മലയാളം ഇ മാഗസിൻ.കോം

ഗ്രീഷ്മയെ അപായപ്പെടുത്താൻ വിഷം ഷാരോൺ കൊണ്ടു വന്നതാകാമെന്ന്, കാര്യങ്ങൾ തിരിയുന്നോ?

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വാദി പ്രതിയാകുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ​ഗ്രീഷ്മയെ ഹാജരാക്കിയപ്പോഴാണ് പ്രതിഭാ​ഗം അഭിഭാഷകൻ കേസിന്റെ മറ്റൊരു വശം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എഫ്ഐആറിലെ ഉൾപ്പെടെ പിഴവുകളാണ് പ്രതിഭാ​ഗം ആയുധമാക്കുന്നത്. എന്തിനാണ് പഠിക്കാൻ ബഹുമിടുക്കിയും റാങ്ക് ഹോൾഡറുമായ ഒരു പെൺകുട്ടിയെ ഇവിടെ പിടിച്ചുകൊണ്ടുവന്ന് വെച്ചിരിക്കുന്നത് എന്ന ചോദ്യമാണ് പ്രതിഭാ​ഗം അഭിഭാഷകൻ കോടതിയിൽ ഉയർത്തിയത്.

തമിഴ്നാട്ടിൽ പല സ്ഥലങ്ങളിലും ഷാരോണും ഗ്രീഷ്മയും താമസിച്ചിട്ടുണ്ട്. എന്തോ വിഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്ഐആറിൽ പറയുന്നതെന്ന് പ്രതിഭാ​ഗം കോടതിയിൽ ചൂണ്ടിക്കാട്ടി. അത് ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ല. ഷാരോൺ തന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിഭാ​ഗം കോടതിയിൽ ചൂണ്ടിക്കാട്ടി.

ഷാരോണും സുഹ‍ൃത്തും ഗ്രീഷ്മയുടെ വീട്ടിൽ വന്നു എന്നത് അം​ഗീകരിച്ച പ്രതിഭാ​ഗം, അത് ​ഗ്രീഷ്മയെ അപായപ്പെടുത്താൻ ആയിക്കൂടെ എന്ന മറുചോദ്യവും ഉയർത്തി. വിഷം കൊണ്ടുവന്നത് ഷാരോൺ തന്നെയാകാം എന്നും ​ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരിക്കാം ലക്ഷ്യം എന്നും പ്രതിഭാ​ഗം വാദിച്ചു. ഇവ നിഷേധിക്കാൻ പ്രോസിക്യൂഷന് കഴിയുമോ എന്ന ചോദ്യം കൂടി പ്രതിഭാ​ഗം അഭിഭാഷകൻ ഉയർത്തിയതോടെയാണ് കേസ് കീഴ്മേൽ മറിയുമെന്ന സൂചനകൾ പുറത്തുവരുന്നത്.

നിലവിൽ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശം ഒരു തെളിവുപോലുമില്ല. തെളിവ് കണ്ടെത്താനെന്ന പേരിൽ തെളിവുണ്ടാക്കാനാണ് ഏഴു ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചു. നിലവിൽ ഏഴുദിവസം പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ കേസിന്റെ ​ഗതി മറ്റൊന്നാകും എന്നാണ് നിയമവിദ​ഗ്ധർ പറയുന്നത്. കൊലപാതകത്തിന് സാക്ഷികളും പ്രതികൾക്കെതിരെ മരണ മൊഴിയും ഇല്ലാത്ത സാഹചര്യത്തിൽ ശക്തമായ തെളിവുകൾ നിരത്താൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ വാദി പ്രതിയാകുന്ന കേസായി ഷാരോൺ കൊലക്കേസ് മാറും.

YOU MAY ALSO LIKE THIS VIDEO | അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! പച്ചക്കറിയും ഫലവൃക്ഷങ്ങളും മീനും പശുവും ആടും കോഴിയും താറാവും എല്ലാമുണ്ട്‌ ഇവിടെ

Avatar

Staff Reporter