ഗുരുവായൂർ: ഹാർത്തിയെ നാട് ആഘോഷിച്ചപ്പോൾ അവളുടെ മാതാപിതാക്കളുടെ നൊമ്പരം മനസ്സിലാക്കാനും അവരുടെ ആശങ്ക അകറ്റാനും മലയാളികൾക്ക് കഴിഞ്ഞില്ല. തങ്ങളുടെ കുഞ്ഞിനെന്തോ വലിയ ആപത്ത് സംഭവിക്കാൻ പോകുന്നെന്ന ചിന്തയിൽ തങ്ങളുടെ മൂന്ന് മക്കളെയും സംഘത്തിലുള്ള മറ്റുള്ളവരെയും കൂട്ടി ഹാർത്തിയുടെ മാതാപിതാക്കൾ രാജസ്ഥാനിലേക്ക് തിരികെ പോയി.
ഹാർത്തിയെ അറിയില്ലേ? മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ആസ്വദിച്ച് നിന്ന നാടോടി ബാലിക. മറ്റുള്ളവരുടെ കണ്ണുനീരിനെയും നിസ്സഹായതയേയും എളുപ്പം വൈറലാക്കാൻ പ്രാപ്തിയുള്ള മലയാളികൾ തെരുവ് കച്ചവടക്കാരിയായ നാടോടി ബാലിക പാട്ടും നൃത്തവും കണ്ട് സ്വയം മറന്നു നിൽക്കുന്ന വീഡിയോയും വൈറലാക്കി. തിളങ്ങുന്ന വേഷത്തിൽ നൃത്തം ചെയ്യാനൊരുങ്ങി നിൽക്കുന്ന സമപ്രായക്കാരായ പെൺകുട്ടികൾക്കിടയിൽ മുഴിഞ്ഞ വേഷവും തിളങ്ങുന്ന കണ്ണുകളുമുള്ള ആ പെൺകുട്ടിയുടെ ദൃശ്യം ഒരാൾ മൊബൈലിൽ ചിത്രീകരിച്ചു.
മിനിറ്റുകൾക്കുള്ളിൽ വിഡിയോ വൈറലായതോടെ കാര്യങ്ങൽ മാറിമറിഞ്ഞു. പെൺകുട്ടിയെ കണ്ടെത്തി സഹായങ്ങൾ നൽകാനായി ചില സഹൃദയർ രംഗത്തിറങ്ങി. കിഴക്കേനടയിലുള്ള ഉത്തരേന്ത്യക്കാരായ തെരുവുകച്ചവടക്കാരെ സമീപിച്ചു. രാജസ്ഥാനിൽ നിന്നെത്തിയ സംഘത്തിലെ സമയിന്റെയും പിങ്കിയുടെയും മകളാണ് ഹാർത്തി. സഹൃദയർ ഹാർത്തിയുടെ വിഡിയോ അച്ഛൻ സമയിനെ കാണിച്ചു. എന്തോ ആപത്താണെന്നു കരുതി തലയിൽ കൈവച്ച് സമയ് നിലവിളിയായി. ഓടിയെത്തിയ അമ്മ പിങ്കിയും കരച്ചിലായി. മകൾ പാവമാണെന്നും അവൾ തെറ്റൊന്നും ചെയ്യില്ലെന്നുമായി മാതാപിതാക്കൾ. മകൾ ചെയ്തത് വലിയ അപരാധമെന്നും അവൾക്ക് ആപത്ത് സംഭവിക്കുമെന്നും ഭയന്ന് അന്നുതന്നെ 10 അംഗ സംഘം രാജസ്ഥാനിലേക്ക് ട്രെയിൻ കയറി. പലരും ബന്ധപ്പെട്ടു തിരിച്ചുവരാൻ പറഞ്ഞു. പേടിച്ചരണ്ടുപോയ കുടുംബം വരാമെന്ന് ആദ്യം പറഞ്ഞെങ്കിലും ഉടൻ വരുന്നില്ലെന്ന തീരുമാനത്തിലാണ്.
YOU MAY ALSO LIKE THIS VIDEO, കരിമ്പ് കൃഷിയിൽ നൂറുമേനി വിജയം നേടാൻ കൊല്ലം ജില്ലയിലെ കർഷകൻ, അത് മാത്രമല്ല കാണാം സമ്മിശ്ര കൃഷിയിടം