മലയാളം ഇ മാഗസിൻ.കോം

ആ നിലപാടുകളാകാം ഉദാഹരണം സുജാതയെ ഇത്രവേഗം തീയറ്ററുകൾ കൈയ്യോഴിഞ്ഞത്‌!

അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍ ആയിരുന്നു രാമലീലയും ഉദാഹരണം സുജാതയും. രാമലീലയുടെ പ്രദര്‍ശനം തന്നെ അനിശ്ചിതത്വത്തിലായ അതേസമയം തന്നെ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രം വന്‍ ഹിറ്റാകും എന്നുള്ള ചര്‍ച്ചകള്‍ സിനിമാ ലോകത്തും പുറത്തും നടന്നിരുന്നു.

കുറെ നല്ല ചിത്രങ്ങളില്‍ പ്രണയ ജോഡികളായി പിന്നീട് ജീവിതത്തിലും ഒരുമിക്കുകയും പിന്നീട് വേര്‍ പിരിയുകയും ചെയ്ത  ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം പ്രദര്‍ശനത്തിന്‌ എത്തുന്നത്‌ കേരളം ആകെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ജനപ്രിയ നായകനെതിരായ ജനരോഷം രാമലീലയുടെ വിജയത്തെ ബാധിക്കും എന്നും, അതേസമയം ലേഡി സുപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ഉദാഹരണം സുജാത പ്രേക്ഷകര്‍ ഏറ്റെടുക്കും എന്നാണു പൊതുവേ വിലയിരുത്തപ്പെട്ടത്.

ഈ ചര്‍ച്ചകളാണ് ഉദാഹരണം സുജാതയുടെ നിര്‍മ്മാതാക്കളായ ജോജുവിനും മാര്‍ട്ടിന്‍ പ്രക്കാട്ടിനും രാമലീലയുടെ റിലീസ് ദിവസം തന്നെ ഉദാഹരണം സുജാതയും റിലീസ് ചെയ്യണം എന്ന നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചത്. ദിലീപിനോടുള്ള പ്രേക്ഷകരുടെ വെറുപ്പ് പ്രകടിപ്പിക്കാന്‍ അവര്‍ കൂട്ടത്തോടെ ഉദാഹരണം സുജാത കാണാന്‍ എത്തും എന്നായിരുന്നു മഞ്ജു വാര്യര്‍ ഉള്‍പ്പെടെ എല്ലാവരും വിശ്വസിച്ചത്.

എന്നാല്‍ പ്രദര്‍ശനം തുടങ്ങിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. രാമലീല കാണാന്‍ പ്രേക്ഷകര്‍ ഇരച്ചുകയറി. സ്പെഷ്യല്‍‍ ഷോകള്‍ വരെ പല തീയറ്ററുകളും നടത്തി. ഉദാഹരണം സുജാത കാണാന്‍ ആളുകള്‍ കുറവായതോടെ പല കേന്ദ്രങ്ങളിലും ഉദാഹരണം സുജാതയുടെ ഷോകളുടെ എണ്ണം കുറവ് ചെയ്യുകയോ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രം മാറ്റുകയോ ചെയ്തു.

മഞ്ജു വാര്യരുടെ ലേഡി സുപ്പര്‍ സ്റ്റാര്‍ എന്ന പരിവേഷത്തിന് ഉദാഹരണം സുജാതയെ കരകയറ്റാന്‍ സാധിച്ചില്ല. പൂജ അവധിക്കാലം കുടുംബവും ഒരുമിച്ച് ആഘോഷിക്കുവാന്‍ മലയാളി തെരഞ്ഞെടുത്തത് രാമലീല ആയിരുന്നു. ദിലീപില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് കുടുംബത്തോടൊപ്പം ഉല്ലാസകരമായി കാണുവാനുള്ള ഒരു സിനിമയാണ്. പിരിമുറുക്കം നിറഞ്ഞ ജീവിതത്തില്‍ കുറച്ച് സമയം എങ്കിലും അതില്‍ നിന്നും വിടുതല്‍ കിട്ടുവാന്‍ മലയാളി ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ് രാമലീല ഇത്ര വലിയ വിജയമായത്.

പ്രേക്ഷകരെ നന്നേ രസിപ്പിക്കുന്ന ഒരു സിനിമക്ക് ഒപ്പം റിലീസ് ചെയ്ത നായികാ പ്രാധാന്യമുള്ള ഒരു ചിത്രം എത്ര വലിയ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്താലും അതിന് ആള് കുറയുക സ്വാഭാവികം മാത്രമാണ്.

രാമലീലയും ഉദാഹരണം സുജാതയും പ്രേക്ഷകരെ സംബന്ധിച്ച് വിനോദത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. അതിലെ താരങ്ങളുടെ വ്യക്തി ജീവിതത്തിലെ പ്രത്യേകതകള്‍ തിരയേണ്ട കാര്യം പ്രേക്ഷകര്‍ക്ക് ഇല്ല എന്നതിന്‍റെ ഉദാഹരണം തന്നെയാണ് സുജാതയും രാമലീലയും.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com