ഇടുക്കി എന്നും വിസ്മയിപ്പിക്കുന്ന ഒരിടമാണ് . കാഴ്ച്ചകള്‍ അവസാനിക്കാത്ത സഞ്ചാരികളെ എന്നും കൊതിപ്പിക്കുന്ന ഇടുക്കിയിലെ കാണായിടങ്ങളില്‍ ഒന്നിനെയാണ് പരിചയപ്പെടുത്തുന്നത്. കണ്ടെത്തുവാന്‍ അല്പം വൈകിയെങ്കിലും സഞ്ചാരികളുടെ മനസ്സിലിടം നേടിയ ഒരിടമാണ് ഉളുപ്പൂണി. പുല്‍മേടുകളും അതുവഴിയുള്ള സാഹസിക ജീപ്പ് യാത്രയുമാണ് ഉളുപ്പൂണിയുടെ ആകര്‍ഷണങ്ങള്‍.

വാഗമണ്ണില്‍ നിന്നും പുള്ളിക്കാനത്തേക്കുള്ള വഴിയില്‍ നിന്നും അല്പം മാറിയാണ് ഉളുപ്പൂണി സ്ഥിതി ചെയ്യുന്നത്. വാഗമണ്ണിന്റെ സ്ഥിരം കാഴ്ചകളില്‍ നിന്നും മാറി പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് ധൈര്യമായി ഉളുപ്പൂണി പരീക്ഷിക്കാം. വാഗമണ്ണില്‍ ഏക്കറുകളോളം കിടക്കുന്ന മൊട്ടക്കുന്നിന്റെ കാഴ്ചയാണ് സഞ്ചാരികള്‍ക്ക് പ്രിയമെങ്കില്‍ ഇവിടെ ആളുയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തെരുവപ്പുല്ലാണ് താരം, കുന്നിന്‍മുകളിലേ ഈ പുല്‍മേട്ടിലേക്കുള്ള യാത്രയാണ് ഉളുപ്പൂണിയെ ഫേയ്മസാക്കുന്നത്.
ഇയ്യോബിന്റെ പുസ്തകം കണ്ടിട്ടുള്ളവര്‍ക്ക് ഉളുപ്പുണി പെട്ടെന്ന് പിടി കിട്ടും. ഈ ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെയാണ്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച അലോഷിയുടെ വഴികളാണ് ഉളുപ്പൂണിയിലെത്തുന്ന ആരെയും ആദ്യം ഓര്‍മ്മിപ്പിക്കുന്നത്.

സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടും മടിക്കാതെ പോകാന്‍ പറ്റുന്ന ഒരിടം കൂടിയാണ് ഇവിടം. പുല്‍മേടിന്റെ കാഴ്ചകളും ഓഫ് റോഡിങ്ങും മാത്രമല്ല ഇവിടെയുള്ളത്. തകര്‍പ്പനൊരു ട്രക്കിങ്ങിന്റെ സുഖങ്ങളെല്ലാം ഇവിടുത്തെ യാത്രയില്‍ ലഭിക്കും. ഇവിടെ നിന്ന് ദൂരെ കുളമാവ് ഡാമിന്റെ മനോഹരമായ വിദൂര ദൃശ്യവും ആസ്വദിക്കുവാന്‍ സാധിക്കും.
വാഗമണ്ണില്‍ നിന്നും പുള്ളിക്കാനത്തേക്കുള്ള വഴിയേയാണ് ഉളുപ്പൂണിയിലേക്ക് പോകുന്നത്. ചോറ്റുപാറ കവലയില്‍ നിന്നും വലത്തോട്ടുള്ള വഴി അഞ്ച് കിലോമീറ്റര്‍ പോയാല്‍ ഉളുപ്പൂണി കവലയിലെത്താം. ഇവിടെ നിന്നും മുകളിലേയ്ക്ക് യാത്ര ചെയ്യണം. ചൂടില്‍ നിന്നും തെല്ലൊരാശ്വാസം ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ ഉളുപ്പുണിയിലെ ഇളം കാറ്റേല്‍ക്കാന്‍ പോകാം.
YOU MAY ALSO LIKE THESE VIDEOS