മലയാളം ഇ മാഗസിൻ.കോം

സി.പി.ഐക്ക്‌ കൈയ്യടി, മുഖം നഷ്ടപ്പെട്ട്‌ മുഖ്യമന്ത്രി: മുഖം രക്ഷിക്കു‍വാൻ ദിലീപിനെ കരു‍വാക്കു‍മോ?

തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും നിലപാടിനോട് വിയോജിച്ചുകൊണ്ട് എടുത്ത ശക്തമായ നിലപാടിനു സി.പി.ഐക്ക് കൈയ്യടി. രാജി വൈകുന്ന ഓരോ നിമിഷവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏറ്റുകൊണ്ടിരിക്കുകയായിരുന്നു. ഇരട്ട ചങ്കൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന പിണറായി വിജയൻ തോമസ് ചാണ്ടിക്ക് മുമ്പിൽ തീർത്തും ദുർബലനാണെന്ന ആരോപണം ശരിവെക്കും വിധത്തിലാണ്‌ സംഭവങ്ങൾ പുരോഗമിക്കുന്നത്.

പൊതു സമൂഹത്തിൽ നിന്നും ഹൈക്കോടതിയിൽ നിന്നും കനത്ത വിമർശനം ഏറ്റുവാങ്ങിയ തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തിൽ നിന്നും സി.പി.ഐ മന്ത്രിമാർ വിട്ടു നിന്നതോടെ ഇടതു മുന്നണിയിലെ അനൈക്യം മറനീക്കി പുറത്ത് വന്നു. ആരോപണ വിധേയനായ മന്ത്രിയെ മാറ്റി നിർത്തേണ്ടത് അനിവാര്യമാണെന്ന അഭിപ്രായം കഴിഞ്ഞ ഇടതുമുന്നണി യോഗത്തിലും ഉയർന്നു വന്നിരുന്നു. തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു. എന്നാൽ തുടക്കം മുതലേ തോമസ് ചാണ്ടിയെ അനുകൂലിക്കുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങൾ. കാര്യങ്ങൾ അനുദിനം വഷളായിവന്നപ്പോഴും മന്ത്രിയുടെ രാജിക്കാര്യം നീട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇതാണ്‌ ഇത്രയും വലിയ നാണക്കേടിലേക്ക് എത്തിച്ചത്ത്.

സി.പി.ഐ മന്ത്രിമാർ യോഗത്തിൽ നിന്നും വിട്ടു നിന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മാധ്യമപ്രവർത്തകർക്ക് മുമ്പിൽ പതിവിൽ നിന്നും വിഭിന്നമായി ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രത്യക്ഷപ്പെട്ടത്.മന്ത്രിസഭയിലെ ഭിന്നത മറനീക്കി പുറത്തുവന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ നീക്കം മുഖ്യമന്ത്രിയേയും വെട്ടിലാക്കി. സ്വാഭാവികമായും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആദ്യം ഒഴിവാക്കുവാനുള്ള തന്ത്രം പുറത്തെടുക്കുകയായിരുന്നു. ഇതിനായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ഇന്നത്തെ മന്ത്രിസഭായോഗം എടുത്ത ചില സംവരണക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടും ശ്രീനാരായണഗുരു, വിവേകാനന്ദൻ തുടങ്ങിയവരെ പരാമർശിച്ചുകൊണ്ടും ആണ്‌ ആരംഭിച്ചത്. രംഗം അല്പം ലഘൂകരിക്കുവാൻ കഴിഞ്ഞെങ്കിലും മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നും അതേ പറ്റി ചോദ്യങ്ങൾ കുറവായിരുന്നു അവർ ഉന്നയിച്ചത് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തെ പറ്റിയായിരുന്നു. അതേ പറ്റി മന്ത്രിസഭായോഗത്തിൽ ചർച്ച ഉണ്ടയില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.ഐ മന്ത്രിമാർ വിട്ടു നിന്നത് അസാധാരണമായ സംഭവം ആണെന്നും പാർട്ടി തീരുമാന പ്രകാരമാണ്‌ തങ്ങൾ വിട്ടു നില്ക്കുന്നതെന്നതെന്ന മന്ത്രി ചന്ദ്രശേഖരന്റെ കുറിപ്പ് ലഭിച്ചുവെന്നും പിണറായി വിജയൻ വിശദീകരിച്ചു.

സമ്പന്നനായ മന്ത്രിയെ രക്ഷിക്കുവാനുള്ള സി.പി.എം ശ്രമത്തിനെതിരെ പൊതു സമൂഹത്തിൽ നിന്നും ശക്തമായ വിയോജിപ്പാണ്‌ ഉയർന്നിട്ടുള്ളത്. എൻ.സി.പി മുന്നണി വിട്ടു പോയാലും ഭരണത്തിനു അതു യാതൊരു തരത്തിലും ഭീഷണിയാകില്ല എന്നിരിക്കെ എന്തിനാണ്‌ തോമസ് ചാണ്ടിയെ പരിധികൾ വിട്ട് സംരക്ഷിക്കുന്നതെന്ന സംശയം ശക്തമാണ്‌.

സന്ദർഭത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കുവാൻ പ്രതിപക്ഷത്തിനും ആകുന്നില്ല. സൊളാർ കേസുമായി ബന്ധപ്പെട്ട ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട ഉമ്മൻ ചാണ്ടി നിശ്ശബ്ദനാണ്‌. ഇതുമാത്രമല്ല പല നേതാക്കൾക്കും തോമസ് ചാണ്ടിയോടുള്ള വ്യക്തിപരമായ അടുപ്പവും പ്രതിപക്ഷത്തിന്റെ ദുർബലമായ നിലപാടിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി.ജെ.പിയാകട്ടെ കഴിഞ്ഞ ദിവസം ഒരു പ്രതിതിഷേധ സംഗമം നടത്തിയെങ്കിലും അതും വേണ്ടത്ര ശക്തമായില്ല. അവരും തോമസ് ചാണ്ടി വിഷയത്തെ മുൻ നിർത്തി സി.പി.എമ്മിനെതിരെ കടന്നാക്രമിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ്‌.

തോമസ് ചാണ്ടി രാജിവെക്കുന്നതിലൂടെ സി.പി.ഐക്ക് മുമ്പിൽ മുട്ടുകുത്തി എന്ന പ്രതീതി ഉണ്ടാകാതിരിക്കുവാൻ ഉള്ള നീക്കങ്ങൾ ഇനിയും മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും ഭാഗത്തു നിന്നും ഉണ്ടാകും.സി.പി.എമ്മിന്റെ ഏരിയാ സമ്മേളനങ്ങളിൽ തോംസ് ചാണ്ടി വിഷയം സൃഷ്ടിച്ച രാഷ്ടീയമായ പ്രതിസന്ധിയും അവമതിയും ചർച്ചയാകുവാനും ഇടയുണ്ട്.

മുഖം രക്ഷിക്കുവാൻ ദിലീപിനെ കരുവാക്കുമോ?
മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നത് തോമസ് ചാണ്ടിയെ സംരക്ഷിക്കുവാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന പ്രതീതി പരത്തുന്ന വാർത്തകളാണ്‌. പ്രധാനപ്പെട്ട മാധ്യമങ്ങൾ തുടർച്ചയായി തോമസ് ചാണ്ടി വിഷയവും അതിൽ മുഖ്യമന്ത്രിയുടെ നിലപാടും ചർച്ചയാക്കിക്കൊണ്ടിരിക്കു ന്നതിനാൽ വലിയ പ്രത്ഇച്ഛായ നഷ്ടമാണ്‌ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സംഭവിച്ചു കൊണ്ടിരിക്കുന്നത്. മന്ത്രി രാജിവെച്ചാലും ഒന്നു രണ്ടു ദിവസത്തേക്ക് ഈ വിഷയം തന്നെയാകും പ്രധാന വാർത്തയായി ഉണ്ടാകുക.

മാധ്യമ ചർച്ചകളിൽ നിറഞ്ഞു നില്ക്കുന്ന ഈ വിഷയത്തിൽ എത്രയും വേഗം ശ്രദ്ധ മാറ്റേണ്ടത് അനിവാര്യമാണെന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. ഇതിന്റെ ഭാഗമാണ്‌ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുവാൻ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയതെന്ന സംശയം ഉയരുന്നു. ഒരു പക്ഷെ നടനെ അറസ്റ്റ് ചെയ്തേക്കാമെന്ന അഭ്യൂഹവും ഉണ്ട്. അതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് അധിക ആയുസ്സുണ്ടാകില്ല എങ്കിലും തല്ക്കാലം രണ്ടു ദിവസത്തേക്ക് മറ്റൊരു വാർത്തകൂടെ സൃഷ്ടിച്ച് മാധ്യമ വാർത്തകളിൽ നിറയുന്ന തോമസ് ചാണ്ടി വിഷയത്തിന്റെ തീവ്രത കുറക്കാം എന്ന കണക്കു കൂട്ടൽ ഉണ്ട് എന്നാണ്‌ സംശയിക്കേണ്ടിയിരിക്കുന്നത്.

ദിലീപ് അനുകൂലികളുടെ ഫേസ്ബുക്ക് പെജായ ദിലീപ് ഓൺലൈനിൽ വന്ന പോസ്റ്റ് ഈ സംശയത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്. മംഗളം ടി.വിയുടെ സ്ക്രീൻഷോട്ട് സഹിതമാണ്‌ അവരുടെ പോസ്റ്റ്. പൾസർ സുനിയും സരിതയും പറയുന്നതിനു പൊന്നും വില കളക്ടർ അനുപമ മാഡം പറയുന്നതിനു പുല്ലുവില എന്ന ഒരു പോസ്റ്റ് നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. ദിലീപിലേക്ക് മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധമാറ്റി രക്ഷപ്പെടുവാനുള്ള തന്ത്രമാണെന്ന സൂചന വ്യക്തമാണ്‌. എന്നാൽ ഇതും ഫലിച്ചില്ലെങ്കിൽ മറ്റേതെങ്കിലും വിഷയം ഉടനെ ബ്രേക്കിംഗ് ന്യൂസിനായി പ്രത്യക്ഷപ്പെടും എന്നും കരുതുന്നവർ ഉണ്ട്.

പ്രതിപക്ഷത്തിന്റെ ദുർബലമായ ചില സമരങ്ങൾ ഒഴിച്ചാൽ മാധ്യമങ്ങളുടേയും കോടതിയുടേയും ഇടപെടൽ ഇല്ലായിരുന്നെങ്കിൽ തോമസ് ചാണ്ടിയുടെ രാജിയിലെക്ക് കാര്യങ്ങൾ എത്തില്ലായിരുന്നു. ഈ വിഷയത്തിൽ ഇടതുമുന്നണിയിൽ നിലനില്ക്കുന്ന ഭിന്നത വ്യക്തമാക്കിക്കൊണ്ട് മന്ത്രിസഭായോഗത്തിൽ നിന്നും സി.പി.ഐ മന്ത്രിമാർ വിട്ടു നിന്നു. എന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കെ സംരക്ഷിക്കുന്നു എന്നെല്ലാമുള്ള ആരോപണം ശക്തമായതോടെ സി.പി.എം വെട്ടിലായി. തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തിൽ റവന്യൂമന്ത്രിയും സി.പി.ഐയും ശക്തമായ് നിലപാട് എടുത്തതിലൂടെ ഇടത് മുന്നണിക്കല്ല മറിച്ച് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമാണ്‌ നാണക്കേടുണ്ടാക്കിയിരിക്കുന്നത്. ഇടുക്കിയിൽ ജോയ്സ് ജോർജ്ജ് എം.പിയുടെ 20 ഏക്രഭൂമിയുടെ പട്ടയം റദ്ദു ചെയ്തതും സി.പി.എമ്മിനു തിരിച്ചടിയായിട്ടുണ്ട്. മലപ്പുറത്ത് നിന്നുമുള്ള എം.എൽ.എയുടെ അനധികൃത നിർമ്മാണവും കയ്യേറ്റവും നേരത്തെ വാർത്തയായിരുന്നു. സംസ്ഥാനത്തെ പലഭാങ്ങളിലേയും കയ്യേറ്റക്കാരെയും നിയമ ലംഘകരേയും സംരക്ഷിക്കുന്നു എന്ന ഒരു പ്രതീതി പൊതുസമൂഹത്തിൽ വളർന്നു കഴിഞ്ഞു.

Avatar

Staff Reporter