മലയാളം ഇ മാഗസിൻ.കോം

ടോയ്‌ലറ്റിൽ പോകുമ്പോൾ ഇങ്ങനെ ചില ശീലങ്ങൾ ഉള്ളവരാണോ? എങ്കിൽ നിങ്ങൾക്കുള്ള പണി പിന്നാലെ വരുന്നുണ്ട്‌

മുൻപൊക്കെ പത്രവും മാഗസിനും കൊണ്ടായിരുന്നു രാവിലെ ടോയ്‌ലറ്റിലേക്ക്‌ ഓടുന്നത്‌. എന്നാൽ കാലം മാറി ടെക്നോളജിയും. ഇന്ന് പത്രത്തിനും മാഗസിനും പകരം ഫോണും ടാബ്‌ലറ്റുകളുമൊക്കെ വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഉറവിടമായി മാറി.

ഇന്ന് ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ മൊബെയിലും ടാബ്ലറ്റുകളുമൊക്കെ ഉപയോഗിക്കുന്നവർ ധാരാളമാണ്. സോഷ്യൽ മീഡിയയും വാർത്തകളുമൊക്കെ വായിക്കാൻ അര മണിക്കൂറിൽ കൂടുതൽ ടോയ്‌ലറ്റിൽ ഇരിക്കുന്നവരുമുണ്ട്‌. എങ്കിൽ ഓർക്കുക അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്.

അറിയാമോ രോഗങ്ങൾ പരത്തുന്ന കീടാണുക്കൾ അധികമായി ഉള്ള സ്ഥലമാണ് ബാത്ത്‌ റൂമും ടോയ്‌ലറ്റും. ഫോൺ ടോയ്‌ലറ്റിൽ കൊണ്ടു പോകും വഴി രോഗാണുക്കൾ ഫോണിലേക്ക്‌ കയറുകയാണ് ചെയ്യുന്നത്‌.

ടോയ്‌ലറ്റ്‌ വാതിൽ, ലോക്ക്‌, ടാപ്പ്‌, ഫ്ലഷ്‌, ഹാൻഡ്‌ വാഷ്‌ തുടങ്ങിയ ഇടങ്ങളിൽ എല്ലാം ബാക്ടീരിയ ഉണ്ട്‌. എന്നാൽ സോപ്പിട്ട്‌ കൈ കഴുകിയാൽ പോലും ഈ ബാക്ടീരിയ നശിക്കില്ല എന്നറിയുക. ടോയ്‌ലറ്റ്‌ ഒരു പ്രാവിശ്യം ഉപയോഗിച്ചാൽ അതിന്റെ എഫക്ട്‌ ആറടി ദൂരം വരെ ഉണ്ടാകും.

ഇ-കോളി, സാൽമൊണല്ല, ഷിഗെല്ല, മെഴ്സ, സ്ട്രെപ്ടോകോകസ്‌ തുടങ്ങിയ ബാക്ടീരിയകൾ കാരണം ഹെപറ്റൈറ്റിസ്‌ എ, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ കണ്ടു തുടങ്ങും.  ബാത്ത്‌ റൂമിലെ തറയിലും, ഫ്ലഷിന്റെ മുകളിലും, വാഷ്‌ ബേസിന്റെ മുകളിലുമൊക്കെയാണ് സാധാരണ ഫോണുകൾ വയ്ക്കുക.

ഇവിടെയെല്ലാം ബാക്ടീരിയ സാന്നിധ്യം വളരെ കൂടുതലാണ്. അങ്ങനെ ചെയ്യുന്ന നാലിൽ ഒരാൾക്ക്‌ പകർച്ച വ്യാധികൾ പിടി പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. പബ്ലിക്‌ ടോയ്‌ലറ്റിൽ ഫോൺ വയ്ക്കുന്നതിന് ഹോൾഡർ ഉണ്ടാകും, നല്ല ഒന്നാന്തരം ബാക്ടീരിയ വാഹകരാണ് ആ ഹോൾഡറുകൾ എന്നത്‌ തീർച്ചയായും ശ്രദ്ധിക്കുക.

ഇതു മാത്രമല്ല വൈകാതെ നിങ്ങൾക്ക്‌ ഒരു ശസ്ത്രക്രിയ വേണ്ടി വരാൻ സാധ്യതയുണ്ടെന്നൊരു ഭീകര മുന്നറിയിപ്പും ആരോഗ്യ വിദഗ്ദർ ഇപ്പോൾ നൽകുന്നുണ്ട്‌. സ്മാർട്ട്‌ ഫോണും കൊണ്ടുള്ള ശുചിമുറിയിലെ ദീർഘസമയത്തെ ഇരുത്തം മൂലക്കുരുവിന്‌ കാരണമാകുന്നുവെന്നാണ്‌ അവർ ഓർമിപ്പിക്കുന്നത്‌.

സിഡ്ണിയിൽ കഴിഞ്ഞ വർഷം 23 വയസുള്ള യുവതിയെ മൂലക്കുരുവിന്‌ അടിയന്തര ശസ്ത്രക്രിയക്ക്‌ വിധേയമാക്കിയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ യുവജനങ്ങളായ 15 പേരെക്കൂടി ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതോടെയാണ്‌ ഇതിന്റെ കാരണം തേടാൻ ആശുപത്രി അധികൃതർ ശ്രമിച്ചത്‌. എത്ര സമയം ശുചിമുറിയിൽ സ്മാർട്ട്‌ ഫോണുമായി ഇരിക്കുന്നു എന്ന ചോദ്യത്തിന്‌ പലരും നൽകിയ ഉത്തരം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.

ശരാശരി അര മണിക്കൂറാണ്‌ ഇവർ സ്മാർട്ട്‌ ഫോണുമായി പ്രതിദിനം ശുചിമുറിയിൽ ചിലവഴിക്കുന്നത്‌. സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുമ്പോൾ മുന്നോട്ട്‌ കുനിഞ്ഞുള്ള പ്രത്യേക ശാരീരിക നിലയിലാണ്‌ ഇരിക്കുക. ദീർഘസമയത്തെ ഈ ഇരുത്തം മലദ്വാരത്തിനോട്‌ ചേർന്നുള്ള സ്ഫിൻസ്റ്റർ പേശികളുടെ ബലഹീനതക്ക്‌ കാരണമാകുന്നു. പലരിലും ഇത്‌ മലദ്വാരത്തോട്‌ ചേർന്നുള്ള ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും മൂലക്കുരുവിനും കാരണമാവുകയും ചെയ്യുന്നു. ദഹന പ്രശ്നങ്ങളും മലബന്ധവും ഉള്ളവർ വർധിച്ച അളവിൽ സമ്മർദം ചെലുത്തുന്നതാണ്‌ മൂലക്കുരുവിന്‌ പലപ്പോഴും കാരണമാവുന്നത്‌.

ശുചിമുറിയിൽ സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച്‌ ദീർഘനേരം ഇരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്‌. അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ പങ്കെടുത്ത പത്തിൽ ഒമ്പത്‌ പേരും പറഞ്ഞത്‌ തങ്ങൾ ശുചിമുറിയിൽ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാറുണ്ടെന്നാണ്‌. ലോകത്തൊട്ടാകെ 1995നും 2010 ഇടക്ക്‌ ജനിച്ചവരിൽ 96 ശതമാനവും പറഞ്ഞത്‌ തങ്ങൾ സ്മാർട്ട്‌ ഫോണുമായല്ലാതെ ശുചിമുറിയിലേക്ക്‌ പോകാറില്ലെന്നാണ്‌. മലയാളികൾക്കുമുള്ള ഈ ശീലം തുടർന്നാൽ അത്‌ നിങ്ങളെ വൈകാതെ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയിലേക്ക്‌ എത്തിക്കുമെന്ന റിപ്പോർട്ടുകളാണ്‌ പുറത്തു വരുന്നത്‌. ജാഗ്രത!

Avatar

Staff Reporter