മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ നക്ഷത്രഫലം: ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ചും ദോഷ പരിഹാരങ്ങളും

വൃശ്ചികരാശിയിലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രമാണ് തൃക്കേട്ട. ജ്യോതിഷമനുസരിച്ചുള്ള 27 നക്ഷത്രങ്ങളിൽ 18-മത്തേതാണിത്. ചൊവ്വാ ഗ്രഹത്തോടു സമാനമോ കിടപിടിക്കുന്നതോ എന്നർത്ഥം വരുന്ന ഗ്രീക്കുപദത്തിൽ നിന്നാണ് അന്റെറീസ് എന്ന പദത്തിന്റെ നിഷ്പത്തി. ചുവന്ന നിറവും ദീപ്തിയും തൃക്കേട്ട നക്ഷത്രത്തിനുള്ളതാണ് ഈ പേരിനാധാരം.

തൃക്കേട്ടക്കാര്‍ പൊതുവെ ഏതെങ്കിലും വിഷയത്തെക്കുറിച്ച് അറിവു നേടാന്‍ താത്പര്യമുള്ളവരായിരിക്കും. താന്‍ ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ചെയ്യുന്ന ജോലി യാതൊരുമടിയും കൂടാതെ പെട്ടെന്നു തന്നെ ചെയ്തു തീര്‍ക്കുന്ന സ്വഭാവക്കാരനാണ്. നേരംമ്പോക്കു പറയാനും, കേള്‍ക്കാനും ഇവര്‍ക്ക് വളരെ താത്പര്യമുണ്ടാകും. തനിക്ക് പിടിക്കാത്തതും, ഇഷ്ടപ്പെടാത്തതുമായ കാര്യം കണ്ടാല്‍ ഉടന്‍ തന്നെ അതു തുറന്നു പറയുന്ന സ്വഭാവമാണ് ഇവര്‍ക്ക്. വാക്കു തര്‍ക്കങ്ങള്‍ വന്നാല്‍ ഉടനുടന്‍ ഉരുളക്കുപ്പേരി എന്ന കണക്കിനു മറുപടികൊടുക്കാന്‍ ഇവര്‍ക്ക് കഴിയും.

\"\"

ഇംഗ്ലീഷില്‍ പറയുന്ന പ്രത്യുത്പന്ന മിതത്വം ഇവരുടെപ്രത്യേകതയാണ്. ഇവര്‍ക്ക് പുതിയ പുതിയ ആശയങ്ങള്‍ തോന്നികൊണ്ടിരിക്കും. പ്രവര്‍ത്തനത്തിനുള്ള ഇവരുടെ കഴിവ് മന്ദീഭവിക്കാറില്ല. രാപകല്‍ നോക്കാതെ അധ്വാനിക്കും. പ്രായോഗിക ബുദ്ധി ഇവരില്‍ കൂടുതലായി കാണും. ചിലപ്പോള്‍ പരുഷമായും, കുത്തുവാക്കുപയോഗിച്ചും, ഗൂഢാര്‍ത്ഥം വച്ചും ഇവര്‍ സംസാരിക്കാറുണ്ട്. ഇവരെ സാധാരണ നല്ല കുടുംബത്തിലെ അംഗങ്ങളായിട്ടാണ് കണ്ട് വരുന്നത്. ദുര്‍ നടപടിക്കാരായ തൃക്കേട്ടട്ടക്കാരും കാണപ്പെടറുണ്ട്. ഇവര്‍ക്ക് സ്‌നേഹിതന്‍മാര്‍ കുറവായിരിക്കും, ഇവര്‍ അടിക്കടി അഭിപ്രായം മാറ്റികൊണ്ടിരിക്കും.

ഇവര്‍ പഠിക്കുന്നതിനു വളരെ സമര്‍ത്ഥന്‍മാരായിരിക്കും. തൃക്കേട്ടയുടെ നക്ഷത്രാധിപന്‍ ബുധന്‍ വിദ്യാകാരനായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചില കേട്ടക്കാര്‍ നല്ല ഗ്രന്ഥകാരന്‍മാരും, പത്രപ്രവര്‍ത്തകരും, ഗ്രന്ഥാന്വേഷികളായ നിരൂപകരും ആകാറുണ്ട്. ഇവര്‍ വളരെ അഭിമാനികളായരിക്കും. സംസാരശൈലിക്ക് നല്ല മൂര്‍ഛയുണ്ടായിരിക്കും. ചിലര്‍ ജന്തുക്കളെ വളര്‍ത്തുന്നതില്‍ താത്പര്യമുള്ളവരായിരിക്കും.

തൃക്കേട്ട നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ ബന്ധുക്കള്‍ക്ക് ദോഷം ചെയ്യുന്നു എന്നു ശാസ്ത്രങ്ങള്‍ പറയുണ്ട്. മുഹൂര്‍ത്ത ചിന്താമണി എന്ന ഗ്രന്ഥം അനുസരിച്ച് തൃക്കേട്ടയെ 10 ഭാഗമായി വിഭജിച്ച് 1-ാം ഭാഗത്തില്‍ ജനിച്ചാല്‍ അമ്മയുടെ അമ്മയ്ക്കും, രണ്ടാം ഭാഗത്തില്‍ അമ്മയുടം അച്ഛനും, മൂന്നാം ഭാഗത്തില്‍ അമ്മാവനും, നാലാം ഭാഗത്തില്‍ അമ്മയ്ക്കും, അഞ്ചാം ഭാഗത്തില്‍ തനിക്കും, ആറാം ഭാഗത്തില്‍ കുടുംബത്തിനും, ഏഴാം ഭാഗത്തില്‍ കുലത്തിനും, എട്ടാം ഭാഗത്തില്‍ ചേട്ടനും, ഒമ്പതാ ഭാഗത്തില്‍ ശ്വശുരനും, പത്താം ഭാഗത്തില്‍ എല്ലാത്തിനെയും നശിപ്പിക്കുമെന്നും പറയുന്നു.

\"\"

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് മുന്‍കോപവും, എടുത്തു ചാട്ടവും, വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വഭാവവും കാളപെറ്റു എന്നു കേട്ടാല്‍ കയറെടുക്കുന്നതുപോലെയുള്ള ധൃതിയും സാധാരണയായി ഉണ്ടായിരിക്കും. ചൊവ്വ രാശ്യാധിപനായതുകൊണ്ട് ഈ സ്വഭാവ വിശേഷം കാണുന്നത്. ഹൃദയചാഞ്ചല്യവും, മനസ്ഥിതിയില്ലായ്മയും ഇവരില്‍ കണ്ടു വരുന്നു. ഒരു കാര്യത്തെക്കുറിച്ചും ആലോചിച്ചു തീരുമാനിക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. ഇവരുടെ മനസ്സില്‍ ഒരു സംശയവും സ്ഥിരമായി നില്‍ക്കുകയില്ല.

മനസ്സില്‍ വരുന്നകാര്യം ഉടനെ തന്നെ മറ്റുള്ളവരോടു പറയാന്‍ ഇവര്‍ക്കു വലിയ ധൃതിയാണ്. ഈ ദൗര്‍ബ്ബല്യം ഇവരെ പലതരത്തിലുള്ള അബദ്ധങ്ങളിലും അനര്‍ത്ഥങ്ങളിലും അകപ്പെടുത്തുകയും ചെയ്യും. അതുപോലെ തന്നെ വിപരീത പരിസ്ഥിതികളില പിടിച്ചു നില്‍ക്കത്തക്ക മനശക്തിയും തന്റേടവും കുറവായിരിക്കും. കാഴ്ചക്ക് വലിയ ഗംഭീരന്‍മാരെന്നു തോന്നുമെങ്കിലും വിഷമം പിടിച്ച കാര്യങ്ങള്‍ വരുമ്പോള്‍ ഇവര്‍ പതറിപോകുന്നു. അഹങ്കാരികളാണെന്നു പുറമെ തോന്നുമെങ്കിലും ഇവരെ സൂക്ഷമമായി പഠിച്ചാല്‍ മനസ്സിന്റെ കട്ടിയില്ലായ്മ അനുഭവപ്പെടും.

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പ്രവര്‍ത്തനനിരതരും, പ്രവര്‍ത്തനങ്ങളില്‍ ബുദ്ധികൂര്‍മ്മത പ്രകടിപ്പിക്കുന്നവരുമായിരിക്കും. ഗൂഢശാസ്ത്രങ്ങളില്‍ താല്‍പര്യമുള്ള ഇവര്‍ കാര്യങ്ങളുടെ അടിത്തട്ടുവരെ അന്വേഷിക്കുന്ന പ്രകൃതിക്കാരാണ്. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ധര്‍മ്മനിഷ്ഠ, സംതൃപ്തി, ശീലഗുണം, വലിയ കോപം എന്നിവ ഉണ്ടായിരിക്കും. പുറമെ മനോബലം പ്രകടിപ്പിക്കുമെങ്കിലും ഇവര്‍ ചഞ്ചലചിത്തരും, ഭീരുക്കളുമായിരിക്കും. ഭാഗ്യം പിന്നോക്കം ആകയാല്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. കോപശീലവും വളഞ്ഞവഴികളും മനസ്സില്‍ നിന്നും നീക്കിയാല്‍ ഗുണകരമാകും.  

ഇവര്‍ക്ക് പുതിയ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ താത്പര്യം ഉണ്ടായിരിക്കും. അതിനുവേണ്ടി നല്ല പോലെ പരിശ്രമിക്കുകയും ചെയ്യും. അറിയാവുന്നകാര്യങ്ങള്‍ എളുപ്പത്തില്‍ പ്രയോഗിക്കുന്ന സ്വവഭാവക്കാരാണ് ഇവര്‍. വളഞ്ഞ വഴിയില്‍ ചിന്തിക്കുന്ന കുബുദ്ധികളല്ല. മറ്റുള്ളവരെ ചതിക്കാനോ, ഉപദ്രവിക്കാനോ, കുരുക്കില്‍ പെടുത്തുവാനോ ഇവര്‍ ആഗ്രഹിക്കാറില്ല. മറ്റുള്ളവരെ വഞ്ചിക്കന്ന പ്രകൃതക്കാരില നിന്നു ഇവര്‍ അകന്നു നില്‍ക്കാനാണ് ആഗ്രഹിക്കുക. തങ്ങളുടെ ആദര്‍സത്തിനു വിപരീതമായോ തങ്ങള്‍ക്കിഷ്ടമില്ലാത്തതുമായ പ്രവര്‍ത്തികള്‍ കണ്ടാല്‍ അതിനോടു ഉടന്‍ തന്നെ എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്യും. പലകാര്യങ്ങളും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കത്തക്ക അറിവുണ്ടായിരിക്കും. ഒരു കാര്യത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ തളരാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. കാര്യങ്ങളെ പ്രായോഗികമായി ചെയ്യാനുള്ള കഴിവുണ്ടായിരിക്കും.

നല്ല പ്രതിഭാശാലികളായിരിക്കും, കാര്യങ്ങളെ നല്ല പോലെ മനസ്സിലാക്കുവാനും, അതുപോലെ മറ്റുള്ളവരെ ന.പോലെ മനസ്സിലാക്കുവാനും കഴിവുണ്ടായിരിക്കും. മറ്റുള്ളവരെ ഉപദ്രവിക്കാനും വേദനിപ്പിക്കാനും ആഗ്രഹിക്കുകയില്ലെങ്കിലും പെരുമാറ്റം ക്രൂരംപോലെ തോന്നും. ധൃതിയും, മുന്‍കോപവും, തുറന്ന പെരുമാറ്റവും കൊണ്ടാണ് ഇങ്ങനെ തോന്നുക. ആവശ്യത്തി. കൂടുതല്‍ സംസാരിക്കുകയും മറ്റുള്ളവരെ തള്ളിപ്പറയുകയും ചെയ്യും. എത്ര വേണ്ടപ്പെട്ടവരായാലും തനിക്കിഷ്ടമില്ലാത്തതു കണ്ടാല്‍ ഉടന്‍ എതിര്‍ക്കും, മാത്രമല്ല ആ എതിര്‍പ്പിനെ മറ്റുള്ളവരോടു പറയുന്നത് സ്വഭാവമാക്കുകയുംചെയ്യും. ഈ സ്വഭാവം മൂലം ഇവര്‍ക്ക് ധാരാളം ശത്രുക്കള്‍ ഉണ്ടാകും. നാവില്‍ വരുന്നത് വിളിച്ചു പറയുക എന്നതും ഇവരുടെ ഒരു ദൗര്‍ബ്ബല്യമാണ്.

\"\"

ഇവര്‍ നിര്‍ബന്ധബുദ്ധികളും മറ്റുള്ളവര്‍ക്ക് വഴങ്ങാത്തവരുമാണെന്നു നേരത്തെ പറഞ്ഞുവല്ലോ ഈ നിര്‍ബന്ധവും വീണ്ടു വിചാരമില്ലായ്മയും ധൃതിയും, മുന്‍കോപവും ചേര്‍ന്നു ഇവരുടെ ജീവിതത്തിലെ മുന്നേറ്റത്തെ സാരമായി ബാധിക്കുന്നു. ശത്രുക്കളെയും സൃഷ്ടിക്കുന്നു. മറ്റുള്ളവര്‍ എത്ര ഉപദേശിച്ചാലും തനിക്കു തന്നേ ശരിയയെന്നു ബോധ്യപ്പെട്ടാലും ഇവര്‍ വീണ്ടും തനിക്കു തോന്നിയതു തന്നെ പ്രവര്‍ത്തിക്കുന്ന സ്വഭാവക്കാരാണ്. അതുകൊണ്ടു വിപരീതഫലമാണ് അനുഭവപ്പെടുന്നതെങ്കില്‍ അതിനെയും സമാധാനമായി ഏറ്റെകൊള്ളും. അതുകൊണ്ടു കുട്ടിക്കാലം മുതല്‍ക്കു തന്നെ തൃക്കേട്ടക്കാരെ ആത്മനിയന്ത്രണവും, വീണ്ടു വിചാരവും, ചുറ്റുപാടുകളെ വിലയിരുത്തി പ്രവര്‍ത്തിക്കാനുള്ള ശിക്ഷണവും നല്‍കിയാല്‍ ഭാവിയില്‍ ഇവര്‍ തങ്ങളുടെ മുഴുവന്‍ കഴിവുകളും നല്‍കുന്ന നല്ല പൗരന്‍മാരായി തീരും എന്നതില്‍ സംശയമില്ല.

ഇവരുടെ ആത്മാഭിമാനം ചിലപ്പോള്‍ ദുരഭിമാനം തന്നെയാകാറുണ്ട്. ഈ ദുരഭിമാനവും, വീണ്ടും വിചാരമില്ലാത്ത പ്രവര്‍ത്തനവും ക്രൂരവാക്കുകളും, വായില്‍ വരുന്നതു പറയുന്ന സ്വഭാവവും കാണുന്നവരോടെല്ലാം തുറന്നടിച്ചു പറയുന്ന സ്വഭാവവും കൂടി ചേരുമ്പോള്‍ മറ്റുള്ളവരുടെ അപ്രീതിയും വെറുപ്പും സമ്പാദിക്കാന്‍ പിന്നെ ഒന്നും വേണ്ടല്ലോ. ഇങ്ങനെ ഇവരെക്കുറിച്ചുള്ള അഭിപ്രായം ഇല്ലാതാകുന്നു. വളരെ അടുത്തവരെയും ഉപകാരികളെയും ബഹുമാനിക്കേണ്ടവരെയും ഇത്തരത്തിലുള്ള പെരുമാറ്റം കൊണ്ട് ഇവര്‍ അകറ്റുന്നു.

ബന്ധുക്കളെയോ സ്വജനങ്ങളെയോ കൊണ്ട് ഇവര്‍ക്ക് വലിയ ഉപകാരങ്ങളോ പ്രയോജനമോ ലഭിക്കാറില്ല. സ്വന്തം പരിശ്രമങ്ങള്‍ കൊണ്ടു മാത്രമെ ഇവര്‍ക്ക മുന്നേറാന്‍ സാധിക്കുകയുള്ളു. വീടിനു പുറത്താണ് ഇവരുടെ പ്രവര്‍ത്തനരംഗം മിക്കവാറും കാണുന്നത്. ബുധന്റെ സവിശേഷതയായ മന:ചാഞ്ചല്യം ഉള്ളതുകൊണ്ടു ഇവര്‍ പല പ്രവര്‍ത്തനങ്ങളിലും മാറി മാറി വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ ഇവര്‍ക്കു പ്രവണതയുണ്ടായിരിക്കും. അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ ഇവര്‍ അതിനു അടിമപ്പെട്ടു പോകും. ഇവരുടെ വിവാഹ ജീവിതം തൃപ്തികരമായിരിക്കും. ഏകദേശം 50 വയസ്സിനു ശേഷമേ ഇവരുടെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും വരുകയുള്ളൂ. അതു വരെ ജീവിതം ജയപരാജയങ്ങളുടെ മിശ്രണമായിരിക്കും.

തൃക്കേട്ട ഏട്ടനാകാം എന്നു ചൊല്ലുണ്ട്. ഇതിനെ രണ്ടു തരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. തൃക്കേട്ട നക്ഷത്രക്കാരുടെ ചേട്ടന് ദോഷം ഉണ്ടാകുമെന്ന് ഒരു പക്ഷം തൃക്കേട്ട നക്ഷത്രക്കാരിയായ പെണ്‍കുട്ടി വിവാഹം കഴിക്കുന്ന ആളിന്റെ ജ്യേഷ്ഠന് ദോഷം വരും എന്നോരഭിപ്രായം. ഇതു രണ്ടിനും പ്രസക്തിയില്ല എന്ന് മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു.

\"\"

തൃക്കേട്ട നക്ഷത്രത്തിന്റെ അവസാനത്തെ രണ്ടു നാഴികയും, മൂലത്തിന്റെ ആദ്യത്തെ രണ്ടു നാഴികയും ചേരുന്ന സമയത്തെ അഭൂക്തമൂലഗണ്ഡം എന്നു പറയുന്നു. ഈ സമയത്തു ജനിച്ച ശിശുവിനെ അച്ഛന്‍ 8 വര്‍ഷം വേര്‍പിരിഞ്ഞിരിക്കണം. ഇതിന്റെ കാരണം പറഞ്ഞിട്ടില്ല. ഏതായാലും ഹിന്ദിയില്‍ പ്രസിദ്ധ കവിയായ തുളസീദാസ് അഭുക്തമൂലത്തില്‍ ജനിച്ചതുകൊണ്ട് അച്ഛന്‍ അദ്ദേഹത്തെ കുട്ടിക്കാലത്തു തന്നെ ഉപേക്ഷിച്ചതായി കഥയുണ്ട്. ഇതൊക്കെകൊണ്ട് തൃക്കേട്ട നക്ഷത്രക്കാരികളായ പെണ്‍കുട്ടിയുടെ വിവാഹത്തിനു കാലതാമസം നേരിടുന്നു. മാത്രമല്ല തൃക്കേട്ട നക്ഷത്രക്കാരികള്‍ക്ക് ഭതൃസുഖവും, വിവാഹസുഖവും വളരെ കുറഞ്ഞു കാണുന്നു. ജീവിതത്തില്‍ വളരെ മനക്ലേശങ്ങള്‍ അനുഭവിക്കാനുള്ള സന്ദര്‍ഭങ്ങളും വന്നു ചേരും. ഇവരെപ്പറ്റി പല അപവാദങ്ങളും പറഞ്ഞു പരത്തുണ്ട്. ഇവര്‍ക്ക് സാധാരണയായി ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളു വരാറുണ്ട്.

അനുകൂല നക്ഷത്രങ്ങൾ – രോഹിണി 5, കാർത്തിക 7, ആയില്യം 8, പൂയം 6, മകം 6, ചോതി 6, അനിഴം 6. പ്രതികൂല നക്ഷത്രം – കേട്ട, മൂലം, പൂരാടം, തിരുവോണം, ചതയം, അശ്വതി, ഭരണി, മകയിരം, തിരുവാതിര, പുണർതം, വിശാഖം, ഉത്രം. അനുകൂല ദിവസം – തിങ്കൾ, ചൊവ്വ. പ്രതികൂല ദിവസം – ബുധൻ, ശുക്രൻ. അനുകൂല തിയതി – 5, 14, 23, 9, 18, 27. പ്രതികൂല തിയതി – 6, 15, 24. അനുകൂല നിറം – പച്ച, ചുമപ്പ്. പ്രതികൂലം – നീല, കറുപ്പ്, വെള്ള. നിർഭാഗ്യ മാസം – മിഥുനം, കുംഭം, തുലാം. അനുകൂലം – വൃശ്ചികം, മകരം, മേടം, കന്നി. ഭാഗ്യദേവത – നരസിംഹം, വാമനൻ. ശുഭകാര്യ നക്ഷത്രം – രോഹിണി, മകം, പൂരം, ഉത്രം, അത്തം, അനിഴം, ഉതൃട്ടാതി, രേവതി, അവിട്ടം. ദോഷദശ – ശുക്രൻ, വ്യാഴം. നക്ഷത്രമൃഗം – കേഴമാൻ. വൃക്ഷം – വെട്ടി. പക്ഷി – കോഴി. ഗണം – അസുരൻ. യോനി – പുരുഷൻ.ഭൂതം – വായു.

കടപ്പാട്‌: അരുവിക്കര ശ്രീകണ്ഠന്‍ നായര്‍

Staff Reporter