മലയാളം ഇ മാഗസിൻ.കോം

അടുക്കള മുതൽ കിടപ്പറവരെ എല്ലാവരെയും തൃപ്തിപ്പെടുത്തണം, ഒടുവിൽ തളർന്നുറങ്ങുമ്പോൾ നാളത്തെ ദിവസം ഇല്ലാതാവാൻ അവൾ കൊതിക്കും

രാവും പകലും തമ്മിലുള്ള അന്തരം അവൾ അറിയാറില്ല. എത്ര നേരത്തെ എണീറ്റാലും ഓഫീസിൽ നേരം വൈകും. എല്ലാം കഴിഞ്ഞ്‌ ഇറങ്ങുമ്പോഴായിരിക്കും അലക്കിയ തുണികൾ എടുത്തിടാൻ മറന്നതോർക്കുന്നത്‌. പിന്നെയും തിരിഞ്ഞ്‌ നടക്കും. പേറിയ ഭാരം വഴിയിൽ ഇറക്കി വക്കരുതെന്നുള്ള കരാറാണ്‌ കഴുത്തിൽ ഉള്ളത്‌. അടുക്കള മുതൽ കിടപ്പറവരെ എല്ലാവരെയും തൃപ്തിപ്പെടുത്തണം. ഓരോ രാത്രിയിലും അസഹ്യമായ നടു വേദയിൽ തളർന്നുറങ്ങുമ്പോൾ നാളത്തെ ദിവസം ഇല്ലാതാവാൻ കൊതിക്കും.

രാവിലെ എണീറ്റ്‌ വന്ന്‌ ചായ കിട്ടാതെ അയാൾ അസ്വസ്ഥനായി. അവളെ കാണാത്തതായിരുന്നില്ല അയാളുടെ പ്രശ്നം ചായ കിട്ടിയിട്ട്‌ വേണം ഫേസ്ബുക്കിലെ ഇന്നലത്തെ പോസ്റ്റിന്റെ റീച്ച്‌ അറിയാൻ. രാവിലെ അവൾ എണീറ്റ്‌ പോയതാണ്‌ അടുക്കളയിൽ വീണുടഞ്ഞ ഗ്ലാസിന്റെ കണക്ക്‌ പറഞ്ഞത്‌ ഓർമ്മയുണ്ട്‌. മക്കളെയും എണീപ്പിച്ചിട്ടില്ല. സ്വയം ചായയിട്ടതു കൊണ്ട്‌ കുടിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്‌ … എന്നാലും ഇരുന്നു. മണി എട്ടായിട്ടും അവൾ വരുന്നത്‌ കാണുന്നില്ല. ഇതെവിടെ പോയി രാവിലെ തന്നെ. പിള്ളേരെ ചീത്ത പറഞ്ഞ്‌ എണീപ്പിച്ച്‌ ബാത്ത്‌റൂമിന്റെ വാതിൽ തുറന്നതും തല കറങ്ങി ഫ്ലോറ്‌ നിറയെ രക്തം. അതിൽ അവൾ. വിളിച്ചിട്ട്‌ എണീക്കുന്നില്ല. എപ്പഴാണ്‌ വീണതെന്ന്‌ അറിയില്ല.

വണ്ടിയെടുത്ത്‌ ഹോസ്പിറ്റലിൽ എത്തി. ഡോക്ടറുടെ മൗനത്തിൽ കാര്യങ്ങൾ അയാൾക്ക്‌ വ്യക്തമായി. ഏതോ സിസ്റ്റർ നടക്കുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു. എല്ലാ സ്ത്രീകളുടെയും കുഴപ്പം ഇതാ. കാലം കൊറേ ആയി കൊണ്ട്‌ നടക്കുന്നുണ്ടാവും നടുവേദനയും ബ്ലീഡിംഗും. അതിനാരോട്‌ പറയാനാ എല്ലാം കണക്കാ. പണിയെടുക്കാൻ മാത്രമുള്ളതല്ലേ പെണ്ണുങ്ങള്‌. തളരുമ്പോൾ എന്താന്ന്‌ വിളിച്ച്‌ ചോദിക്കാൻ പോലും ആരും കാണില്ല. ആ വാക്കുകളിൽ മറ്റൊരു പെണ്ണിന്റെ യാത്ര വ്യക്തമായിരുന്നു. വഴിയിൽ എപ്പഴോ വീണു പോകാതിരിക്കാനുള്ള ശ്രമത്തിനിടയിൽ നടത്തത്തിലെ വേഗത കുറയുന്നത്‌ ദൂരെ നിന്നും അയാൾ നോക്കി നിന്നു.

വാണി പ്രയാഗ്‌

Staff Reporter