ഒന്നോ അതിലധികമോ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടും സിനിമാ താരങ്ങൾ എന്ന അംഗീകാരം ലഭിക്കാത്ത, അല്ലെങ്കിൽ പ്രേക്ഷകർക്ക് അവരെ സിനിമാ നടനെന്നോ നടിയെന്നോ വിളിക്കാൻ താൽപര്യമില്ലാത്ത ചിലരുണ്ട്. പക്ഷെ അവർ നമുക്ക് അവരുടെ മേഖലകളിൽ വളരെ പ്രിയപ്പെട്ടവർ തന്നെ. അങ്ങനെയുള്ള 16 പേരെ നമുക്ക് പരിചയപ്പെടാം.
മുല്ലനേഴി
മലയാളത്തിലെ പ്രശസ്തനായ കവി മുല്ലനേഴി, തനിക്ക് കവിതാരചന മാത്രമല്ല, അഭിനയവും വഴങ്ങുമെന്ന് ആദ്യം നാടകത്തിലൂടെയും പിന്നീട് സിനിമയിലൂടെയും തെളിയിച്ചിട്ടുണ്ട്. 1995ൽ \’സമതലം\’ എന്ന നാടക ഗ്രന്ഥത്തിനും 2010ൽ കവിത എന്ന കൃതിയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ഉള്ളൂർ കവിമുദ്ര, നാലപ്പാടൻ സ്മാരക പുരസ്കാരം ഇവയൊക്കെ അംഗീകാരങ്ങളായി ലഭിച്ച അദ്ദേഹത്തെ ഒരു നടനായി അംഗീകരിക്കാൻ നമ്മൾ മലയാളികൾക്ക് എന്തുകൊണ്ടോ കഴിഞ്ഞില്ല. സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവ തന്നെ, അവസാനമായി അഭിനയിച്ച \’സ്നേഹവീട്\’ എന്ന ചിത്രത്തിലെ പ്രകടനം ഉൾപ്പടെ. എന്നാലും മലയാളിയ്ക്ക് മഹാനായ ഒരു കവി എന്നതിലുപരി ഒരു ചലച്ചിത്രതാരം എന്ന വിശേഷണം അദ്ദേഹത്തിന് ചാർത്താൻ ഒട്ടും താത്പര്യം ഇല്ല തന്നെ.
ബാലചന്ദ്രൻ ചുള്ളിക്കാട്
സാഹിത്യരംഗത്ത് മികച്ച സംഭാവനകൾ നൽകിയശേഷം അഭിനയ രംഗത്ത് സജീവമായ കവി. കേരളത്തിലെ അറിയപ്പെടുന്ന ആധുനിക കവി ശ്രേഷ്ഠന്മാരിൽ എണ്ണപ്പെട്ടയാൾ. ഇന്ന് അഭിനയ രംഗത്ത് (ടെലിവിഷൻ/സിനിമ) നിറ സാന്നിധ്യം ആണ് ബാലചന്ദ്രൻ ചുള്ളിക്കാട്. കവിതാ രചനയിൽ തികച്ചും വ്യത്യസ്ഥമായ പ്രമേയവും ആവിഷ്കരണവും കൈമുതലാക്കിയ ചുള്ളിക്കാടിന്റെ കവിതകളോളം തന്നെ പ്രശസ്തമാണ് അദ്ദേഹം രചിച്ച \’ചിദംബരസ്മരണ\’ എന്ന അനുഭവക്കുറിപ്പുകൾ. ജി അരവിന്ദന്റെ \’പോക്കുവെയിൽ\’ മുതൽ ഇന്നുവരെ ഏകദേശം 50 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, അവയിൽ മിക്കവാറും എല്ലാം ശ്രദ്ധേയം ആയിരുന്നു താനും. എന്നിട്ടും കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ചലച്ചിത്രതാരത്തിന്റെ പരിവേഷത്തിൽ കാണാൻ മലയാളികൾ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.