മലയാളം ഇ മാഗസിൻ.കോം

സ്ത്രീപീഡനങ്ങൾക്കെതിരെ വായ തുറക്കുന്ന മാന്യന്മാർ അറിയാൻ പുരുഷന്മാരും മനുഷ്യരാണ്‌

കൊച്ചിയിൽ യൂബർ ടാക്സ്റ്റി ഡ്രൈവർ യുവതികളുടെ മർദ്ദനത്തിന് ഇരയായ സംഭവത്തിൽ സോഷ്യൽ ആക്ടിവിസ്റ്റുകളായ 2 പേരുടെ പ്രതികരണങ്ങൾ!

അനീതിക്കെതിരേ ശബ്ദമുയർത്തുക തന്നെ ചെയ്യും | രേവതി രാജ്‌
\”കണ്ടോടാ മക്കളെ ഇതാണ് സ്ത്രീ. ഞങ്ങളെ തൊട്ടാൽ നിങ്ങള് വിവരമറിയും, ഈ നാട്ടിലെ നിയമവും നിയമപാലകരുമൊക്കെ ഞങ്ങൾക്കൊപ്പമുള്ളിടത്തോളം നമ്മളെ തൊടാൻ ഒക്കുവേലാ.\” ഇത് ഞാൻ പറയുന്നതല്ല, ഈ നാട്ടിലെ നിയമവ്യവസ്ഥയെ മുതലാക്കുന്ന ഇവിടുത്തെ ഓരോ സ്ത്രീകളും ഇപ്പോൾ മനസ്സിൽ അഹങ്കരിക്കുന്നതാണ്. പുച്ഛമാണ് മനസ്സ് നിറയെ ഈ നാട്ടിലെ ഇത്തരം നിയമങ്ങളോടും നിയമപാലകരോടും ആണായാലും പെണ്ണായാലും നിയമത്തിന്റെ അല്ലെങ്കിൽ നീതിയുടെ തട്ടിൽ തുല്യരായിരിക്കണമെന്ന് അഭിപ്രായപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ മരട് പോലീസ് യൂബർ ഡ്രൈവർക്കെതിരെ എടുത്ത കേസിൽ ശക്തമായിട്ട് പ്രതിക്ഷേധമറിയിക്കുകയാണ് ഈ ഒരു പോസ്റ്റിലൂടെ.

ഒരാളുടെ തലയ്ക്കു അല്ലെങ്കിൽ കഴുത്തിനുമുകളിലേക്ക് പരുക്കേൽപ്പിച്ചാൽ വധശ്രമത്തിനു അഥവാ കൊലപാതക ശ്രമത്തിന് കേസ് എടുക്കാനുള്ള വകുപ്പ് നിലനിൽക്കെ ആ വ്യക്തിയെ മർദ്ദിച്ച സ്ത്രീകൾക്കു സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് ശരിയാണോ ? നിയമത്തിന് മുൻപിൽ സാക്ഷികൾക്കും തെളിവുകൾക്കുമാണ് പ്രാധാന്യം .അങ്ങനെ ഉള്ളപ്പോ പൊതുജനം സാക്ഷി നിൽക്കെ അദ്ദേഹത്തെ മർദ്ദിക്കുന്ന വീഢിയോ സഹിതം ഉണ്ടായിരുന്നിട്ടും ഒരു ജനത മുഴുവന് പ്രതിക്ഷേധവുമായി എത്തിയിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ്അദ്ദേഹത്തെിനെതിരെ കേസ് രജിസ്ട്രർ ചെയ്തത് ?

ഓ 354 അല്ലേ ? സ്ത്രിത്വത്തെ അപമാനിക്കൽ! അപ്പൊ പുരുഷത്വത്തെ പൊതു ജനമധ്യത്തിൽ അപമാനിച്ചത് ശരിയാണോ ?
സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാണോ മാനവും അഭിമാനവും ? ഞാനുമൊരു സ്ത്രീയാണ് .പുരുഷനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന തുല്യ അവകാശം എല്ലായിടങ്ങളിലും വേണമെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്കിടയിൽ നിയമത്തിന് മുമ്പിൽ ആ തുല്യത ഉറപ്പായും വേണമെന്ന് അഭിപ്രായമുള്ള സ്ത്രീ.

കൊച്ചിയിൽ അരങ്ങേറിയ ഈ സംഭവത്തിന് തുടക്കം മുതൽ ദൃക്സാക്ഷിയായ ഷിനോജ് എന്ന വ്യക്തിയുടെ മൊഴിയും വീഢിയോയും തെളിവായി കിട്ടിയിട്ടും നിങ്ങളാ മനുഷ്യനെ അല്ല വാദിയെ പ്രതിയാക്കി. സ്ത്രീത്വമെ നീ മാനിക്കപ്പെടണ്ടിടത്ത് മാനിക്കപ്പെടണം അപമാനിക്കപ്പെടുന്നിടത്ത് ശക്തമായി പ്രതിക്ഷധിക്കണം പക്ഷേ നീയൊക്കെ തോന്നിവാസം കാണിക്കുന്നിടത്ത് ചെപ്പകുറ്റി അടിച്ചു പൊട്ടിക്കാൻ കഴിയാതെ ചിലർ നിസ്സഹായകരാവുന്നെങ്കിൽ അത് നിന്നെപ്പേടിച്ചല്ല എന്തിനും ഏതിനും നിനക്ക് സപ്പോർട്ട് നല്കുന്ന ഈ നിയമവ്വവസ്ഥയെ ഓർത്താണ്…. അതാണ് ചില അവളുമാർ മുതലാക്കുന്നത്.

തന്റെ കർണ്ണത്തടിച്ചവളെ തള്ളി വിട്ടതിന് അല്ലെങ്കിൽ തന്നെ ആക്രമിച്ച സ്ത്രീകളെ പ്രതിരോധിച്ചതിനിടയിൽ സ്പർശിച്ചപ്പോൾ അത് വലിയ തെറ്റ് ….സ്ത്രിത്വത്തെ അപമാനിക്കൽ.. കൊള്ളാം! പുരുഷത്വമേ ക്ഷമിക്കുക നിങ്ങളുടെ മാനത്തിന് അഭിമാനത്തിന് സംരക്ഷണമേകാൻ ഈ നാട്ടിലെ നിയമം പോലും കൂട്ടിനില്ലാതാവുന്നു.

നിങ്ങൾ നിങ്ങളെ തന്നെ കാത്തോളുക! പ്രതിക്ഷേധിക്കുക ശക്തമായി! നിങ്ങളൊരുമിച്ച് പ്രവർത്തിക്കണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
NB : മരടിലെ നാലു ചുവരുകൾക്കുള്ളിലൊതുങ്ങുന്നതല്ല ഈ നാട്ടിലെ നിയമവും നിയമവ്യവസ്ഥയും

പുരുഷന്മാര്‍ക്കും വേണം നീതി | ജിതിൻ ഉണ്ണികുളം
ഇത് വായിച്ചു തുടങ്ങുന്നതിന് മുന്‍പേ നിങ്ങളോട് ഒന്ന് പറയട്ടെ \” ഞാന്‍ ഒരു സ്ത്രീ വിരുദ്ധനല്ല, പക്ഷെ ഞങ്ങള്‍ പുരുഷന്മാര്‍ക്കും കിട്ടണം നീതിയും സമത്വവും \” ആദ്യകാലങ്ങളില്‍ എവിടെയും കണ്ടിരുന്നത് ഇങ്ങനെ ആയിരുന്നു \” ഞങ്ങള്‍ സ്ത്രീകള്‍ക്കും തുല്യ സമത്വം, ഞങ്ങള്‍ക്കും വേണം നീതി \” ഇങ്ങനെ പറഞ്ഞുകൊണ്ട് കുറെ സ്ത്രീകള്‍ സമരം നടത്തിയതിന്റെ ഫലമാണ് ഇന്ന് പുരുഷന്മാര്‍ അനുഭവിക്കുന്നത്.

പീഡനം എന്ന് പറയുന്നത് ഇന്ന് സ്ത്രീകള്‍ ഏതൊരു പുരുഷനെയും താന്‍ വരച്ച വരയില്‍ നിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു പദമായി മാറിയിരിക്കുന്നു. തൊട്ടതിനും പിടിച്ചതിനും ഒക്കെ പീഡനം എന്ന വാക്ക് ഉപയോഗിച്ച് കേസ് ഫയല്‍ ചെയ്യും. അവിടെ നിയമം സ്ത്രീകള്‍ക്ക് ഒപ്പം. യഥാര്‍ത്ഥത്തില്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെടുന്ന പല സ്ത്രീകള്‍ക്കും നീതി ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേട്ട് കഥകള്‍ ഉണ്ടാക്കുന്നവര്‍ക്കാണ് ഇവിടെ നീതി ലഭിക്കുന്നത്.

പീഡനങ്ങള്‍ വര്‍ദ്ധിച്ചതല്ല ഇന്ന് നാം ദിവസവും അത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ കാണുവാന്‍ കാരണം. ഇന്നത്തെ നിയമം സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കുന്നതിനാല്‍ എല്ലാവരും പീഡനം എന്ന പേരില്‍ കേസ് കൊടുക്കുന്നത് കൊണ്ടാണ് അത്തരം വാര്‍ത്തകള്‍ ദിനംതോറും വരുന്നത്…

ഇത്തരത്തില്‍ എന്തിനും ഏതിനും പീഡനം എന്ന വാക്ക് ഉപയോഗിച്ച് പുരുഷന്മാരെ കീഴടക്കുന്ന നടപടിക്കെതിരെ ശക്തമായ ഒരു നിയമം വന്നില്ലെങ്കില്‍ വരും കാലം ഇവിടെ ഉള്ള പുരുഷന്മാര്‍ ചിലപ്പോള്‍ കല്യാണം പോലും കഴിച്ചില്ലെന്ന് വരാം.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില സംഭവങ്ങള്‍ അങ്ങനെയാണ് സൂചിപ്പിക്കുന്നത്.
കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മൂന്ന്‍ സ്ത്രീകള്‍ കൂടി ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു. എന്നിട്ട് സംഭവിച്ചതോ? നാട്ടുകാര്‍ എല്ലാം നോക്കി നിന്നൂ, നിന്നത് നന്നായി എന്ന് ഇപ്പോള്‍ അവര്‍ക്കും തോനുന്നുണ്ടാകും, കാരണം ഇല്ലെങ്കില്‍ ഇന്ന് അവര്‍ക്ക് നേരെയും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് വന്നേനെ..

അടിയെല്ലാം കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഈ സ്ത്രീകളെ തടഞ്ഞു നിര്‍ത്തി പോലീസിനെ വിളിച്ചു, അവര്‍ വന്നു സ്ത്രീകളെ കൂട്ടിപ്പോയി. ആള്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഈ പീഡനം ഒരു സ്ത്രീയ്ക്കായിരുന്നു സംഭവിച്ചതെങ്കിലോ? ഇവിടുത്തെ മാധ്യമങ്ങളും ഫെമിനിസ്റ്റുകളും എന്ന് വേണ്ട എല്ലാവരും വരും പിന്തുണയുമായി. ചാനല്‍ ചര്‍ച്ചകള്‍ സജീവമാകും. സംഭവത്തില്‍ ആരോപിക്കപ്പെട്ട ആള്‍ അങ്ങനെ ചെയ്തോ എന്ന് പോലും ചിലപ്പോള്‍ അന്വേഷിച്ചു എന്ന് വരില്ല, അതാണ്‌ സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം.

കഴിഞ്ഞ ദിവസം അടി കിട്ടിയ ഡ്രൈവറെ ആരും പിന്തുണച്ചില്ല എന്ന് മാത്രമല്ല, അയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനെതിരെ ദിനംതോറും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് പുരുഷ പീഡനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു?

സുപ്രീം കോടതി പോലും പറഞ്ഞിരിക്കുന്നു സ്ത്രീകള്‍ പീഡനം എന്ന് പറഞ്ഞു തരുന്ന പരാതിയില്‍ സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കിയിട്ടെ കേസ് എടുക്കാവൂ എന്ന്, പക്ഷെ തെളിവുകള്‍ നിരവധി ഉണ്ടായിട്ടും പല പുരുഷ പീഡനക്കേസുകളിലും സ്ത്രീകളെ വെറുതെ വിടുന്നതായിട്ടാണ് കാണുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയില്‍ നടന്ന സംഭവം .

പഴയകാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ അക്രമ വാസന കൂടുതലും സ്ത്രീകളിലാണ് കാണുന്നത്, അത് എന്താണ് കാരണം എന്ന് എനിക്കറിയില്ല, പക്ഷെ ഒന്നറിയാം വരുംകലാം പുരുഷന്‍ സ്ത്രീയുടെ അടിമയായി മാറും ഈ രീതി തുടര്‍ന്നാല്‍.. സ്ത്രീപീഡനങ്ങള്‍ കേള്‍ക്കുമ്പോള്‍ മാത്രം വായ തുറക്കുന്ന ഇവിടുത്തെ പ്രമുഖരെ, പുരുഷന്മാരും മനുഷ്യരാണ്, അവര്‍ പീഡനത്തിനു ഇരയാകുമ്പോഴും നിങ്ങള്‍ പ്രതികരിക്കണം

Staff Reporter