മലയാളം ഇ മാഗസിൻ.കോം

അത്‌ കൊണ്ടാണ്‌ അഞ്ച്‌ പൈസ നഷ്ടപരിഹാരം വാങ്ങാതെ വിവാഹ ജീവിതം ഉപേക്ഷിച്ച നടിയെക്കാൾ പിന്തുണ, മുൻ ഭർത്താവായ നായകനടന്‌ ലഭിക്കുന്നത്‌

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ തപ്പട്‌ എന്ന ഹിന്ദി ചിത്രത്തെക്കുറിച്ച്‌ സമ്മിശ്രമായ പ്രതികരണമാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. നെറ്റ്ഫ്ലിക്സ്‌ റിലീസ്‌ ചെയ്ത ചിത്രം ലോക്ക്ഡൗൺ കാലത്ത്‌ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായി മാറിയിരിക്കുകയാണ്‌. ചിത്രത്തെക്കുറിച്ച്‌ നിരവധി പേരാണ്‌ റിവ്യൂ എഴുതുന്നത്‌. അക്കൂട്ടത്തിൽ പവിത്ര ഉണ്ണി എഴുതിയ റിവ്യൂ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്‌. റിവ്യൂ വായിക്കാം.

ഞാൻ കണ്ട തപ്പട്! തപ്പട്, ഇന്നലെയാണ് കണ്ടത്. സിനിമ തുടങ്ങി അര മണിക്കൂറിനുള്ളിൽ നടക്കുന്ന ഒരു അടി. അതിൽ പിടിച്ച് മുന്നേറുന്ന ഒരു വിവാഹമോചനക്കേസ്! രണ്ട് വരിയിൽ ഇത്രയേ ഉള്ളൂ തപ്പട് എന്ന് സിനിമ. പക്ഷെ സിനിമ കാണുമ്പോൾ തൊണ്ടയിൽ എന്തോ വന്ന് കുടുങ്ങിയ പോലെ, ശ്വാസം മുട്ടുന്ന പോലെ തോന്നുന്നുവെങ്കിൽ ആ സിനിമ അതിനപ്പുറവും ആണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞു എന്നർത്ഥം! നിങ്ങളിൽ മാത്രമാണ് പ്രതീക്ഷ. ഒരടി…അതവൾ ക്ഷമിക്കണമായിരുന്നു എന്ന് വിശ്വസിക്കുന്നവർ-ആണായാലും പെണ്ണായാലും തുടർന്ന് വായിക്കരുത്. നിങ്ങളോട് തർക്കിക്കാൻ വയ്യ!

ഈ ചിത്രത്തിന്റെ അവസാന നിമിഷം വരെ ഞാൻ ഭയന്നത്, പ്രത്യേകിച്ച് അമു ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ എന്നെ ഭയപ്പെടുത്തിയത് ഇതിന്റെ ക്ലൈമാക്സ്‌ ആയിരുന്നു. അങ്ങനെ ഒരു ക്ലൈമാക്സ്‌ അല്ലായിരുന്നുവെങ്കിൽ കൂടുതൽ സാമ്പത്തിക വിജയം സിനിമ നേടിയേനെ. എന്നിട്ടും പറയാൻ വന്ന കാര്യം വൃത്തിയായി പറഞ്ഞു തന്നെ അവസാനിക്കുന്നു ഈ സിനിമ-അതേ, ഒരടി മാത്രം!എന്നാലും അതിന് ആർക്കും അവകാശമില്ല! പെണ്ണിനും ആത്മാഭിമാനം ഉണ്ട് മിസ്റ്റർ!

സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ ഓരോന്നായി വിശകലനം ചെയ്യുമ്പോൾ, അമൃത(അമു), നേത്ര(വക്കീൽ), ശിവാനി(അയൽക്കാരി), സുനിത(വീട്ടുജോലിക്കാരി), സ്വാതി(അമുവിന്റെ അനിയന്റെ പ്രതിശ്രുത വധു), സന്ധ്യ(അമുവിന്റെ അമ്മ), അമുവിന്റെ അമ്മായി അമ്മ ഇവരിലെല്ലാം ഏറിയും കുറഞ്ഞും കാണുന്നത് നമ്മുടെ ചുറ്റുമുള്ള സ്ത്രീകളെ തന്നെയാണ്. സിനിമ കാണുന്ന ഓരോ സ്ത്രീയും ഇതിൽ ആരോടെങ്കിലും താതാത്മ്യം പ്രാപിക്കും. പുരുഷ കഥാപാത്രങ്ങളിലും ആ വൈവിധ്യം കാണാം. പ്രേക്ഷകർ ഏറ്റവും ഇഷ്ടപെടുന്ന അമുവിന്റെ അച്ഛൻ മുതൽ ഏറ്റവും വെറുക്കുന്ന സുനിതയുടെ ഭർത്താവ് വരെ. ഇതിൽ നിങ്ങൾ ആരാണ് എന്നാണ് പുരുഷന്മാർ സ്വയം ചോദിക്കേണ്ടത്.

അമുവിന്റെ ഭർത്താവ് വിക്രം, ഒരു ഉത്തമ പുരുഷനായാവും പല സ്ത്രീകൾക്കും പുരുഷന്മാർക്കും തോന്നിയിരിക്കുക. ഒരു നഴ്സറി കുട്ടിയെ സ്കൂളിൽ അയക്കുന്ന പോലെയാണ് അമു അയാളെ ഓഫീസിലേക്ക് യാത്രയാക്കുന്നത്. അവളുടെ ഓരോ ദിനവും ഒരേ ജോലിക്രമത്തിന്റെ ആവർത്തനമാണ്. അയാൾക്ക് ഇഷ്ടമുള്ള തരത്തിൽ തിളപ്പിച്ച ചായ മുതൽ പഴ്സും ലഞ്ച് ബോക്സും മറ്റും മറക്കാതെ എടുത്ത് കൊടുത്തും ഒരു തരത്തിൽ വിക്രമിന് അമ്മ തന്നെയാകുന്നുണ്ട് അമു! അടി കഴിഞ്ഞ ദിവസങ്ങളിൽ ഉറങ്ങാതെ നേരം വെളുപ്പിച്ച അമുവിനോട് അയാളുടെ അമ്മ പോലും ചോദിക്കുന്നത് വിക്രം നന്നായി ഉറങ്ങിയോ മോളെ എന്നാണ്. അയാളുടെ ദിനങ്ങൾക്ക് പൂർണ കംഫോർട്ട് കൊടുക്കുക എന്നതാണ് അമുവിന്റെ ദൗത്യം. ഒരു പക്ഷെ സമ്പന്ന കുടുംബമായിട്ടും ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ അമൃതയെ മരുമകൾ ആക്കുന്നതും ഈ സേവന ആവശ്യങ്ങൾ നിറവേറ്റാനാണ് എന്ന് തോന്നിപ്പോകുന്നു!

വിക്രമിന് സ്ത്രീകളോട് ബഹുമാനം ഇല്ല എന്നതിന് പല സീനുകൾ സാക്ഷിയാണ്. കാറിൽ പോകുമ്പോൾ മുന്നിൽ പോകുന്ന കാർ പതുക്കെ പോകുമ്പോൾ ദേഷ്യത്തോടെ ഹോൺ അമർത്തിക്കൊണ്ട് വിക്രം പറയുന്നുണ്ട്-എവിടെന്ന് ഇറങ്ങി വരുന്നു ഇവളുമാരൊക്കെ! (സ്ത്രീ ഡ്രൈവർമാരെ പരിഹസിക്കുന്നു) ശിവാനി ബെൻസ് ഓടിച്ച് പോകുമ്പോൾ അമുവിനോട് ചോദിക്കുന്നു-എന്തായിരിക്കും ഇവളുടെ ജോലി!(വലിയ നിലകളിൽ എത്തുന്ന സ്ത്രീകൾ പ്രത്യേകിച്ച് ആൺ തുണ ഇല്ലാത്ത പെണ്ണുങ്ങൾ ഒന്നും ശരിയല്ല!) ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു സ്ത്രീ(കമ്പനി ഉടമയുടെ മകൾ) ബോർഡ് അംഗം ആയെന്ന് അറിയുമ്പോഴും ഈ അസഹിഷ്ണുത പുറത്ത് വരുന്നുണ്ട്. അമു ഗർഭിണി ആണെന്ന് അറിയുമ്പോഴും അയാൾ പറയുന്നത്, ‘കൊച്ചുമകനെ’(കൊച്ചുമകൾ അല്ല) ലാളിക്കാൻ എന്റെ അമ്മ കൊതിക്കുന്നു എന്നാണ്! അടി നടന്ന് കഴിഞ്ഞുള്ള പ്രഭാതത്തിലും അയാളെ വേവലാതിപ്പെടുത്തുന്നത് ആളുകൾ അയാളെക്കുറിച്ച് എന്ത് കരുതും എന്നതാണ്! അമൃതയ്ക്കുണ്ടായ അഭിമാനക്ഷതം അയാളുടെ വാക്കുകളിൽ പോലുമില്ല.

അമൃത കുറച്ച് ദിവസം വീട്ടിൽ പോകുമ്പോഴേക്കും ലീഗൽ നോട്ടീസ് അയക്കാൻ അയാൾ നിർബന്ധിതനാകുന്നത് അമൃതയെ മിസ്സ് ചെയ്തിട്ടല്ല. അവൾ ചെയ്തിരുന്ന കാര്യങ്ങൾ, അവൾ തയാറാക്കി തന്നിരുന്ന സൗകര്യങ്ങൾ ഇല്ലാതാകുന്നതാണ് അയാളെ അസ്വസ്ഥനാക്കുന്നത്. അവിടെയാണ് ഈ ചിത്രത്തിന്റെ ആശയം കുറിക്ക് കൊള്ളുന്നത്. 90 ശതമാനം വിവാഹങ്ങളും നിലനിൽക്കുന്നത് പല നുണകളുടെ പുറത്താണ്. സ്ത്രീകൾ സ്വയം വിശ്വസിപ്പിക്കുന്ന നുണകളുടെ പുറത്താണ് ഈ ആർഷ ഭാരത സംസ്കാരം നിലനിൽക്കുന്നത് തന്നെ. അമൃതയെപ്പോലെ സ്വന്തം ആത്മാഭിമാനത്തിന് വേണ്ടി പെണ്ണുങ്ങൾ എഴുന്നേൽക്കുമ്പോൾ തന്നെ സമൂഹം അവളെ അടിച്ചിരുത്തും. കുടുംബത്തിലും, സമൂഹത്തിലും, സമൂഹ മാധ്യമത്തിലും എല്ലാം ഇത് തന്നെ…അത് കൊണ്ടാണ് അഞ്ച് പൈസ നഷ്ടപരിഹാരം വാങ്ങാതെ വിവാഹ ജീവിതം ഉപേക്ഷിച്ച് സ്വന്തം കഴിവുപയോഗിച്ച് മാത്രം ജീവിതം വീണ്ടെടുത്ത നടിയെക്കാൾ പിന്തുണ, മുൻ ഭർത്താവായ നായകനടന് ലഭിക്കുന്നത്! പെണ്ണ് ചെയ്യുന്നതും പറയുന്നതും എല്ലാം അഹങ്കാരമാണ്! അടങ്ങിയും ഒതുങ്ങിയും തല്ല് കൊണ്ടും കുടുംബം നിലനിർത്തുന്നവൾക്കാണ് കൈയ്യടി.

തനിക്ക് വിലയില്ലാത്ത സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോരും എന്നാണ് വിക്രം പറയുന്നത്. അത് തന്നെയാണ് അമൃതയും ചെയ്തത്. അവളെ വില കൽപിക്കാത്തിടത്ത് നിന്ന് അവൾ ഇറങ്ങി വന്നു. ഗർഭിണിയുമാണ്. എന്നിട്ടും അയാൾക്ക് അടിയറവ് പറയാതെ എല്ലാം ആദ്യം മുതൽ തുടങ്ങാനാണ് അമൃത ആഗ്രഹിക്കുന്നത്. ഡ്രൈവിംഗ് പഠിക്കട്ടെ എന്ന് ചോദിക്കുമ്പോൾ ആദ്യം പറാത്ത ഉണ്ടാക്കാൻ പഠിക്കാൻ ഉപദേശിക്കുന്ന വിക്രമിന് മുന്നിൽ സ്വയം കാർ ഓടിച്ച് വഴി പിരിഞ്ഞു പോകുന്നു അമൃത. ആശിച്ച് നേടിയെടുത്ത ജോലിയും ലണ്ടൻ ജീവിതവും ഉപേക്ഷിച്ച് നായകനും വരുന്നുണ്ട്. കാരണം അവിടെയും സന്തോഷം കണ്ടെത്താൻ അയാൾക്കാവുന്നില്ല. അയാളുടെ സന്തോഷമെല്ലാം അമൃത സൃഷ്ടിച്ചവയായിരുന്നു. അതെ ജീവിതം അത്രയേ ഉള്ളൂ…സന്തോഷം കണ്ടെത്താൻ ആകാത്ത ഇടങ്ങൾ ദുസ്സഹമാണ്! ഞാൻ ഇപ്പോൾ നിങ്ങളെ സ്നേഹിക്കുന്നില്ല, അതിനാൽ ഡിവോഴ്സ് വേണം എന്നാണ് അമൃത പറയുന്നത്. ഇല്ലാത്ത കഥകൾ ഉണ്ടാക്കി സ്വന്തം കുഞ്ഞിനെ പോലും വിലപേശാൻ തയാറാണ് വിക്രം! വൈകി പറഞ്ഞൊരു സോറി കൊണ്ട് പ്രതീക്ഷിച്ച ഫലമില്ലാതാകുന്നിടത്ത് സിനിമ അവസാനിക്കുന്നു.

അപ്പോൾ ആൺ അധികാര കസേരയിൽ ഞെളിഞ്ഞിരിക്കുന്ന പുരുഷ കേസരികളേ ഓർക്കുക, അടി കൊണ്ട് ജീവിക്കുന്ന സുനിതയെ പോലുള്ളവർ ഒരുനാൾ തിരിച്ചടിക്കും. കരിയറിൽ ഉയർന്ന നിലയിൽ ആയിട്ടും വാക്കുകൾ കൊണ്ട് പരിഹാസ്യയായി കഴിഞ്ഞ ഭാര്യ ജീവിതം നേത്രയെ പോലുള്ളവർ ഉപേക്ഷിക്കും. പാടാൻ മറന്ന് പോയ പാട്ടുകൾക്കായി സന്ധ്യമാർ ഹാർമോണിയം എടുക്കും. വിക്രമിന്റെ അമ്മയെ പോലെ മറ്റുളവരുടെ സന്തോഷത്തിനായി മാത്രം ജീവിച്ചവർ, വീട്ടിൽ നിന്ന് പുറത്തേക്ക് ജീവിതം വ്യാപിപ്പിക്കും. ചിലർ സ്വാതിയെ പോലെ ആണിന് ഒരു ചാൻസ്(സ്നേഹം ബാക്കിയുണ്ടെങ്കിൽ മാത്രം) കൂടി കൊടുക്കും!

അപ്പോൾ ആണുങ്ങളെ ഇനി പന്ത് നിങ്ങളുടെ കോർട്ടിലാണ്. ഞാൻ അമൃതയല്ല, എന്റെ അമ്മയും അമൃതയല്ല. അമ്മൂമ്മയും അമൃതയല്ലായിരുന്നു. പക്ഷെ എന്റെ മകൾ അമൃതയായിരിക്കും. അവളുടെ മകളും അമൃത ആയിരിക്കും. മാറേണ്ടത് നിങ്ങളാണ്. പെണ്ണിന് വേണ്ടത് സ്നേഹമുള്ള ബഹുമാനമുള്ള പങ്കാളിയെ ആണ്. നിങ്ങളെ നോക്കാൻ, നിങ്ങളുടെ ജീവിതത്തിന് സൗകര്യങ്ങൾ ഒരുക്കാൻ ഒരു ‘ബേബി സിറ്റർ’ ഭാര്യയെ ഇനിയുള്ള കാലത്ത് കിട്ടാൻ പ്രയാസമാകും. ഒരുമിച്ച് സ്വപ്നങ്ങൾ നെയ്യാനും അവയ്ക്ക് ചിറകുകൾ നൽകാനും ആവില്ലെങ്കിൽ വിവാഹം ഒഴിവാക്കുക. ഇല്ലെങ്കിൽ അവൾ നിങ്ങളെ ഒഴിവാക്കും! പെണ്ണിന്റെ തണലിൽ, സഹനത്തിൽ ആൺപിറന്നോനായി ഞെളിഞ്ഞ് ജീവിക്കാൻ ഇനിയുള്ള കാലത്ത് ഇത്തിരി പുളിക്കും എന്നർത്ഥം!
© പവിത്ര ഉണ്ണി

Avatar

Staff Reporter