മലയാളം ഇ മാഗസിൻ.കോം

കരുത്താർജ്ജിച്ച്‌ കാവിപ്പട, ആശങ്കയോടെ ഇടത്‌-വലത്‌ പക്ഷങ്ങൾ: ത്രിപുരയിൽ ബിജെപി അത്ഭുതം കാട്ടിയത്‌ ഇങ്ങനെ!

ഇന്ത്യൻ രാഷ്ടീയത്തിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ബി.ജെ.പി ത്രിപുരയിയിൽ നേടിയ വിജയം. ത്രിപുരയിലെ കമ്യൂണിസ്റ്റ് കോട്ട തകർക്കുക എന്നത് അമിത്ഷാ-മോദി കൂട്ടുകെട്ടിന്റെ വലിയ ഒരു അജണ്ടയായിരുന്നു. ഇതിനായി സംഘപരിവാറിന്റെ ബുദ്ധികേന്ദ്രങ്ങൾ പിഴവില്ലാത്ത വിധം കൃത്യമായ തന്ത്രങ്ങൾ അസൂത്രണം ചെയ്തു അത് പ്രാവർത്തികമാക്കുവാൻ എതിർ ചേരിയിൽ നിന്നുള്ളവരെ നിയോഗിക്കുകയും ചെയ്തു ഒപ്പം ചിട്ടയായ പ്രവർത്തനവും നടത്തി.

\"\"

അതിന്റെ ഫലമാണ് തിർപുരയിൽ കമ്യൂണിസ്റ്റ് പാർട്ടി തകർന്നടിഞ്ഞത്. എതിരാളികളുടെ ദൗർബല്യവും ഒപ്പം സാഹചര്യത്തിനനുസരിച്ചുള്ള അടവുകളും പുറത്തെടുക്കുകമാത്രമല്ല ബി.ജെ.പി ചെയ്തത് താഴെ തട്ടിൽ നിന്നു തന്നെ ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിൽ മികച്ച പ്രവർത്തനവും കാഴ്ചവെച്ചു. വർഗ്ഗീയതയല്ല മറിച്ച് ജനങ്ങൾക്കിടയിലെ സി.പി.എം വിരുദ്ധതയും കോൺഗ്രസ്സിന്റെ ദൗർബല്യവുമാണ് പ്രധാനമായും ത്രിപുരയിൽ ബി.ജെ.പിക്ക് വൻ വിജയത്തിനു സാധ്യത തുറന്നു നൽകിയത്.

യുദ്ധം ജയിക്കുവാൻ അംഗബലവും ആയുധ ബലവും മാത്രം പോര ഒപ്പം തന്ത്രശാലികളും അതു നടപ്പിലാക്കുവാൻ മിടുക്കരായ ആളുകളും വേണം. അത് കൃത്യമായി മനസ്സിലാക്കിയാണ് സംഘപരിവാർ ത്രിപുരയിൽ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. അമിത്ഷായുടെ കീഴിൽ ത്രിപുരക്കായി തന്ത്രമൊരുക്കുവാൻ സുനിൽ ദേവ്ധർ എന്ന ആർ.എസ്.എസ് നേതാവ് പിന്നണിയിൽ പ്രവർത്തനം ആരംഭിച്ചിട്ട് കാലം കുറെ ആയി. അത് നടപ്പിലാക്കുവാൻ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ഒപ്പം നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനർ ഹിമന്ദ് ബിശ്വ ശർമയും. കമ്യൂണിസ്റ്റു കോട്ട തകർത്തുകൊണ്ട് പിഴക്കാത്ത ചുവടുകളുമായി ബി.ജെ.പി അധികാരത്തിലേക്ക് കയറിയത് കേന്ദ്രസർക്കാരിന്റെ അനുഗ്രഹാശിസ്സസോടെ ഈ മൂവ്വരുടെയും കീഴിൽ നടന്ന പ്രവർത്തനമാണ്.

\"\"

ആസാമിയായ ഹിമന്ത കോൺഗ്രസിലെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാൾ ആയിരുന്നു. തരുൺ ഗോ ഗോയിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഹിമന്ദ കോൺഗ്രസ് വിട്ടു. മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന ഹിമന്ദയിലെ തന്ത്രഞ്ജനെ മനസ്സിലാക്കുവാൻ ബി.ജെ.പി നേതൃത്വത്തിനു അധികം കാത്തിരിക്കേണ്ടി വന്നില്ല. 2016-ൽ ആസ്സാം ബി.ജെ.പി ഭരണത്തിലേറ്റിക്കൊണ്ട് അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പൾസ് അറിയുന്ന ഹിമന്ദ വളരെ പെട്ടെന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും വിശ്വസ്ഥനായി. ത്രിപുര പിടിച്ചെടുക്കുവാൻ നീക്കങ്ങൾ തുടങ്ങിയപ്പോൾ അതിനായി അദ്ദേഹത്തെ നിയോഗിക്കുവാൻ അവർക്ക് കൂടുതൽ ആലോചനയുടെ ആവശ്യം വന്നില്ല. ഒറ്റക്ക് പിടിച്ചെടുക്കുക ബുദ്ധിമുട്ടാണെന്ന ഹിമന്ദയുടെ നിരീക്ഷണമാണ് എ.പി.എഫ്.ഐയെ ഒപ്പം കൂട്ടുന്നതിനായുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. ആദിവാസി മേഖലയിലെ ചൂഷണങ്ങൾക്കും വികനസനമുരടിപ്പിനും എതിരെ ഉള്ള അസംതൃപ്തിയെ എ.പി.എഫ്.ഐ വഴി വോട്ടുകളായി മാറ്റാമെന്ന സാധ്യതയെ മുന്നിൽ കണ്ട് അവരുമായി സഖ്യത്തിൽ ഏർപ്പെട്ടു.

\"\"

ഒരിക്കലും അധികാരത്തിൽ എത്താനാകും എന്ന് സ്വപ്നം കാണുവാൻ പോലും സാധിക്കാതിരുന്ന കോൺഗ്രസ്സ് നേതാക്കൾക്ക് മുമ്പിൽ വാഗ്ദാനങ്ങളുടെ നീണ്ട നിരവന്നതോടെ അവർ ബി.ജെപിയിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. കോൺഗ്രസ്സിൽ നിന്നും ത്രിണമൂലിലെക്ക് പോയ ആറു എം.എൽ.എമാർ ഉൾപ്പെടെ വമ്പന്മാർ കടന്നുവന്നതോടെ സംഘപരിവാർ ക്യാമ്പിനു ആത്മവിശ്വാസം കൂടി. അടുത്തത് കാടിളക്കിയുള്ള പ്രചാരണം എന്ന അമിത്ഷായുടെ പതിവു തന്ത്രമായിരുന്നു. സാധ്യമായ എല്ലാ മാധ്യമങ്ങളേയും ഇതിനായി ഉപയോഗിച്ചു. വാട്സാപ്പ് ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ വലിയ പ്രചാരണങ്ങൾ വോട്ടർമാരുടെ മനസ്സിളക്കി.

ചെറുപ്പക്കാരെ കൂടെ നിർത്തുവാൻ സി.പി.എമ്മിനായില്ല. ഗ്യാസ് കണക്ഷൻ ഉൾപ്പെടെ ഉള്ളവ കേന്ദ്രസർക്കാർ നൽകിയതോടെ സ്തീകളും ബി.ജെ.പിക്ക് ഒപ്പം നിന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാത്ത ആദിവാസി മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുവാനായി ഇതര സംസ്ഥനങ്ങളിൽ നിന്നു പോലും ആർ.എസ്.എസ് പ്രവർത്തകരെ ഇറക്കി പ്രവർത്തനം നടത്തി. പ്രധാനമന്ത്രി അടക്കം കേന്ദ്ര മന്ത്രിസഭയിലെ നിരവധി പേർ ത്രിപുരയിൽ പ്രചാരണത്തിനായി എത്തിയതോടെ മുമ്പെങ്ങും ഇല്ലാത്ത വിധം തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുത്തു.

ബി.ജെ.പിയുടെ പ്രചാരണങ്ങൾക്ക് മറുപടിയായി മണിക് സർക്കാറിന്റെ ലളിത ജീവിതം ചൂണ്ടിക്കാണിച്ച് സി.പി.എം നടത്തിയ പ്രചാരണങ്ങൾ എങ്ങും ഫലം കണ്ടില്ല. ആൾക്കൂട്ടത്തെ ആകർഷിക്കുവാൻ തക്ക നേതാക്കളുടെ അഭാവവും തിരിച്ചടിയായി റോസ്‌വാലി ചിട്ടി തട്ടിപ്പും, അഴിമതി, കേന്ദ്രസർക്കാർ ഫണ്ടുകൾ ജനങ്ങൾക്ക് പ്രയോജനകരമായി നടപ്പിലാക്കാത്തതും ബംഗാളിലെ കോൺഗ്രസ്-സി.പി.എം സഖ്യത്തോടുള്ള ജനങ്ങളുടെ വിയോജിപ്പും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

\"\"

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടുതവണ മാത്രമാണ് ത്രിപുരയിൽ പ്രചാരണത്തിനെത്തിയത്. എന്നാൽ ബി.ജെ.പിയാകട്ടെ ത്രിപുരയെ പിടിച്ചെടുക്കുവാൻ കാണിച്ച ഉൽസാഹത്തിനു പിന്നിൽ മറ്റൊരു ലക്ഷ്യവും കൂടെ ഉണ്ട്. ബംഗാളിൽ തകർന്നു നാമാവശേഷമായ സി.പി.എമ്മിനെ ത്രിപുരയിൽ കൂടെ തകർത്താൽ തങ്ങളുടെ അടുത്ത ലക്ഷ്യമായ കേരളത്തിൽ അത് വലിയ ഗുണം ചെയ്യും എന്ന് അവർക്കറിയാം. അതിനെ ശരിവെക്കുന്നതാണ് വടക്കു കിഴക്കൻ സംസ്ഥാനമായ ത്രിപുരയിലെ കനത്ത പരാജയം കേരളത്തിലെ സി.പി.എമ്മിൽ ഉണ്ടാക്കിയിരിക്കുന്ന തളർച്ചയും ആശങ്കയും.

സി.പി.എം എന്നാൽ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള എന്നല്ല എന്ന് സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതറാം യച്ചൂരി പറഞ്ഞ വാക്കുകൾ അറം പറ്റിയ അവസ്ഥയിലാണിന്ന്. മണിക് സർക്കാരിന്റെ പതനത്തോടെ ആശങ്ക അണികൾക്കുള്ളിലേക്കും എത്തിയിരിക്കുന്നു. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് വിജയപരാജയങ്ങളിലും ത്രിപുരയിലെ പരാജയം ഒരു ഘടകമായി മാറും.

രാഷ്ട്രീയ നിരീക്ഷകൻ, മലയാളം ഇ-മാഗസിൻ.കോം

Avatar

Staff Reporter