ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാഗ്യങ്ങൾ തേടി അമേരിക്കയിലേക്ക് കുടിയേറിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് അമേരിക്കൻ ജീവിതം അത്ര സുഖകരമല്ലെന്ന് റിപ്പോർട്ട്. എച്ച്1 ബി വിസയിൽ അമേരിക്കയിലുള്ള പ്രവാസികളാണ് തൊഴിൽ നഷ്ട ഭീഷണിയിൽ കഴിയുന്നത്.
മെറ്റാ, ട്വിറ്റർ, ആമസോൺ, തുടങ്ങിയ ആഗോള ഭീമൻ കമ്പനികൾക്ക് പുറമെ ചെറുകിട കമ്പനികളും, സ്റ്റാർട്ട് അപ്പുകളും, സാങ്കേതിക വിദ്യയെ ആശ്രയിച്ചു നിൽക്കുന്ന അനുബന്ധ കമ്പനികളും ആയിരകണക്കിന് ആളുകളെ പിരിച്ചുവിടുന്നത് തുടരുകയാണ്. മറ്റൊരു ജോലി കണ്ടെത്താൻ അമേരിക്കയിൽ തന്നെ തുടരാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നതാണ് കുടിയേറ്റക്കാരായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ അലട്ടുന്ന പ്രശ്നം.
ജോലി നഷ്ടപ്പെടുന്നവർക്ക് വേണ്ടത്ര തൊഴിലവസരങ്ങൾ അമേരിക്കയിൽ രൂപപ്പെടുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. യൂറേപ്പിലെ മാന്ദ്യം തങ്ങളെയും ബാധിക്കുമോ എന്ന ഭയത്തിലാണ് അമേരിക്കൻ ഭരണകൂടവും കമ്പനികളും. അതുകൊണ്ട് തന്നെ പുതിയ നിയമനങ്ങൾ വളരെ കരുതലോടെ മാത്രമാണ് എവിടെയും നടക്കുന്നത്. ക്രിസ്മസ് സീസൺ തുടങ്ങുന്നതിനാൽ ജീവനക്കാരെ നിയമിക്കുന്നത് താത്കാലികമായി മരവിപ്പിച്ച കമ്പനികളുമുണ്ട്. ഇതിനിടയിലാണ് വിസ സംബന്ധിച്ച ചട്ടങ്ങൾ ഉയർത്തുന്ന വെലല്ുവിളിയും.

എച്ച്1 ബി വിസക്കാർക്ക് നിലവിലെ ജോലി പോയാൽ 60 ദിവസത്തിനുള്ളിൽ വേറെ ജോലി കണ്ടുപിടിക്കാനായില്ലെങ്കിൽ അമേരിക്ക വിടണമെന്നാണ് നിയമം. എന്നാൽ, അമേരിക്കയിലെ പ്രത്യേക സാഹചര്യത്തിൽ നിയമന പ്രക്രിയ പൂർത്തിയാകാൻ ഒരുവർഷം വരെ എടുക്കാറുണ്ട്. ഇത്ര നീണ്ടകാലം തൊഴിൽരഹിതരായി അമേരിക്കയിൽ തുടരാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽതന്നെ ജോലി ലഭിക്കും എന്ന് ഉറപ്പുള്ളവർക്ക് പോലും തിരികെ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമാണ്.
അതേസമയം, പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് തങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകാൻ പല കമ്പനികളും തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു ക്രൂരത. വലിയ വീടും കാറും എല്ലാമായി രാജകീയമായി കഴിഞ്ഞവർ ഒരുസുപ്രഭാതത്തിൽ മടക്ക ടിക്കറ്റ് പോലും കയ്യിലില്ലാതെ ജോലി നഷ്ടപ്പെട്ട് നിൽക്കുന്ന കാഴ്ച്ചയാണ് അമേരിക്കൻ പ്രവാസി സമൂഹത്തിൽ ഇപ്പോൾ കാണാനാകുന്നത്. പിരിച്ചുവിട്ട എച്ച് 1 ബി വിസക്കാരുടെ ‘വിസ സ്റ്റാറ്റസ്’ മാറ്റാനും, ജോലി ലഭിക്കാനും സഹായിക്കുന്ന ചില ഏജൻസികൾ അമേരിക്കയിൽ ഉണ്ടെങ്കിലും, ഒരുമിച്ചു ഇത്രയധികം ആളുകളെ പിരിച്ചുവിടുന്നതിനാൽ ഇത്തരം ഏജൻസിയുടെ സഹായവും പ്രവർത്തനങ്ങളും ഫലപ്രദമാകുന്നില്ല.
അമേരിക്കൻ തൊഴിൽ പ്രതിസന്ധി ഇന്ത്യയേയും വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. തൊഴിൽ നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ആളുകൾ എത്തുന്നതോടെ ഇവിടെയുള്ള തുച്ഛമായ തൊഴിലവസരങ്ങളിലേക്ക് മത്സരം കനക്കും. ഇതുവഴി ഇന്ത്യയിലും തൊഴിൽ രഹിതരുടെ എണ്ണം ഉയരാനാണ് സാധ്യത.
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ കിലോക്കണക്കിന് കശുവണ്ടി കിട്ടും