മലയാളം ഇ മാഗസിൻ.കോം

കോവിഡ്‌ നമുക്കൊക്കെ വന്നുപോയിട്ടില്ല എന്നാർക്കറിയാം! ഈ ചിന്തയുള്ളവരാണോ നിങ്ങൾ? എങ്കിൽ മാത്രം അറിയേണ്ട ചില കാര്യങ്ങളിതാ

ഇന്ന്‌ പരക്കെ കാണപ്പെടുന്ന ഒരു മനോഭാവമാണ്‌ “കോവിഡ്‌ വന്നുപോകട്ടെ” എന്നത്‌. കോവിഡ്‌ വൈറസ്‌ ബാധിക്കുന്ന ഭൂരിഭാഗം പേർക്കും ഗൗരവകരമായ അസുഖമൊന്നും ഉണ്ടാകില്ലെന്നും, ബാധിച്ചതായി അറിഞ്ഞെന്നുപോലും വരില്ല എന്നുമൊക്കെ എല്ലാവർക്കും അറിയാം. “നമുക്കൊക്കെ വന്നുപോയിട്ടില്ല എന്നാർക്കറിയാം!” എന്നൊക്കെ ഏതാണ്ട്‌ എല്ലാവരും പറയുന്നത്‌ കേട്ടിട്ടുണ്ട്‌. മരണനിരക്ക്‌ ഒന്നോ രണ്ടോ ശതമാനമേ ഉള്ളൂ എന്ന അറിവും വ്യാപകമാണ്‌.

എല്ലാം വസ്തുതകൾ തന്നെ. പക്ഷേ വസ്തുതകൾ അറിയുന്നതും, അതിൽ നിന്ന്‌ നാം എന്ത്‌ പാഠം ഉൾക്കൊള്ളുന്നു എന്നതും വേറെ കാര്യങ്ങളാണ്‌. ശതമാനക്കണക്കിന്റെ കാര്യം തന്നെ എടുക്കാം. ഒരു ശതമാനമെന്ന്‌ കേട്ട്‌ “നിസ്സാരമായ മരണനിരക്ക്‌!” എന്ന്‌ ആത്മഗതം ചെയ്യുമ്പോൾ ജീവിക്കുന്ന നാട്ടിലെ ജനസംഖ്യയും അതിന്റെ ഒരു ശതമാനവും എത്രവരും എന്ന്‌ കൂടി മനസ്സിൽ വരേണ്ടതുണ്ട്‌. കേരളത്തിലെ മൂന്നരക്കോടിയുടെ ഒരു ശതമാനം മൂന്നര ലക്ഷമാണ്‌! ഈ മൂന്നര ലക്ഷത്തിൽ താൻ പെടില്ല എന്ന ഗ്യാരന്റി നൽകുന്ന എന്തെങ്കിലും കൈയിലുണ്ടോ എന്നതും ചിന്ത്യമാണ്‌.

മറ്റെന്തെങ്കിലും മെഡിക്കൽ കണ്ടീഷൻ ഉള്ളവരാണ്‌ മരിക്കുന്നത്‌ എന്ന ആശ്വാസമാണ്‌ വേറൊരു ട്രെൻഡ്‌. നമ്മുടെ നാട്ടിൽ, നിന്ന നിൽപ്പിൽ ഹാർട്ട്‌ അറ്റാക്ക്‌ വന്ന്‌ മരിക്കുന്നവർ ഉണ്ട്‌. അവരൊന്നും ഒരു ദിവസം കൊണ്ട്‌ ഹൃദ്രോഗികൾ ആവുന്നതല്ല. പനി വരുമ്പോഴാണ്‌ ടെസ്റ്റ്‌ ചെയ്യുന്നത്‌, അപ്പോൾ മാത്രമാണ്‌ ഇപ്പറഞ്ഞ മെഡിക്കൽ കണ്ടീഷൻ ഉണ്ടെന്ന്‌ തിരിച്ചറിയുന്നത്‌. അതുവരെ ഞാനും നിങ്ങളുമൊക്കെ മിക്കവാറും സ്വയം കരുതുന്നത്‌ പക്കാ പെർഫക്റ്റ്‌ ആരോഗ്യവുമായാണ്‌ നടക്കുന്നത്‌ എന്നാകും!

ഇപ്പറഞ്ഞ ലാഘവബുദ്ധിയ്ക്ക്‌ പുറമേയാണ്‌, ഒരു വർഷത്തോളമായി നടക്കുന്ന ഈ പുകിലിനെ സംബന്ധിച്ച്‌ വന്ന ഒരു മടുപ്പ്‌. കുറേയായല്ലോ എന്നതുകൊണ്ട്‌ തന്നെ മിക്കവരും രോഗികളുടെ എണ്ണവും മരണങ്ങളുടെ എണ്ണവും വരെ ശ്രദ്ധിക്കാതായിട്ടുണ്ട്‌. അത്‌ മനുഷ്യസഹജമാണ്‌ താനും. പക്ഷേ അക്കൂട്ടത്തിൽ ശ്രദ്ധിക്കേണ്ട ഒരു അതിപ്രധാന വസ്തുതയുണ്ട്‌.

ഡേറ്റയിൽ നിന്നാണ്‌ ശാസ്ത്രലോകം നിഗമനങ്ങളിൽ എത്തുന്നത്‌. ഈ രോഗത്തെ സംബന്ധിച്ച നമ്മുടെ ഏറ്റവും പഴയ ഡേറ്റ പോലും ഒരു വർഷം മാത്രം പഴയതാണ്‌. അഥവാ, നമ്മൾ ഈ രോഗത്തെപ്പറ്റി ഇപ്പഴും അറിഞ്ഞുകൊണ്ടിരിക്കുന്നേ ഉള്ളൂ. വെറും ജലദോഷപ്പനി പോലെ എന്ന മട്ടിൽ ആദ്യം തോന്നിച്ച ഈ രോഗം ഇന്ന്‌ ഗൗരവകരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. മടുപ്പ്‌ കാരണം വാർത്തകളോട്‌ വരുന്ന അവഗണനയിൽ ഇതും അങ്ങ്‌ മുങ്ങിപ്പോകുന്നുണ്ട്‌.

ഒരാഴ്ച കൊണ്ട്‌ ഭേദമാകുന്ന നിസ്സാരരോഗം എന്നതല്ല ഇന്ന്‌ കോവിഡിന്റെ ഇമേജ്‌. ഒരുപാട്‌ പേരിൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ അതുണ്ടാക്കുന്നുണ്ട്‌. കടുത്ത ക്ഷീണം, ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്‌, ശരീരവേദന, ഗന്ധവും രുചിയും ഇല്ലായ്മ, എന്നിങ്ങനെ പല പ്രശ്നങ്ങളുണ്ട്‌ അക്കൂട്ടത്തിൽ. അതും ചെറുപ്പക്കാരിലും, മറ്റ്‌ മെഡിക്കൽ കണ്ടീഷൻ ഒന്നും ഇല്ലാത്തവരിലും വരെ. പോരാത്തതിന്‌ ഹൃദയത്തിലെ പേശികളെയും വൃക്കകളേയും തലച്ചോറിനേയും വരെ വൈറസ്‌ തകരാറിലാക്കുന്നതായി പഠനങ്ങളുണ്ട്‌. ചുരുക്കത്തിൽ നമുക്കീ രോഗത്തെ ഇനിയും ശരിയ്ക്കറിയില്ല.

അതുകൊണ്ട്‌ തന്നെ, ഇപ്പോഴും കോവിഡ്‌ ഒരു രീതിയിലും വരാതെ നോക്കുക എന്നത്‌ തന്നെയാണ്‌ വിദഗ്ദ്ധർ നൽകുന്ന ഉപദേശം. “വന്നിട്ട്‌ പോകട്ടെ” എന്ന മനോഭാവം, വന്നിട്ട്‌ പോകുമ്പോൾ കൂടെ പോകാൻ തയ്യാറുള്ളവർക്ക്‌ മാത്രമേ ചേരൂ.

കടപ്പാട്‌: വൈശാഖൻ തമ്പി

Avatar

Staff Reporter