്.
വയറ്റിൽ വളരുന്ന ജീവന്റെ തുടുപ്പുകൾ വാക്കുകളിലൂടെ മാത്രം പറയുകയും കേൾക്കുകയും ചെയ്യുന്ന ഒരു ജീവിതം ഒരിക്കലും നിങ്ങളെ പോലുള്ളവർക്ക് ചിന്തിക്കാൻ കഴിയില്ല. ലേബർ റൂമിന്റെ പുറത്ത് ലോകത്താരു കണ്ടാലും തന്റെ ഭർത്താവ് മാത്രം തന്റെ കുഞ്ഞിനെ കാണാനുണ്ടാവില്ല എന്ന് തിരിച്ചറിയുന്നത് പ്രവാസിയുടെ ഭാര്യയല്ലാതെ വേറെ ആരാണ്.

അത്തരത്തിൽ പല പല ഘട്ടങ്ങളിലൂടെയാണ് ഞങ്ങൾ ഓരോരുത്തരും കടന്നുവന്നിട്ടുള്ളത്. ആ കണ്ണീരിന്റെ കരുത്തുണ്ടാകും ഏത് നഷ്ടത്തിലും തല ഉയർത്തിപ്പിടിച്ച് ജീവിക്കാൻ. പക്ഷെ പലപ്പോഴും തളർന്നു പോകാറുണ്ട് വിവാഹ വാർഷികത്തിൽ 10 ഉം 20 ഉം വർഷങ്ങൾ തികഞ്ഞു എന്ന് പറയുമ്പോഴും ഒരു വർഷം പോലും ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത ഈ വിധിയെ ഓർത്ത്. ഇവിടത്തെ നിയമ സംവിധാനങ്ങൾ ദയവുചെയ്ത് മനസിലാക്കണം അന്യനാട്ടിൽ കിടന്ന് അവസാനിക്കേണ്ടവരല്ല പ്രവാസികൾ. അവർക്കൊപ്പം ജീവിക്കാൻ കൊതിക്കുന്ന ദിവസങ്ങൾ എണ്ണി കഴിയുന്ന ഭാര്യയും മക്കളുമുണ്ട് നാട്ടിലെന്ന്.
വാണി പ്രയാഗ്