മലയാളം ഇ മാഗസിൻ.കോം

ഒമിക്രോണിനെ തടയാൻ ഉറപ്പായും ഈ മാസ്കുകൾ തന്നെ ഉപയോഗിക്കണമെന്ന് നിർദ്ദേശം

ആശങ്ക വർദ്ധിപ്പിച്ച്‌ കോവിഡിന്റെ ഒമിക്രോൺ വകഭേദം പടർന്നു പിടിക്കുകയാണ്‌. കേരളം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗത്ത്‌ ഒമിക്രോൺ സാമൂഹിക വ്യാപനവും നടന്നു കഴിഞ്ഞതായാണ്‌ റിപ്പോർട്ടുകൾ. ഒമിക്രോൺ തടയാൻ ഏറ്റവും മികച്ച മാസ്കുകൾ തന്നെ ഉപയോഗിക്കണമെന്നാണ്‌ ആരോഗ്യ വിദഗ്ദർ പറയുന്നത്‌. അതേ സമയം മലയാളികൾ ഉൾപ്പടെ സ്ഥിരമായി ഉപയോഗിക്കുന്ന തുണി കൊണ്ടു നിര്‍മിച്ച മാസ്‌കുകള്‍ കോവിഡിനെതിരെ വലിയ സുരക്ഷ നല്‍കുന്നില്ലെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. കൊവിഡ് 19 മുന്‍കരുതലുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സിഡിസി മാസ്‌കുകളുടെ സുരക്ഷ സംബന്ധിച്ച വിശദീകരണം നല്‍കിയത്.

കൊവിഡില്‍ നിന്ന് പരമാവധി സുരക്ഷ ലഭിക്കാന്‍ എന്‍95 മാസ്‌കുകളോ കെഎന്‍95 മാസ്‌കുകളോ ധരിക്കണമെന്ന് സിഡിസി യുഎസിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഈ മാസ്‌കുകള്‍ അന്തരീക്ഷത്തിലുള്ള 95 ശതമാനം കണികകളും നീക്കിയ ശേഷമാണ് ശ്വാസം ഉള്ളിലെത്തിക്കുക. ഇതോടൊപ്പം വൈറസുകളില്‍ നിന്നും സംരക്ഷണം ലഭിക്കും. സാധാരണ സര്‍ജിക്കല്‍ മാസ്‌കുകളെയോ റെസ്പിറേറ്ററുകളെയോ അപേക്ഷിച്ച് തുണി മാസ്‌കുകള്‍ ധരിച്ചാല്‍ കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ ലഭിക്കൂ എന്ന് സിഡിസി വ്യക്തമാക്കി. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിക്കുന്നതിനിടെയാണ് സിഡിസിയുടെ പുതിയ മാര്‍ഗനിര്‍ദേശം.

പുതിയ ഒരു വേരിയന്റ് കൂടി വന്ന അവസ്ഥയിൽ N95 മാസ്ക് കൊണ്ട് മാത്രമേ യഥാർഥത്തിൽ പ്രയോജനമുള്ളൂ എന്ന് പ്രശസ്ത ഡോ. ജ്യോതിദേവ് കേശവദേവും നിർദ്ദേശിക്കുന്നു. സാധാരണ സർജിക്കൽ മാസ്ക്കിനും ക്ലോത്ത് മാസ്ക്കിനും പുതിയ വേരിയന്റിനെ തടയുവാനായി ഒരുപാട് പരിമിതികൾ ഉണ്ട്. അതുകൊണ്ട് അടുത്ത ഒരു പത്തു ദിവസത്തേക്കെങ്കിലും എല്ലാവരും N95 മാസ്ക് ഉപയോഗിക്കണം. ജനുവരി മാസം അവസാനിക്കുന്നതു വരെയെങ്കിലും കഴിയുന്നതും ആവശ്യമില്ലാത്ത യാത്രകൾ, വിവാഹം എന്നിവ പരിപൂർണമായും ഒഴിവാക്കണം. നമുക്ക് കുഴപ്പമുണ്ടായില്ലെങ്കിലും തിരികെ വന്ന് വീട്ടിലുള്ള രോഗികളോ പ്രായമുള്ളവരോ ആയവർക്ക് നൽകിയാൽ അവർക്ക് അപകടം സംഭവിക്കാനുള്ള സാധ്യത വരും ദിവസങ്ങളിൽ വളരെക്കൂടുതലാണ്.

‘ലൂസ്‌ലി വൂവണ്‍ ക്ലോത്ത്’ ഉപയോഗിച്ചു നിര്‍മിച്ച മാസ്‌കുകളെക്കാള്‍ മികച്ച സുരക്ഷ നല്‍കുന്നത് കൂടുതല്‍ പാളികളുള്ളതും മികച്ച രീതിയില്‍ നെയ്‌തെടുത്തതുമായ മാസ്‌കുകളാണെന്ന് സിഡിസി വ്യക്തമാക്കി. മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന ഡിസ്‌പോസിബിള്‍ സര്‍ജിക്കല്‍ മാസ്‌കുകളും കെഎന്‍95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

മുന്‍പ് എന്‍95 മാസ്‌കുകളും കെഎന്‍95 മാസ്‌കുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നായിരുന്നു സിഡിസി വ്യക്തമാക്കിയത്. എന്നാല്‍ ഇവയുടെ ഉത്പാദനവും ലഭ്യതയും ഉയര്‍ന്നതോടെ ഇത്തരം മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഏജന്‍സി വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് സിഡിസി കൊവിഡ് 19 മാനദണ്ഡങ്ങള്‍ പുതുക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ മാസ്‌കുകള്‍ക്ക് ഉള്‍പ്പെടെ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ പൊതുജനങ്ങള്‍ എന്‍95 മാസ്‌കുകള്‍ ധരിക്കേണ്ടതില്ലെന്ന് ഏജന്‍സി വ്യക്തമാക്കിയിരുന്നു. പ്രായമായവരെയോ രോഗപ്രതിരോധശേഷി കുറഞ്ഞവരെയോ സന്ദര്‍ശിക്കുമ്പോഴും വിമാനയാത്ര പോലെ സാമൂഹികഅകലം പാലിക്കുന്നത് പ്രായോഗികമല്ലാത്തപ്പോഴും റെസ്പിറേറ്ററുകള്‍ ധരിക്കാമെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇത്തരം മാസ്‌കുകള്‍ ലഭിക്കാത്തപ്പോള്‍ സര്‍ജിക്കല്‍ മാസ്‌കിനൊപ്പം തുണി മാസ്‌ക് ധരിക്കുന്നത് തുടരാമെന്നും സിഡിസി വ്യക്തമാക്കി.

അതേസമയം, മാസ്‌ക് ധരിക്കാത്തതിലും നല്ലത് ഏതെങ്കിലും ഒരു മാസ്‌ക് ധരിക്കുക എന്നതാണെന്നും സിഡിസി അറിയിച്ചു. എന്നാല്‍ സര്‍ജിക്കല്‍ എന്‍95 മാസ്‌കുകള്‍ എന്ന പ്രത്യേകതരം മാസ്‌കുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നും സിഡിസി അറിയിച്ചിട്ടുണ്ട്.

ALSO, WATCH THIS VIDEO

Avatar

Staff Reporter