കാടും മലകളും അഹങ്കാരമായി മാറിയ നാടാണ് നമ്മുടെ കൊച്ചു കേരളം. പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെ വന്യ സൗന്ദര്യത്താൽ നിറഞ്ഞ പ്രദേശങ്ങളാണ് തെക്കൻ മേഖല. തെന്മല ഇക്കോടൂറിസം കൊല്ലം ജില്ലയിൽ സഞ്ചാരികൾക്ക് പ്രീയപ്പെട്ട ഇടമാണ്. എന്നാൽ പുനലൂരിനും തെന്മലയ്ക്കുമിടയിൽ പ്രകൃതി ഒരുക്കിവച്ച മനോഹരമായ ഒരു ദൃശ്യവിരുന്നുണ്ട്. ഉറുകുന്ന് പാണ്ഡവൻ പാറ.
കൊല്ലം തിരുമംഗലം ദേശീയ പാതയോരത്ത്, പുനലൂര്‍ നിന്നും 13 കിലോമീറ്ററും തെന്മല നിന്ന് വെറും 7 കിലോമീറ്ററും മാത്രം അകലെയുള്ള ഒരു പ്രദേശം. ഐതിഹ്യ പെരുമയുടെ തലയെടുപ്പുമായി ഉറുകുന്ന് പാണ്ഡവന് പാറ. പഞ്ചപാണ്ഡവന്മാര് തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. ഈ വിശ്വാസത്തില്‍ നിന്നാണ് ഈ പാറയ്ക്ക് പാണ്ഡവന്‍പാറ എന്ന് പേര് വന്നത്. പഞ്ചപാണ്ഡവന്മാര് ഒളിച്ച് താമസിച്ചിരുന്നത് ഈ പാറക്കെട്ടുകൾക്കൊപ്പമുള്ള ഗുഹയിലായിരുന്നുവത്രെ.
ഉറുകുന്നിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ ഒറ്റക്കൽ റെയില്‍വേ സ്റ്റേഷന് റോഡില്‍ യാത്ര ചെയ്താല്‍ പാണ്ഡവന് പാറയുടെ അടിവശമെത്തും. കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലാണ് ഭക്തിയും വിനോദവും ഇടകലര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്. ഏകദേശം 1300 അടി ഉയരത്തില്‍ 36 ഏക്കറിലായി നിറഞ്ഞുനില്‍ക്കുകയാണ് പാണ്ഡവന്‍പാറ. റോഡിൽ നിന്നും ചെങ്കുത്തായ കൽ പടവുകളിലൂടെ കാൽനടയായിട്ടാണ് പാണ്ഡവന് പാറയിലേക്കുള്ള യാത്ര. ഇടയ്ക്കൊക്കെ അൽപം സാഹസികത നിറഞ്ഞ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ കയറ്റവും, പടവുകളും, കല്ലും നിറഞ്ഞ ഈ പാത ദുഷ്കരമായി തോന്നില്ല.
ഉറുകുന്നു പാണ്ഡവൻ പാറ സന്ദർശിക്കാൻ പോകുന്ന സഞ്ചാരികൾ ആവശ്യത്തിനുള്ള വെള്ളവും ലഘു ഭക്ഷണവും കരുതുന്നത് നന്നായിരിക്കും. കാരണം കാൽ നടയായുള്ള കുത്തനെയുള്ള കയറ്റം കയറിയുള്ള യാത്ര അൽപം കഠിനം തന്നെയാണ്. ക്ഷീണം തോന്നിയാൽ ഇരുന്ന് വിശ്രമിച്ച് വെള്ളമൊക്കെ കുടിച്ചുകൊണ്ട് യാത്ര ആസ്വദിക്കാം.
വഴിയുടെ അരികിലെല്ലാം പലയിനം കാട്ടുപൂക്കളുടെയും കുറ്റിച്ചെടികളുടെയും ഔഷധ സസ്യങ്ങളുടെയും നിറ സാന്നിധ്യവുമുണ്ട് പാറയുടെ മുകളിലെത്തുന്ന സഞ്ചാരിക്ക് ലഭിക്കുന്നതാകട്ടെ കണ്ണും മനസ്സും കുളിര്‍ക്കുന്ന കാഴ്ചകളും. തെന്മലയുടെ വിവിധ ഭാഗങ്ങള്‍, ചുറ്റുമുള്ള കാടുകള്‍, കല്ലട അണക്കെട്ട്, കൊല്ലം-ചെങ്കോട്ട റെയില്‍പാത, ഇടമൺ പവർ സ്റ്റേഷൻ, മൂന്നു ജില്ലകളുടെ ജലസ്രോതസ്സായ കല്ലട ജലസേചന പദ്ധതിയുടെ ഉത്ഭവ സ്ഥാനമായ ഒറ്റക്കൽ തടയണ തുടങ്ങി നിരവധി കാഴ്ചകള്‍ ഈ മലമുകളിൽനിന്നും കാണാം. മുകള്‍ ഭാഗത്ത് ഇപ്പോഴും വീശിയടിക്കുന്ന തണുത്തകാറ്റുള്ളതിനാൽ നട്ടുച്ചയ്ക്കുപോലും ചൂട് അനുഭവപ്പെടില്ല.
പാറയുടെ മുകളിൽ എത്തിയാൽ ഒരുവശത്ത് പാണ്ഡവന്‍പാറ ശിവ പാര്‍വ്വതീ ക്ഷേത്രവും അടുത്തായി മതസൗഹാര്‍ദത്തിന്റെ പ്രതീകമായി കുരിശുമല തീര്‍ഥാടനകേന്ദ്രവും സ്ഥിതി ചെയ്യുന്നു. ഇവിടേക്ക് നൂറുകണക്കിന് വിശ്വാസികളാണ് വര്‍ഷത്തില്‍ കുരിശുമല തീര്‍ത്ഥാടനം നടത്തുന്നത്. അതുപോലെ തന്നെ നിരവധി വിശ്വാസികളാണ് ശിവ-പാർവ്വതി ക്ഷേത്രത്തിൽ എല്ലാ വർഷവും പൊങ്കാല അർപ്പിക്കാനായി എത്തുന്നത്.
പാറയുടെ മുകളിലെത്തുന്ന സഞ്ചാരിക്ക് ഏത് ഭാഗത്തേക്ക് നോക്കിയാലും വന മേഖലയുടെ ദൃശ്യ വിസ്മയം ആവോളം ആസ്വദിക്കാം ഒരു ഭാഗത്ത് സഹ്യപര്‍വ്വത താഴ്വരകളും അതിനോടു ചേര്‍ന്ന് നിരവധി പാലങ്ങളോട് ചേര്‍ന്ന പുതിയ ബ്രോഡ്ഗേജ് തീവണ്ടിപ്പാതയും ഒറ്റക്കല്‍ തീവണ്ടി സ്റ്റേഷനും. മറുഭാഗത്ത് വിദൂര കാഴ്ച്ചയില്‍ തെന്മല പരപ്പാര്‍ അണക്കെട്ടും പരിസരവും ഡാമിലൂടെ ഒഴുകിവരുന്ന വെള്ളം തടഞ്ഞു നിര്‍ത്താനുള്ള ലുക്ക് ഔട്ട് തടയണയും കനാലുകളും പരന്നുകിടക്കുന്ന എണ്ണപ്പനത്തോട്ടവും സംസ്കരണ കേന്ദ്രവും. ഇടമണ്‍ പവര്‍സ്റ്റേഷനും പുനലൂരിലെ ജപ്പാന് കുടിവെള്ള വിതരണ കേന്ദ്രവും ഇവിടെ നിന്നാൽ കാണാം. ഈ കുന്നിന്റെ മുകളില്‍ നിന്നും പുറത്തേയ്ക്ക് തള്ളി നില്ക്കുന്ന കൂറ്റന്‍ പാറകള്‍ പ്രത്യേക കാഴ്ചയാണ്. അങ്ങനെ പ്രകൃതി തീര്‍ത്ത മനോഹര കാഴ്ചകൾ സഞ്ചാരികൾക്ക് ഒരുക്കുന്ന ഒരിടം തന്നെയാണ് തെന്മല ഉറുകുന്നു പാണ്ഡവൻ പാറ. Watch Video