തൃശൂരിലെ വ്യവസായിയായ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയെടുത്ത കരുനാഗപ്പള്ളിക്കാരി യുവതി ഈ പണം ഉപയോഗിച്ച് നയിച്ചിരുന്നത് ആഢംബര ജീവിതം. രണ്ട് കോടിയിലേറെ രൂപയാണ് യുവതി വയോധികനിൽ നിന്നും പലപ്പോഴായി വാങ്ങിയത്. സംഭവത്തിൽ ഭീഷണി തുടർന്നതോടെയാണ് വയോധികൻ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് തൃശ്ശൂർ വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയിൽപടിത്തറ്റിൽ വീട്ടിൽ ഷെമി എന്ന ഫാബി (38), കൊല്ലം പെരിനാട് സ്വദേശിയായ മുണ്ടക്കൽ, തട്ടുവിള പുത്തൻ വീട്ടിൽ സോജൻ എസ് സെൻസില ബോസ് (32) എന്നിവർ പിടിയിലായത്.
തൃശ്ശൂരിലെ വയോധികനിൽ നിന്നും തട്ടിയെടുത്ത രണ്ടരക്കോടി രൂപയുടെ വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് 82 പവൻ സ്വർണാഭരണങ്ങളും ഇന്നോവ കാർ, ടയോട്ട ഗ്ലാൻസ കാർ, മഹീന്ദ്ര ഥാർ ജീപ്പ്, മേജർ ജീപ്പ്, എൻഫീൽഡ് ബുള്ളറ്റ് എന്നീ വാഹനങ്ങളും പ്രതികൾ വാങ്ങിയിരുന്നു. പ്രതികൾക്കൊപ്പം ഇവയും പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
2020ലാണ് തൃശൂരിലെ വ്യാപാരിയായ പരാതിക്കാരന് വാട്ട്സാപ്പിൽ മെസേജ് അയച്ച് യുവതി സൗഹൃദം സ്ഥാപിച്ചത്. വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസുകാരിയാണെന്ന് വ്യാപാരിയെ വിശ്വസിപ്പിച്ചു. ആദ്യമൊക്കെ ഹോസ്റ്റൽ ഫീസിനും വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി ചെറിയ തുകകൾ വ്യാപാരിയിൽനിന്നും കടം വാങ്ങിയിരുന്നു. പിന്നീട് ലൈ-ഗിക ചുവയുള്ള വീഡിയോ കോളുകളിലേക്ക് മാറി. പിന്നീട് നഗ്നത പകർത്തിയ വീഡിയോ പുറത്തു വിടുമെന്ന വ്യാപാരിയെ ഭീഷണിപ്പെടുത്തി വൻ തുകകൾ ആവശ്യപ്പെടുകയായിരുന്നു. പ്രതിയുടെ ഭീഷണിയിൽ ഭയന്ന വ്യാപാരി തന്റെ കൈവശമുള്ള പണവും ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് തുകകൾ പിൻവലിച്ചതും ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചും രണ്ടരക്കോടി രൂപ യുവതിക്ക് കൈമാറി.
എന്നാൽ പിന്നെയും പണം ആവശ്യപ്പെട്ടതോടെ വ്യാപാരി മകനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് മകൻ വ്യാപാരിയുമായെത്തി വെസ്റ്റ് പോലീസിൽ പരാതി നൽകിയതോടെയാണ് യുവതിയും ഭർത്താവും കുടുങ്ങിയത്.