മലയാളം ഇ മാഗസിൻ.കോം

പുറം ലോകത്തോട്‌ വിളിച്ചു പറയാൻ ധൈര്യമില്ലാത്ത കുറേയേറെ അനുഭവങ്ങൾ മന:പൂർവ്വം മറന്നു കളഞ്ഞിട്ടുണ്ട്‌: തുറന്നെഴുതി യുവതി

ഇനിയൊരു ജന്മമുണ്ടെങ്കിൽ ആരായി ജനിക്കണം എന്ന്‌ ചോദിച്ചാൽ 20 വയസിന്‌ താഴെയുള്ള ഏതൊരു പെൺകുട്ടിയുടെയും ആദ്യ മറുപടി ഒരു ആൺകുട്ടിയാവണം എന്നതായിരിക്കും. ജീവിതത്തിൽ, വളർന്നു വരുന്ന കാലഘട്ടങ്ങളിൽ ഒരു പെൺകുട്ടി പല രീതിയിൽ ഒരിക്കലെങ്കിലും അപമാനിക്കപ്പെട്ടിട്ടുണ്ടായിരിക്കും. കളിക്കൂട്ടുകാരിലെ ചേട്ടന്മാരുടെ സ്നേഹത്തിൽ, അയൽ വക്കത്തെ അപ്പൂപ്പന്റെ വാത്സല്യക്കൂടുതലിൽ, മിഠായി കടക്കാരന്റെ തലോടലിൽ, സ്കൂളിലെ അധ്യാപകന്റെ കുശലാന്വേഷണത്തിൽ എന്നു വേണ്ട പലയിടങ്ങളിൽ പലരീതികളിൽ.

പലപ്പോഴും അവളിലെ ഭയം രൂപപ്പെടുന്നത്‌ ഇത്തരം അനുഭവങ്ങളിലൂടെയാണ്‌ എന്ന്‌ ആരോട്‌ പറയാൻ കഴിയും. സ്വന്തം ശരീരത്തെ പലപ്പോഴും അവൾ ഭയപ്പെടാറുണ്ട്‌. പല സ്പർശനങ്ങളും സ്വയം വെറുപ്പുളവാക്കുമ്പോഴും പ്രതികരിക്കാനോ തുറന്നു പറയാനോ കഴിയാതെ മുതിരുമ്പോൾ താൻ അനുഭവിച്ച ദുഷിച്ച നിമിഷങ്ങളോർത്ത്‌ സ്വയം ശപിക്കും.

പാലത്തായിയിൽ സംഭവിച്ചത്‌ ചരിത്രത്തിൽ ആദ്യമല്ല. പല കുഞ്ഞുങ്ങളും ഏറ്റവും അധികം പീഠനങ്ങൾക്ക്‌ ഇരയാവുന്നത്‌ പണ്ടും ഇന്നും സ്കൂളും അവിടേക്കുള്ള യാത്രയിലുമാണ്‌. തിരിച്ചറിയപ്പെടാത്ത പ്രായത്തിൽ അവളുടെ മനസിലേൽക്കുന്ന മുറിവ്‌ എന്നും ആ ജീവിതത്തിൽ മായാതെ നിൽക്കും. പലപ്പോഴും അത്തരം അനുഭവങ്ങളായിരിക്കും ഒരു പെൺകുട്ടിയുടെ വിവാഹ ജീവിതത്തെ പോലും നിയന്ത്രിക്കുന്നത്‌.

ഇന്ന്‌ ചാനലുകൾ കൊട്ടിഘോഷിക്കുന്ന നമ്മളോരോരുത്തരും ഹാഷ്‌ ടാഗുകളുമായി സോഷ്യൽ മീഡിയയിൽ നിറച്ചാഘോഷിക്കുന്ന ചർച്ചയിലെ കുഞ്ഞിന്റെ മുഖത്തിന്‌ പകരം നിങ്ങളുടെ മകളുടെ അല്ലെങ്കിൽ കൊച്ചുമകളുടെ മുഖം കണ്ടിട്ടുണ്ടോ?

ഞാനടക്കമുള്ള സ്ത്രീകൾ ഈ സമൂഹത്തെ ഭയപ്പാടോടെയാണ്‌ നോക്കി കാണുന്നത്‌. സത്യം പറഞ്ഞാൽ ഒരിക്കലും ഒരു പെൺകുട്ടി ജനിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്ന്‌ മാത്രമല്ല. ആൺകുട്ടി ആകണമെന്ന്‌ പ്രാർത്ഥിച്ചിട്ടുമുണ്ട്‌. കാരണം ഇന്നും പുറംലോകത്തോട്‌ പറയാൻ ധൈര്യമില്ലാതെ മനസിൽ കുഴിച്ചുമൂടിയ കുറേയേറെ അനുഭവങ്ങൾ എന്റെ ജീവിതത്തിലും മനപൂർവ്വം ഞാൻ മറന്നു കളഞ്ഞിട്ടുണ്ട്‌.

പത്മരാജന്മാർ ഒന്നല്ല. ഓരോ പെൺകുഞ്ഞിനു ചുറ്റിലും ഒരായിരം പത്മ രാജമ്മാരുണ്ട്‌ . അത്‌ തിരിച്ചറിയണമെങ്കിൽ നാലോ അഞ്ചോ വയസുള്ള ഒരു പെൺകുഞ്ഞിനോട്‌ പത്തു മിനിറ്റ്‌ സംസാരിച്ചാൽ മതിയാകും. പ്രതികരണങ്ങൾ തുടങ്ങേണ്ടത്‌ ഓരോ കുഞ്ഞുങ്ങളുടെയും കണ്ണുകളിൽ നിന്നാണ്‌. അരുതാത്തൊരു സ്പർശം അവൾക്കുണ്ടായാൽ ധൈര്യപൂർവ്വം അത്‌ പറഞ്ഞാൽ വഴക്ക്‌ പറയാതെ കേട്ടിരിക്കാനും അതൊളിച്ചു വെക്കാതെ പറഞ്ഞു മനസിലാക്കാൻ അച്ഛനമ്മമാർ ഒപ്പം തയ്യാറായാലേ ഈ കഴുകൻ കണ്ണുകളിൽ നിന്ന്‌ കാ-മ ഭ്രാന്തന്മാരിൽ നിന്ന്‌ ഒരു കുഞ്ഞിനെങ്കിലും രക്ഷപ്പെടാനാകൂ.

വാണി പ്രയാഗ്‌

Avatar

Staff Reporter