മലയാളം ഇ മാഗസിൻ.കോം

പല്ലിടയിൽ കുടുങ്ങിയ ഭക്ഷണ അവശിഷ്ടങ്ങൾ ക്ലീൻ ചെയ്യാൻ ടൂത്ത്‌ പിക്ക്‌ ഉപയോഗിക്കുന്നവർക്ക്‌ ഇതാ മുന്നറിയിപ്പ്‌

പല്ലുകൾക്കിടയിലെ ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി നീക്കം ചെയ്യുന്നവർ നന്നേ കുറവാണ്‌. സേഫ്റ്റി പിൻ, തീപ്പെട്ടിക്കൊള്ളി, ടൂത്ത്‌ പിക്ക്‌, തുടങ്ങിയവയാണ്‌ പലരുടെയും ഇതിനുള്ള ഉപാധി. ഈയടുത്തു കണ്ട ഒരു രോഗി വിസിറ്റിംഗ്‌ കാർഡ്‌ മുറിച്ചു ഇടയിൽ തിരുകുകയാണ്‌ എന്ന പുതിയ ഒരു ഉപാധി കൂടി വെളിവാക്കി തന്നു. പലർക്കും ഇതിന്റെ ദൂഷ്യവശങ്ങൾ അറിയില്ലെന്നതാണ്‌ വാസ്തവം.

വളരെ മൃദുവായ ഇന്റർ ദന്തൽ പാപ്പില്ല എന്ന പല്ലുകൾക്കിടയിലെ മോണയുടെ ഭാഗത്തിന്‌ ഇത്‌ കൂടുതൽ ക്ഷതമേൽപ്പിക്കുന്നു. ഈ പ്രശ്നത്തിലേയ്ക്ക്‌ നമുക്കൊന്ന്‌ കണ്ണോടിക്കാം. പല രോഗികളും സ്ഥിരമായി പറയുന്ന പ്രശ്നങ്ങളിലൊന്നാണ്‌ ഈ പല്ലുകൾക്കിടയിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കുടുങ്ങുന്ന അവസ്ഥ അഥവാ food impaction. ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നങ്ങളിലൊന്നായ ഇതിന്റെ കാരണങ്ങളുടെ അടിസ്ഥാനത്തിൽ ഇവയെ അഞ്ചായി തരംതിരിക്കാം

1 പ്രതലത്തിലുളള തേയ്മാനം കാരണം
2 സമീപത്തുള്ള പല്ലുകളുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്‌ കാരണം
3 അഭിമുഖമായ പല്ലുകൾ നേരത്തെ നഷ്ടപ്പെട്ട ഭാഗത്ത്‌ യഥാസമയം വയ്പുപല്ലുകൾ വയ്ക്കാത്തവരിൽ പല്ലുകൾ കീഴ്പ്പോട്ടിറങ്ങി വരുന്നതു കാരണം
4 പല്ലുകളിൽ ജന്മനാ തന്നെയുള്ള അപാകതകൾ കാരണം
5 പല്ലുകളിൽ കേട്‌ വന്ന ഭാഗം അടച്ചതിലും ക്യാപ്പ്‌ ഇട്ടതിലും വന്നിട്ടുള്ള ചില അപാകതകൾ കാരണം

ലക്ഷണങ്ങൾ
1 മോണയിൽ നിന്നും രക്തസ്രാവം.
2 പല്ലുകൾക്കിടയിൽ ഭക്ഷണം കയറുമ്പോൾ അസഹ്യമായ വേദന.
3 ചെറിയ തോതിൽ വായ്നാറ്റം വന്നു തുടങ്ങുക
4 എന്തെങ്കിലും ഒരു വസ്തു പല്ലുകൾക്കിടയിൽ ഇടാൻ തോന്നുക.
5 മോണയിൽ നീർവീക്കം
6 മോണയിൽ ഇടയ്ക്കിടെ പഴുപ്പ്‌ വരുക.

തടയാനുള്ള മാർഗങ്ങൾ
ശരിയായ ദന്ത ശുചിത്വം – രണ്ടു നേരം ശരിയായ രീതിയിൽ ബ്രഷിംഗ്‌ (മേൽത്താടിയിൽ മുകളിൽ നിന്നും താഴേയ്ക്ക്‌ ഒരു കോൺ കൊടുത്ത്‌ കൊണ്ട്‌ മൂന്നു പല്ലുകൾ വീതം ചെയ്ത്‌ പൂർത്തീകരിക്കുക, കീഴ്ത്താടിയിൽ ഇതേ രീതിയിൽ താഴെ നിന്ന്‌ മുകളിലേയ്ക്ക്‌ ബ്രഷ്‌ ചെയ്യുക. മീഡിയം ഫ്ലെക്സിബിൾ പിടിയുള്ള ടൂത്ത്‌ ബ്രഷും ക്രീം രൂപത്തിലുള്ള പേസ്റ്റും ഉപയോഗിക്കണം) ഒരു നേരം ഫ്ലോസിംഗ്‌ (അതിനായി ദന്തൽ ഫ്ലോസ്‌ എന്ന പ്രത്യേകതരം നൂലുകൾ ഉപയോഗിക്കാം) അല്ലെങ്കിൽ പല്ലിടശുചീകരണ ബ്രഷുകൾ അഥവാ ഇന്റർദന്തൽ ബ്രഷുകൾ ഉപയോഗിക്കാം.

ചികിത്സാരീതികൾ
1 പല്ല്‌ വൃത്തിയാക്കുക അഥവാ സ്കെയിലിംഗ്‌
2 പല്ലിലെയും കേട്‌ അടച്ച ഭാഗത്തെയും പല്ലിൽ ഇട്ടിരിക്കുന്ന ക്യാപ്പിലെയും അപാകതകൾ പരിഹരിക്കുക.
3 ചില വ്യക്തികളിൽ മുഴച്ച്‌ നിൽക്കുന്ന പ്ലഞ്ചർ കസ്പ്‌ എന്ന പല്ലിന്റെ ഭാഗം ശരിയാക്കുക.
4 മോണയിൽ മരുന്നുകൾ ഉപയോഗിച്ച്‌ ആഴത്തിലുള്ള വൃത്തിയാക്കൽ അഥവാ സബ്‌ ജിഞ്ചൈവൽ സ്കെയിലിംഗ്‌
5 മോണയിലെ ശസ്ത്രക്രിയ അഥവാ ഫ്ലാപ്പ്‌ സർജറി
6 പല്ലുകൾക്കിടയിൽ വലിയ വിടവുകൾ വന്നവരിൽ പല്ലിൽ കമ്പിയിടുന്ന ദന്ത ക്രമീകരണചികിത്സ
7 മോണരോഗ വിദഗ്ദ്ധനെ കണ്ട്‌ ആറു മാസത്തിലൊരിക്കൽ പരിശോധന നടത്തുക.

ഇനി അടുത്ത തവണ തീപ്പെട്ടിക്കൊള്ളിയും സേഫ്റ്റി പിന്നും എടുക്കും മുൻപ്‌ ആലോചിക്കുക. ശാസ്ത്രീയമായ രീതി അവലംബിക്കുക.

കടപ്പാട്‌: ഡോ. മണികണ്ഠൻ ജി ആർ

Staff Reporter