മലയാളം ഇ മാഗസിൻ.കോം

ആ ഒരു കാരണത്തിന്റെ പേരിൽ അതി ദാരുണമായി ഗർഭപാത്രം നീക്കാൻ വിധിക്കപ്പെട്ട പെണ്ണുങ്ങൾ, വിദേശത്തല്ല നമ്മുടെ നാട്ടിൽ തന്നെ

ആര്‍ത്തവത്തിന്റെ പേരില്‍ പലയിടങ്ങളില്‍ നിന്നും ആട്ടി അകറ്റപ്പെട്ടവരാണ് സ്ത്രീകള്‍. എന്നാല്‍ പലരും ഇതിനെ ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയതോടെ ഇതിന് ഒരു പരിധി വരെ അറുതി വന്നിട്ടുണ്ട്. വിലക്കപ്പെട്ട പലയിടങ്ങളും പോരാട്ടങ്ങളിലൂടെ തന്നെ സ്ത്രീകള്‍ പിടിച്ചെടുത്തു.

എന്നാല്‍ ചിലയിടങ്ങളില്‍ കാര്യങ്ങള്‍ ഇന്നും വ്യത്യസ്തമല്ലെന്ന സൂചനയാണ് അടുത്തിടെ പുറത്ത് വന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള, നിരക്ഷരരായ സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുന്ന ചില തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായ വാര്‍ത്തയാണവ.

ഇതില്‍ ആദ്യത്തേത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഇവിടെ ആയിരക്കണക്കിന് സ്ത്രികള്‍ തങ്ങളുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണത്. ഇതിന് പിന്നിലെ കാരണമാണ് നമ്മെ ഞെട്ടിപ്പിക്കുന്നത്. കരിമ്പിന്‍ തോട്ടങ്ങളിലെ തങ്ങളുടെ ജോലിക്ക് തടസമുണ്ടാകാതിരിക്കാനാണ് ഇവര്‍ തങ്ങളുടെ ആരോഗ്യമുള്ള ഗര്‍ഭപാത്രങ്ങള്‍ നീക്കം ചെയ്തത്.

\"\"

വര്‍ഷം തോറും ബീഡ്, ഒസ്മാനാബാദ്, സാങ്‌ലി, സോളാപ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്ന് കരിമ്പിന്‍ തോട്ടങ്ങള്‍ക്ക് പ്രശസ്തമായ പശ്ചിമ ജില്ലകളിലേക്ക് കുടിയേറാറുണ്ട്. ഇവിടുത്തെ കരിമ്പിന്‍ തോട്ടങ്ങളില്‍ ആറ് മാസം കരിമ്പ് വെട്ടാന്‍ വേണ്ടിയാണ് ഇവര്‍ എത്തുന്നത്. ഈ അവസരത്തിലാണ് അത്യാഗ്രഹികളായ ചില കരാറുകാര്‍ ഇവരെ ചൂഷണം ചെയ്യുന്നത്.

നേരത്തെ ഇവര്‍ സ്ത്രീകളെ കരിമ്പിന്‍ തോട്ടങ്ങളിലേക്ക് ജോലിക്ക് സ്ത്രീകളെ എടുത്തിരുന്നില്ല. ഇത് ഏറെ ബുദ്ധിമുട്ടുള്ള ജോലി ആയതിനാലും ആര്‍ത്തവകാലത്ത് ഇവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയുമായിരുന്നു ഈ വിവേചനം. ഒരു ദിവസം ജോലിക്കെത്തിയില്ലെങ്കില്‍ ഇവരില്‍ നിന്ന് പിഴയും ഈടാക്കിയിരുന്നു.

ഇവരുടെ ജീവിത സാഹചര്യങ്ങളും ഏറെ പരിതാപകരമായിരുന്നു. കരിമ്പിന്‍ പാടങ്ങളോട് ചേര്‍ന്നുള്ള കുടിലുകളിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഇവിടെ ശൗചാലയങ്ങളും ഉണ്ടായിരുന്നില്ല. പലപ്പോഴും കരിമ്പ് മുറിയ്ക്കല്‍ രാത്രി വരെ തുടര്‍ന്നിരുന്നു. അത് കൊണ്ട് തന്നെ ഉറങ്ങാനും ഉണരാനും കൃത്യമായ സമയവും ഉണ്ടായിരുന്നില്ല. ഇതിനിടെ മാസമുറ കൂടി വരുന്നത് ഇവര്‍ക്ക് ഏറെ ബുദ്ധിമുട്ടും ഉണ്ടാക്കി.

വൃത്തിയില്ലാത്ത സാഹചര്യങ്ങള്‍ പലപ്പോഴും ഇവര്‍ക്ക് പല അസുഖങ്ങളും സമ്മാനിച്ചു. ഇതോടെയാണ് ഇവരുടെ ഗര്‍ഭപാത്രം എടുത്ത് മാറ്റാന്‍ ചില ഡോക്ടര്‍മാര്‍ തന്നെ ഇവരെ ഉപദേശിച്ച് തുടങ്ങിയത്. പലപ്പോഴും മരുന്ന് കൊണ്ട് മാറാവുന്ന ചെറിയ അസുഖവുമായി എത്തുന്നവരെ പോലും ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു.

ഈ മേഖലയിലെ മിക്ക സ്ത്രീകളും വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്നവരുമാണ്. ഇരുപതുകളുടെ മധ്യത്തോട് കൂടി തന്നെ ഇവരില്‍ പലരും രണ്ടോ മൂന്നോ കുട്ടികളുടെ അമ്മമാരുമാകുന്നു. അത് കൊണ്ട് തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്താലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഡോക്ടര്‍മാര്‍ ഇവരോട് പറയാറുമില്ല. അത് കൊണ്ട് തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് കുഴപ്പമില്ലെന്ന് ഇവര്‍ കരുതുന്നു. ഇത് പ്രദേശത്തെ മിക്ക ഗ്രാമങ്ങളെയും ഗര്‍ഭപാത്രമില്ലാത്തവരുടെ ഗ്രാമങ്ങളാക്കി മാറ്റിയിരിക്കുന്നു.

കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ ബീഡ് ജില്ലയില്‍ മാത്രം 4,605 ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടന്നതായി ഈ വിഷയം കഴിഞ്ഞ മാസം നിയമസഭയില്‍ ഉന്നയിച്ച നീലം ഗോര്‍ഹെ എന്ന എംഎല്‍എയോട് ആരോഗ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വ്യക്തമാക്കി. എന്നാല്‍ ഇവരെല്ലാം കരിമ്പിന്‍തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരല്ലെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം പരിശോധിക്കാന്‍ ഒരു സമിതിയെ നിയമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഡ് ജില്ലയിലെ വാന്‍ജര്‍വാഡി ഗ്രാമത്തിലെ എണ്‍പത് ശതമാനം സ്ത്രീകളും ഗര്‍ഭപാത്രം നീക്കം ചെയ്തവരാണെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ പ്രജാകത ധുലാപ് വ്യക്തമാക്കുന്നു. ഇവരില്‍ പകുതിയും നാല്‍പ്പത് വയസില്‍ താഴെയുള്ളവരുമാണ്. ഇവരില്‍ ഏറെയും ഇപ്പോഴും മുപ്പത് വയസില്‍ താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

\"\"

ഗര്‍ഭപാത്രം നീക്കം ചെയ്ത ശേഷം ഇവരില്‍ പലരും പല വിധ ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും സ്ഥിരമായി നടുവേദന തന്നെ സമ്മാനിച്ചു ഈ ശസ്ത്രക്രിയ. കഴുത്ത്, മുട്ട് വേദനക്കാരും കുറവല്ല. പലരും രാവിലെ ഉണരുന്നത് നീരുവച്ച മുഖവും കൈകാലുകളുമായാണ്. ഇവരില്‍ പലര്‍ക്കും ഇപ്പോള്‍ ജോലി ചെയ്യാനും ബുദ്ധിമുട്ടുണ്ട്. എന്തിന് അല്‍പ്പദൂരം നടക്കാന്‍ പോലും പലരും ഏറെ പണിപ്പെടുന്നു.

രണ്ടാമത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത തമിഴ്‌നാട്ടില്‍നിന്നുമാണ്. ഇവിടെ വസ്ത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണ് ഈ പ്രശ്‌നം നേരിടുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം നഷ്ടമാകുന്നില്ല മറിച്ച് ആര്‍ത്തവ വേദനയെക്കുറിച്ച് പറയുന്ന സ്ത്രീകള്‍ക്ക് അവധി നല്‍കുന്നതിന് പകരം പേര് പോലുമില്ലാത്ത ഗുളികകള്‍ നല്‍കുന്നു. ഈ ഗുളികകള്‍ ഡോക്ടര്‍മാരല്ല നല്‍കുന്നതെന്ന് ഈ സ്ത്രീകള്‍ വ്യക്തമാക്കുന്നു. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള ഈ സ്ത്രീകള്‍ക്ക് ഒരുദിവസത്തെ കൂലി നഷ്ടമാകുന്നത് ചിന്തിക്കാനാകില്ല. അത് കൊണ്ട് തന്നെ പലരും വഴിയോരക്കച്ചവടക്കാരില്‍ നിന്നും ഇത്തരം ഗുളികകള്‍ വാങ്ങിക്കഴിക്കാറുമുണ്ട്.

ഈ ഗുളികകളുടെ സ്ഥിരമായ ഉപയോഗം മൂലം ഇവരില്‍ പലര്‍ക്കും ആരോഗ്യം ക്ഷയിച്ച് തുടങ്ങിയിട്ടുണ്ട്. ഈ ഗുളികകളുടെ ഉപയോഗം മൂലം പലര്‍ക്കും ഉത്കണ്ഠ, മൂത്രാശയ രോഗങ്ങള്‍, ഗര്‍ഭാശയ മുഴകള്‍, എന്തിന് ഗര്‍ഭച്ഛിദ്രം പോലും ഉണ്ടാകുന്നതായും ഇവര്‍ വ്യക്തമാക്കുന്നു.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടപടിയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഏറെ സങ്കടകരമാണെന്ന് ദേശീയ വനിതാ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇവ തടയാന്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വസ്ത്ര നിര്‍മാണ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തുടങ്ങി.

ലിംഗാനുകൂല നടപടികളിലൂടെ ലോകരാജ്യങ്ങള്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നമ്മുടെ രാജ്യത്ത് നിന്ന് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ സ്ത്രീ തൊഴിലാളികളുടെ എണ്ണം 2005-06ലെ 36ശതമാനത്തില്‍ നിന്ന് 25.8ശതമാനമായി 2015-16ല്‍ കുറഞ്ഞു. ഇതിന്റെ കാരണം മനസിലാക്കാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല.

ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് ഒരു ദിവസം ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും ചില സ്വകാര്യ കമ്പനികള്‍ ഇത് നല്‍കിത്തുടങ്ങിയിട്ടുണ്ട്.

\"\"

ബിഹാര്‍ സര്‍ക്കാര്‍ 1992 മുതല്‍ തന്നെ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ട് അധിക അവധികള്‍ അനുവദിച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ സ്ത്രീകള്‍ക്ക് സുഖകരമായി ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നു.

മാസത്തില്‍ രണ്ട് ദിവസം സ്ത്രീകള്‍ക്ക് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ബില്‍ ഒരു വനിതാ എംപി പാര്‍ലമെന്റില്‍ കഴിഞ്ഞ കൊല്ലം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു നയം നടപ്പാക്കുന്നതില്‍ ഇന്ത്യ പോലൊരു രാജ്യത്ത് ഏറെ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ സംഘടിത മേഖലയില്‍ ഇത്തരം പരിഷ്‌കാരം ആദ്യം നടപ്പാക്കിയ ശേഷം അത് അസംഘടിത മേഖലയിലേക്ക് കൂടി വ്യാപിക്കുന്നതാകും ഉചിതമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനും.

ആര്‍ത്തവ അനുകൂല ബില്‍ നിയമമായാല്‍ നമ്മുടെ നാട്ടിലെ വനിതാ ജീവനക്കാര്‍ക്ക് ഏറെ പ്രയോജപ്രദമാകും. എന്നാല്‍ ഇവ അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് തന്നെ കാണണം. മഹാരാഷ്ട്രയിലെ കരിമ്പിന്‍ തോട്ടങ്ങളിലെ ദയയില്ലാത്ത കരാറുകാരുടെ കയ്യിലെ സ്ത്രീ തൊഴിലാളികളുടെ ജീവിതത്തില്‍ ഇതൊന്നും തെല്ലും മാറ്റം വരുത്താനിടയില്ല.

വി മായാദേവി, ജനയുഗം

Staff Reporter