തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് അപ്രസക്തമാകുന്നോ? അപ്രസക്തമാക്കാനുള്ള കരുക്കൾ നീക്കുകയാണ് അണിയറയിൽ ബിജെപി. ഇത്തവണ എന്തു വിലകൊടുത്തും ഈ സീറ്റിൽ കോൺഗ്രസിനെയും ഇടതുമുന്നണിയെയും തോൽപ്പിക്കാൻ തയ്യാറെടുക്കുകയാണ് അവർ.
ശബരിമല വിഷയത്തിൽ ആർക്കൊക്കെ രാഷ്ട്രീയ നേട്ടം ഉണ്ടായെന്ന് വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് വരുന്നത് എന്നതുകൊണ്ടുതന്നെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ കേരളത്തിലെ പ്രബല മുന്നണികളെ പരാജയപ്പെടുത്തുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി എന്ത് വിട്ടുവീഴ്ച്ചക്കും പാർട്ടി തയ്യാറാകും എന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ പൊതുസമ്മതനെ സ്ഥാനാർത്ഥിയാക്കാനാണ് ഇപ്പോൾ ബിജെപി ആലോചിക്കുന്നത്. അയ്യപ്പഭക്ത സംഗമത്തിന്റെ വിജയം രാഷ്ട്രീയ ലാഭമാക്കാനാണ് ശ്രമം. എൻഎസ്എസിനും ശബരിമല കർമ്മസമിതിക്കും കൂടി പങ്കാളിത്തമുള്ള ഒരു സ്ഥാനാർഥി എന്നതാണ് ബിജെപി മുന്നോട്ടു വെക്കുന്ന ഫോർമുല. എൻഎസ്എസിനെ പൂർണമായും തങ്ങളോടൊപ്പം നിർത്താൻ ഇതിലൂടെ സാധിക്കും എന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.
ബിജെപി നേതാവ് കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവന്ന് മത്സരിപ്പിക്കണം എന്നൊരു അഭിപ്രായവും ബിജെപിയിലെ ചില നേതാക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബിജെപി നേതാക്കളെക്കാൾ എൻഎസ്എസിന്റെ അഭിപ്രായത്തിനാകും ബിജെപി കൂടുതൽ ചെവി കൊടുക്കുക. സിറ്റിംഗ് എംഎൽഎ ശശി തരൂർ എൻഎസ്എസിന് അത്ര വേണ്ടപ്പെട്ടവനല്ല എന്നതും ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുമായി എൻഎസ്എസ് കൊമ്പുകോർക്കുന്നതും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.
അതേസമയം തിരുവനന്തപുരത്തെ സ്ഥാനാർഥിയെ സംബന്ധിച്ചും സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും എൻഎസ്എസും അനൗപചാരിക ചർച്ചകൾ തുടങ്ങി. എൻഎസ്എസിന്റെ ശക്തി തെളിയിക്കേണ്ട തെരഞ്ഞെടുപ്പാണ് ഇതെന്ന ഉത്തമ ബോധ്യം നേതൃത്വത്തിനുണ്ട്. അതുകൊണ്ടു തന്നെ എൻഎസ്എസ് പരസ്യമായി പിന്തുണക്കുന്ന ഒരു സ്ഥാനാർഥി വരികയും പരാജയപ്പെടുകയും ചെയ്യുക എന്നത് ആത്മഹത്യാപരമാകും. ഈ രണ്ട് ഘടകങ്ങളും വച്ച് എല്ലാ താലൂക്ക് യൂണിയനുകളിലെയും പ്രധാനപ്പെട്ട ആളുകൾ പഠനങ്ങളും ചർച്ചകളും നടത്തുന്നുണ്ട്.
ഓരോ താലൂക്ക് യൂണിയന്റെ കീഴിലും 150 മുതൽ 160 വരെ കരയോഗങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പ്രസ്ഥാനം പറഞ്ഞാൽ ചെയ്യുന്ന വോട്ടുകളുടെ കണക്കും പ്രദേശങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ഷെയറും സംബന്ധിച്ച് കൃത്യമായ പഠനത്തിന് ശേഷമാകും എൻഎസ്എസ് തീരുമാനം എടുക്കുക.
ഒരു രാഷ്ട്രീയ പരീക്ഷണത്തിന് ഏതായാലും എൻഎസ്എസ് തയ്യാറാവില്ല. വിജയം ഉറപ്പുണ്ടെങ്കിൽ മാത്രം തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാനാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. എങ്ങനെയും തിരുവനന്തപുരത്ത് എൽഡിഎഫിനെയും യുഡിഎഫിനെയും തോൽപ്പിക്കുക എന്നത് മാത്രമാകും ബിജെപിയുടെ ലക്ഷ്യം എന്നതു കൊണ്ടുതന്നെ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന്റെ പരീക്ഷണശാലയാകും തിരുവനന്തപുരം എന്നതിൽ തർക്കമില്ല.