മലയാളം ഇ മാഗസിൻ.കോം

മാംസ വിപണിയിലെ പുതുരുചി: ടർക്കി, കുറഞ്ഞ മുതൽ മുടക്ക്‌, മികച്ച വരുമാനം

ഇറച്ചിക്കു വേണ്ടി ടർക്കി വളർത്തലിന് ഏറെ പ്രാധാന്യമുണ്ട്‌. കുറഞ്ഞ മുതൽ മുടക്ക്‌, കൂടിയ തീറ്റ പരിവർത്തന ശേഷി, ടർക്കിയിറച്ചിയിൽ മാംസ്യത്തിന്റെ അളവ്‌ കൂടുതൽ, ഇറച്ചിക്ക്‌ അധിക വില, വലിപ്പമുള്ള മുട്ട, ഉയർന്ന രോഗപ്രതിരോധശേഷി, ഏതു കാലാവസ്ഥയിലും വളർത്താം, വീട്ടു വളപ്പിൽ അഴിച്ചുവിട്ടും, വേലികെട്ടി തിരിച്ച സ്ഥലത്തും. കൂടുകളിൽ ഡീപ്‌ ലിറ്റർ രീതിയിൽ വളർത്തുമ്പോൾ സമീകൃതാഹാരം നൽകേണ്ടതുണ്ട്‌.

പ്രധാന ഇനങ്ങൾ
ബ്രോഡ്‌ ബ്രെസ്റ്റഡ്‌ ബ്രോൺസ്‌
ഇവയ്ക്ക്‌ കറുത്ത നിറമാണ്‌. പിടക്കോഴികളുടെ നെഞ്ചിലുള്ള തൂവൽത്തുമ്പുകൾക്ക്‌ വെളുത്ത നിറമാണ്‌. നിറവ്യത്യാസം നോക്കി 12 ആഴ്ച പ്രായത്തിൽ പൂവനെയും പിടയെയും തിരിച്ചറിയാം. 23-25 ആഴ്ച പ്രായത്തിൽ ഇവ ഏകദേശം 9-10 കിലോഗ്രാം വരെ തൂക്കം വയ്ക്കും. ഈ സമയത്ത്‌ ഇറച്ചിക്കായി വിൽക്കാം.

ബ്രോഡ്‌ ബ്രെസ്റ്റഡ്‌ ലാർജ്ജ്‌ വൈറ്റ്‌
ബ്രോഡ്‌ ബ്രെസ്റ്റഡ്‌ ബ്രോൺസും, വൈറ്റ്‌ ഹോളണ്ട്‌ എന്ന ഇനവും തമ്മിൽ സങ്കര പ്രജനനം നടത്തി ഉണ്ടായതാണിത്‌. വെളുത്ത നിറമുള്ള ഇവയ്ക്ക്‌ മറ്റുള്ള ടർക്കികളെക്കാളും ചൂടുള്ള കാലാവസ്ഥ തരണം ചെയ്യാൻ കഴിവുണ്ട്‌. പിടകളെ 18-20 ആഴ്ചയിലും പൂവനെ 28-30 ആഴ്ചയിലും വിൽക്കാം.

ബെൽസ്‌വിൽ സ്മാൾ വൈറ്റ്‌
താരതമ്യേന ചെറിയ ടർക്കികളാണിവ. മുട്ടയുൽപാദനത്തിൽ മുന്നിലാണ്‌. വർഷത്തിൽ 70-120 മുട്ടകൾവരെ ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കുറവാണ്‌. മെച്ചപ്പെട്ട പരിചരണം നൽകിയാൽ പൂവനേയും പിടയേയും 15-16 ആഴ്ച പ്രായത്തിൽ കമ്പോളത്തിലിറക്കാം.

കൂട്ടിലിട്ടും അഴിച്ചു വിട്ടും വളർത്താം. വീട്ടുപറമ്പിൽ വേലികെട്ടി അഴിച്ചുവിട്ട്‌ വളർത്തുന്നതാണ്‌ ലാഭകരം. അഴിച്ചുവിട്ടു വളർത്തുമ്പോൾ തീറ്റച്ചിലവ്‌ 20 മുതൽ 25 ശതമാനം വരെ കുറയ്ക്കുവാൻ കഴിയും. കൂട്ടിലിട്ടു വളർത്തുമ്പോൾ ഉയർന്ന തീററ പരിവർത്തനശേഷിയും വളർച്ച നിരക്കും ലഭിക്കും. കശുമാവിൻ തോപ്പിലും, തെങ്ങിൻതോട്ടത്തിലും അഴിച്ചുവിട്ട്‌ വളർത്താം. ചുറ്റും വേലികെട്ടണം ഇങ്ങനെ വളർത്തുമ്പോൾ രാത്രി സമയത്ത്‌ പാർപ്പിക്കാനായി ചെലവ്‌ കുറഞ്ഞ കൂട്‌ ഉണ്ടാവണം. ഒരു ടർക്കിക്ക്‌ 0.37 ചതുരശ്ര മീറ്റർ സ്ഥല ലഭ്യത വേണം. തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങൾ കൂട്ടിൽ മാത്രം വയ്ക്കണം. പകൽ സമയം അവയെ തുറന്നു വിടാം. നല്ല വൃത്തിയുള്ളതും നീർവാർച്ചയുള്ളതുമായ പ്രദേശത്ത്‌ മാത്രമേ ഈ രീതി നടപ്പിലാക്കാൻ സാധിക്കൂ. കൂടിനുള്ളിലായാലും തുറസായ സ്ഥലത്തായാലും ഇവയ്ക്ക്‌ ഉയരത്തിൽ പറന്നിരിക്കാനുള്ള സൗകര്യം (റുസ്റ്ററുകൾ) നൽകണം. 2-3 ഇഞ്ച്‌ വ്യാസമുള്ള തടികൾ ഇതിനായി സ്ഥാപിക്കണം.

ഡീപ്പ്‌ ലിറ്റർ സമ്പ്രദായത്തിലും ടർക്കികളെ വളർത്താം. ഡീപ്പ്‌ ലിറ്റർ രീതിയിൽ ഇണചേരാൻ പാകത്തിനാണ്‌ ടർക്കികളെ പാർപ്പിക്കുന്നതെങ്കിൽ ഒരെണ്ണത്തിന്‌ 0.93 ചതുരശ്രമീററർ എന്ന നിരക്കിൽ സ്ഥലം നൽകണം. പിടകളെ മാത്രമാണ്‌ പാർപ്പിക്കുന്നതെങ്കിൽ 0.51 ചതുരശ്ര മീറ്റർ മതിയാകും. കൂടിനുള്ളിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം.

ഉയർന്ന വളർച്ചനിരക്കുള്ളതിൽ ടർക്കി തീറ്റയിൽ മാംസ്യവും, ജീവകങ്ങളും, ധാതുലവണങ്ങളും കൂടുതൽ അടങ്ങിയിരിക്കണം. കുഞ്ഞുങ്ങൾ, വളരുന്ന ടർക്കികൾ, മുതിർന്നവ എന്നിവയ്ക്ക്‌ പ്രത്യേക തീറ്റ നൽകേണ്ടതാണ്‌. കുഞ്ഞുങ്ങൾക്ക്‌ – എട്ട്‌ ആഴ്ച പ്രായംവരെ 29% മാംസ്യം, 1.1% കാത്സ്യം, 0.7% ഫോസ്ഫറസ്‌ എന്നിവ അടങ്ങിയ സ്റ്റാർട്ടർ തീറ്റ നൽകണം. വളരുന്നവയ്ക്ക്‌ എട്ടാഴ്ച പ്രായം മുതൽ 20% മാംസ്യം, 1% കാത്സ്യം, 0.7% ഫോസ്ഫറസ്‌ എന്നിവ അടങ്ങിയ ഗ്രോവർ തീറ്റ നൽകണം. അരിയും, ഗോതമ്പും എട്ട്‌ ആഴ്ച കഴിഞ്ഞാൽ തിന്നു തുടങ്ങും.

പ്രജനനത്തിനുള്ള ടർക്കികൾക്കുള്ള തീറ്റ – പ്രജനനത്തിനുപയോഗിക്കുന്ന ടർക്കികൾക്ക്‌ മുട്ടയിടുന്നതിന്‌ ഒരു മാസത്തിന്‌ മുമ്പേ പോഷക സമൃദ്ധമായ തീറ്റ കൊടുത്തു തുടങ്ങണം. ഇവയുടെ തീറ്റയിൽ 16-18% മാംസ്യം, 2.3% കാത്സ്യം, 1% ഫോസ്ഫറസ്‌ എന്നിവ ഉണ്ടായിരിക്കും.

ടർക്കി ഒരു വർഷം 70-120 മുട്ടകൾ ഇടും. മുട്ടയുടെ തൂക്കം 70-90 ഗ്രാം ആണ്‌. മുട്ടയുടെ തോടിൽ ഇളംതവിട്ടു മുതൽ കടുംതവിട്ടുവരെ നിറത്തിലുള്ള പുള്ളികൾ കാണുന്നു.

മനുഷ്യശരീരത്തിന്‌ അത്യന്താപേക്ഷിതമായ എട്ട്‌ അമിനോ അമ്ലങ്ങൾ ടർക്കിമുട്ടയിലും ഇറച്ചിയിലും ഉണ്ട്‌. കൊഴുപ്പമ്ലങ്ങൾ നല്ലൊരുഭാഗവും അപൂരിതങ്ങളാണ്‌. ടർക്കിയിറച്ചി പോഷക സമൃദ്ധവും സ്വാദേറിയതുമായ ഒരു സമീകൃതാഹാരമാണ്‌. ടർക്കിമുട്ടയിലെ മാംസ്യവും കൊഴുപ്പും എളുപ്പം ദഹിക്കുന്നു. നമ്മുടെ നാട്ടിൽ ടർക്കി ഇറച്ചി ആവശ്യത്തിനനുസരിച്ച്‌ കിട്ടുന്നില്ല. മൃഗസംരക്ഷണ വകുപ്പിന്റെ കൊല്ലം കുരീപ്പുഴയിലുള്ള ഫാമാണ്‌ കേരളത്തിൽ ഈ മേഖലയിൽ ടർക്കികളെ വളർത്തുന്ന കേന്ദ്രങ്ങളിലൊന്ന്‌.

ഡോ. സാബിൻ ജോർജ്ജ്‌
അസിസ്റ്റന്റ്‌ പ്രൊഫസർ, മണ്ണുത്തി വെറ്ററിനറി കോളേജ്‌

Avatar

Staff Reporter

turkey-farming

Avatar

Staff Reporter