ഗൂഗിൾ സെർച്ചിനെ വെല്ലുവിളിക്കാൻ ഒട്ടനവധി സെർച്ച് എൻജിനുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ അതിൽ ഒന്നിനുപോലും ഗൂഗിൾ സെർച്ചിന്റെ അടുത്തെത്താൻ ആയിട്ടില്ല എന്നതായിരുന്നു വാസ്തവം. പക്ഷെ എ ഐ രംഗത് വൻ കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പൺ എ ഐ ഗൂഗിൾ സെർച്ചിനു വെല്ലുവിളിയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് തുറന്ന ഒരു യുദ്ധത്തിന് വഴിവെക്കുമെന്നും പറയുന്നു.
ചാറ്റ് ജിപിടി സെര്‍ച്ച് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വെബ് സെര്‍ച്ച് പ്ലാറ്റ്ഫോം ഉപയോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും മറുപടി നല്‍കുമെന്നുമാണ് ഓപ്പണ്‍ എ.ഐയുടെ അവകാശവാദം. ഉപയോക്താവ് ചോദിക്കുന്നതനുസരിച്ച് ചാറ്റ് ജി.പി.ടി തന്നെ വെബ് സെര്‍ച്ച് നടത്തും. അല്ലെങ്കില്‍ വെബ് സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് തന്നെ വെബ് സര്‍ച്ചിലേക്ക് പോകാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതേസമയം ഇത് ലോഗിന്‍ ചെയ്യാത്ത സൗജന്യ ഉപയോക്താക്കള്‍ക്കും കൂടി ഇത് ലഭ്യമാക്കുമെന്നും ഓപ്പണ്‍ എ.ഐ വ്യക്തമാക്കി.
ഓപ്പണ്‍ എ.ഐയുടെ ജിപിടി 4 മോഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് എഞ്ചിനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ എഐയുടെ സഹായക്രമീകരണങ്ങളോടെ ഉപഭോക്താവിന് ലഭിക്കും. വാര്‍ത്തകള്‍, കായിക മത്സര വിവരങ്ങള്‍, സ്റ്റോക്ക് വിവരങ്ങള്‍ തുടങ്ങിയവ ഇമേജായും റിപ്പോർട്ടായും ഉപയോക്താക്കൾക്ക് ലഭ്യമാക്കും. മാത്രമല്ല അഡ്വാന്‍സ് വോയിസ് മോഡ് വെബ് സെര്‍ച്ചില്‍ കൊണ്ടുവരുമെന്നും ഓപ്പൺ എ ഐ ഉറപ്പുനൽകിയിട്ടുണ്ട്. നിലവില്‍ ചാറ്റ് ജി.പി.ടി പ്ലസ് ടീം ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമാണ്. വരും ദിവസങ്ങളില്‍ ഇത് സൗജന്യ ചാറ്റ് ജി പി ടി ഉപയോക്തക്കളിലേക്കും എത്തുമെന്നും ഒപ്പണ്‍ എഐ അറിയിച്ചു.