24
March, 2019
Sunday
07:21 PM
banner
banner
banner

ടിവിയിൽ സൂപ്പർ ഹിറ്റായ മിഥുനം തീയറ്ററിൽ തകർന്നടിയാൻ ഒരു കാരണമുണ്ട്‌, അത്‌ അധികം ആർക്കും അറിയാത്ത ഒരു പിന്നാമ്പുറ രഹസ്യം!

മിഥുനം എന്ന മലയാളചിത്രം തീയറ്ററുകളിൽ വേണ്ടത്ര തിരക്ക് ഉണ്ടാക്കിയില്ല എങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ അല്പസ്വല്പം പുനർചിന്തനത്തിനുള്ള വഴിയൊരുക്കിയിരുന്നു എന്ന് പറയാതെ വയ്യ.

പ്രണയവിവാഹത്തിന്റെ വരുംവരായ്കകളെ തുറന്നു കാട്ടിയ മിഥുനം ശ്രീനിവാസൻ രചന നിർവ്വഹിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്. വിവാഹത്തിന് മുൻപുള്ള പ്രണയവും വിവാഹശേഷമുള്ള പ്രണയവും തമ്മിലുള്ള ചേരുചേരായ്ക ഭംഗിയായി വരച്ച് കാട്ടിയ ചിത്രം കൂടിയായിരുന്നു മിഥുനം. തമാശയിലൂടെ കുടുംബ ജീവിതത്തിന്റെ പച്ചയായ മുഖം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ശ്രീനിവാസനും പ്രിയദർശനും മോഹൻലാലും ഉർവ്വശിയും മറ്റ് എല്ലാ അണിയറ പ്രവർത്തകരും വിജയിച്ചു എന്നു തന്നെ പറയാം.

പക്ഷേ നായിക സുലോചനയെ അവതരിപ്പിച്ച ഉർവ്വശി ഒരു സിനിമാ വാരികയിലെ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ മോഹൻലാലിനേയും കൂട്ടരേയും ശരിക്കും വിഷമിപ്പിച്ചു. 1993 മാർച്ച് 21-ന് കേരളത്തിലെ തീയറ്ററുകളിൽ മിഥുനം റിലീസ് ചെയ്ത സമയത്തായിരുന്നു സംഭവം. ഉർവ്വശി സിനിമാ വാരികക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി, “മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്നേഹവും ഒക്കെയുണ്ട്. പക്ഷെ, ഒരു കാര്യം പറയാതെ വയ്യ.

എന്‍റെ കഥാപാത്രമായ ‘സുലോചന’യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല. എനിക്ക് തീരെ താൽപ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാൻ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തിൽ സുലോചനയുടേത്. അതെന്താ, ആ ഭർത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാൻ കഴിയാത്ത ആളുകൾ കല്യാണം കഴിക്കാൻ പാടില്ല. ഭർത്താവിനെ അളവിൽ കവിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവൾ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്നേഹമെങ്കിലും അയാൾക്ക്‌ കൊടുക്കാം.

പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയിൽ പറയുന്നുണ്ട്. “മിഥുനം” എന്ന സിനിമയുമായി ബന്ധപ്പെട്ടവർക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാൻ എന്‍റെ അഭിപ്രായം തുറന്നു പറയും. അത് എന്‍റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂർവ്വം ആഗ്രഹമില്ല.”

പ്രിയനും കൂട്ടർക്കും ഉർവ്വശിയുടെ ഈ തുറന്നു പറച്ചിലിൽ ഏറെ ദു:ഖമുണ്ടായെങ്കിലും, ഒരു കലാകാരിക്ക് തന്റെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം ഉണ്ടെന്ന പരിഗണനയിൽ ക്ഷമിച്ചു. പക്ഷേ ചിത്രത്തിന്റെ പരാജയത്തിൽ ഇതും ഒരു കാരണമായോ എന്ന് ചിന്തിക്കാത്തവരില്ല. കാരണം അക്കാലത്ത് സിനിമാവാരികകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം അത്രത്തോളം ആയിരുന്നു.

കടപ്പാട്: സുരേഷ് കുമാർ രവീന്ദ്രൻ

· · ·
[yuzo_related]

Comments



Related Articles & Comments