മലയാളം ഇ മാഗസിൻ.കോം

ബാംഗ്ലൂർ വൈറ്റ്ഫീൽഡിലെ സായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ

ഹാർട്ട്‌ സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സത്യ സായിബാബചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ്‌ (White field) എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്‌.

കേരളത്തിൽ നിന്ന്‌ പലരും ഈ ആശുപത്രി അന്വേഷിച്ചു വരാറുണ്ട്‌, എന്നാൽ ബെഗ്ലൂർ പോലുള്ള ഒരു സ്ഥലത്ത്‌ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത്‌ സമയനഷ്ടവും ധന നഷ്ടവുംകുറയ്ക്കുന്നതിന്‌ ഉപകരിക്കും. ഈ ആശുപത്രിയെകുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:

1 കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന്‌ വൈറ്റ്ഫീൽഡിലേക്ക്‌ നിരവധി ബസുകൾ ഉണ്ട്‌. 335 നമ്പറിൽ തുടങ്ങുന്ന എല്ലാ ബസുകളും ഇവിടേയ്ക്ക്‌ പോകും, ബസിൽ കയറുന്നതിനു മുൻപ്‌ കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കുന്നതിനു ഒട്ടും വിമുഖത കാട്ടേണ്ടതില്ല, അവർ കൃത്യമായി ഉത്തരം നൽകും. ഭാഷ അറിയില്ല എന്നൊന്നും ഭയപ്പെടേണ്ടത്‌ ഇല്ല. സത്യ സായി ആശുപത്രി എന്ന്‌ ചോദിച്ചാൽ മതി.

ഓർഡിനറി ബസിന്‌ 25 രൂപയും എസി ബസിന്‌ 95 രൂപയുമാണ്‌ ഏകദേശം 18 കിലോമീറ്റർ ദൂരമുള്ള ഈ സ്ഥലത്തേക്കുള്ള നിരക്ക്‌

2 ട്രെയിനിൽ വരുന്നവരാണെങ്കിൽ KR Puram (കൃഷ്ണരാജപുരം) എന്ന സ്റ്റേഷനിൽ ഇറങ്ങുക (ചില ട്രെയിനുകൾ വൈറ്റ്‌ ഫിൽഡ്ല്‌ നിർത്താറുണ്ട്‌ എങ്കിൽ അവിടെ ഇറങ്ങുക) കൃഷ്ണ രാജ പുരം റയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന്‌ പുറത്തിറങ്ങിയാൽ മെയിൻ റോഡിൽ നിന്നു തന്നെ നിങ്ങൾക്ക്‌ ബസ്‌ ലഭിക്കും.

കഴിവതും ഓട്ടോറിക്ഷ ഒഴിവാക്കുക, യഥാർത്ഥ നിരക്കിൽ നിന്നും 10 – 20 ഇരട്ടിയാണ്‌ സാധാരണ ഓട്ടോറിക്ഷക്കാർ ഇവിടങ്ങളിലെല്ലാം ഈടാക്കുന്നത്‌. ആയതിനാൽ ആദ്യത്തെ ചതിയിൽ നിന്നും രക്ഷപ്പെടാൻ ഓട്ടോറിക്ഷ ഒഴിവാക്കുകയാണ്‌ നല്ലത്‌. (ബാഗ്ലൂർ നഗരത്തിൽ വരുന്നവർ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ്‌ ഇത്‌)

3 മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്‌. ധാരാളം ബസ്സുണ്ട്‌.

4 പുലർച്ചെ തന്നെ അവിടെ വരി (ക്യൂ) ആരംഭിക്കും, ആയതിനാൽ ഒരു ദിവസം മുമ്പേ വരുന്നത്‌ ആണ്‌ ഉചിതം.

5 ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ വരികൾ ആണ്‌ ഉള്ളത്‌. അത്‌ പ്രത്യേകം ശ്രദ്ധിക്കുക.

6 പുലർച്ചെ 6 മണിക്ക്‌ കൗണ്ടർ തുറക്കും.

7 രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും, ഡോക്ടറുടെ വിശദമായ കുറിപ്പും (X-Ray, ECG, Scan, CD തുടങ്ങിയവയുടെ റിസൾട്ട്‌ അടക്കം) കയ്യിൽ കരുത്തേണ്ടത്‌ അത്യാവശ്യമാണ്‌.

8 രോഗിയുടേയും, കൂടെയുള്ള ഒരാളിന്റെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുതേണ്ടതാണ്‌. (ആധാർ കാർഡും നിർബന്ധമാണ്‌)

9 കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും, ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും. അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയിൽ അവിടെ റിപ്പോർട്ട്‌ ചെയ്താൽ മതിയാകും.

10 യാതൊരുവിധത്തിലുള്ള ശുപാർശകളും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും
പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്‌.

11 ഭക്ഷണം, മരുന്ന്‌,മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്‌.

12 തികച്ചും നിർദ്ധനരായ രോഗികൾക്ക്‌ ചികിത്സ നൽകുന്ന സ്ഥാപനമാണ്‌ ഇത്‌.

13 പല ആശുപത്രികളിലും ലക്ഷങ്ങൾ വാങ്ങുന്ന ചികിത്സകളും, സർജറിയും ഇവിടെ പൂർണ്ണ സൗജന്യമാണ്‌.

14 ഇതൊരു ധർമ്മ സ്ഥാപനമാണ്‌. അപ്പോൾ അതിന്റേതായ പവിത്രതയോടും, ശുചിത്വത്തോടും കൂടി സൂക്ഷിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌.

15 ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്‌.

K.C.Biju. President, GDPS Bangalore North District

Avatar

Staff Reporter