മലയാളം ഇ മാഗസിൻ.കോം

നിങ്ങൾ അറിഞ്ഞതിനപ്പുറം മറ്റൊരു വശം കൂടിയുണ്ട്‌ യൂബർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിന് പിന്നിൽ!

കൊച്ചിയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ മൂന്ന് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചെന്ന കേസില്‍ കേരളത്തില്‍ വന്‍ മാധ്യമ വിചാരണയാണ് നടന്നത്. സീരിയല്‍ നടിയായ എയ്ഞ്ചല്‍ മേരിയും സുഹൃത്തുക്കളായ രണ്ട് യുവതികളും ചേര്‍ന്ന് ടാക്സി ഡ്രൈവറെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും അടി വസ്ത്രം വരെ വലിച്ച് കീറുകയും ചെയ്തു എന്നതായിരുന്നു കേസ്.

മൂന്ന് യുവതികളുടെ ആക്രമണം മാധ്യമങ്ങള്‍, പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു. യുവതികള്‍ മദ്യലഹരിയിലാണ് ഇത് ചെയ്തതെന്നും മയക്ക് മരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ട് എന്നും മറ്റും എഴുതി പലരും കേമന്മാരായി.

യുവതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചും ചിലര്‍ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. എന്നാല്‍ സംഭവത്തിന്‍റെ ഒരുവശം മാത്രമാണ് കേരളം കേട്ടതും അറിഞ്ഞതും എന്ന് എയ്ഞ്ചല്‍ മേരി ഒരു ഇംഗ്ളീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പറയുന്നു.

തന്‍റെ കുടുംബ ജീവതം പോലും ഈ സംഭവത്തോടെ നഷ്ടമാകുന്ന നിലയിലാണെന്നും എയ്ഞ്ചല്‍ മേരി പറയുന്നു. നാലാം വയസ്സില്‍ ഏക മകന് ഒരു അപകടത്തില്‍ വളര്‍ച്ചയുടെ തകരാറ് സംഭവച്ചിരുന്നു. ഇതിന് ഒരു അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടതിനായി ഓടി നടക്കുന്നതിന് ഇടയിലാണ് കുടുംബ ബന്ധം പോലും തകര്‍ക്കാന്‍ പര്യാപ്തമായ ഈ സംഭവം അരങ്ങേറുന്നത്.

ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കുന്ന ക്ളാര ഷിബിനും ഇതിനെ തുടര്‍ന്ന് ഗര്‍ഭപാത്രത്തിലെ രക്ത സ്രാവത്തിന് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുടെ ചവിട്ടേറ്റതിനെ തുടര്‍ന്നാണിത് സംഭവിച്ചത് എന്നും എയ്ഞ്ചല്‍ മേരി പറയുന്നു.

തങ്ങള്‍ ബുക്ക് ചെയ്ത യൂബര്‍ ടാക്സിയില്‍ മറ്റൊരു യാത്രക്കാരനെ കണ്ടതിനെ കുറിച്ച് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. യൂബര്‍ ടാക്സിയിലെ പൂളിംഗ് സിസ്റ്റത്തെ കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പുതുതായി തുടങ്ങിയതാണ് ഈ സൗകര്യം.
എന്നാല്‍ ഇതിനെ കുറിച്ച് ചോദിച്ച തങ്ങളോട് ഡ്രൈവര്‍ അതീവ മോശമായ രീതിയില്‍ പ്രതികരിക്കുകയായിരുന്നു. ഞങ്ങള്‍ അടുത്തുള്ള സെക്യൂരിറ്റിയോട് പരാതി പറയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. താന്‍ സിഐടിയു യൂണിയനില്‍ പെട്ട ആളാണെന്നും പോലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ല എന്ന തരത്തിലാണ് ഡ്രൈവര്‍ പറഞ്ഞത്. ഡ്രൈവറെ പിടിച്ച് മാറ്റാന്‍ ശ്രമിച്ച ക്ളാരയെ അയാള്‍ തള്ളിയിട്ട് ചവിട്ടുകയായിരുന്നു. എയ്ഞ്ചല്‍ മേരി പറയുന്നു.

അതിനെതിരെ ഞങ്ങള്‍ പ്രതികരിച്ചപ്പോള്‍ ഡ്രൈവറുടെ തലപൊട്ടി എന്നത് സത്യമാണെന്നും മേരി പറയുന്നു. പോലീസ് എയ്ഡ് പോസ്റ്റിലേക്ക് ഞങ്ങളെ മാറ്റിയപ്പോള്‍ അവിടെ വച്ച് ക്ളാരക്ക് അപസ്മാരം വന്നു. എന്നാല്‍ വനിതാ പോലീസ് വരാതെ ആശുപത്രിയില്‍ കൊണ്ട് പോകില്ല എന്നതായിരുന്നു പോലീസ് നിലപാട്. ആശുപത്രിയില്‍ ക്ളാരയെ അഡ്മിറ്റ് ചെയ്യാതിരിക്കാനും പോലീസ് ശ്രമിച്ചെന്നും എയ്ഞ്ചല്‍ മേരി പറയുന്നു.

കുടിച്ച് പൂസായ പെണ്ണുങ്ങളുടെ വിളയാട്ടം എന്ന രീതിയില്‍ കഥ പ്രചരിപ്പിച്ചവര്‍ ആരും യാതാര്‍ത്ഥ്യം അന്വേഷിച്ചില്ല. ക്ളാര ആശുപത്രിയില്‍ ചികിത്സയിലാണ്. എന്‍റെ കുടുംബ ജീവിതം അവസാനിക്കാന്‍ പോകുന്നു. ഭര്‍ത്താവിനെ കുറ്റം പറയുന്നില്ല. മാധ്യമങ്ങള്‍ അത്തരത്തിലാണ് കഥകള്‍ പ്രചരിപ്പിച്ചതെന്നുംം എയ്ഞ്ചല്‍ മേരി പറയുന്നു.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com