മലയാളം ഇ മാഗസിൻ.കോം

മാതൃദിനത്തിൽ പങ്കു വച്ച ചിത്രത്തിന്റെ പേരിൽ അധ്യാപികയ്ക്ക്‌ നേരേ സദാചാര ആക്രമണം

മാതൃദിനത്തിൽ പങ്കു വച്ച ചിത്രത്തിന്റെ പേരിൽ അധ്യാപികയ്ക്ക്‌ നേരേ സദാചാര ആക്രമണം നടക്കുന്നു. അധ്യാപികയും എഴുത്തുകാരിയുമായ താഹി ഫിറോസ്‌ എന്ന കോഴിക്കോടു കാരിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിലാണ്‌ സദാചാരവാദികളുടെ ആക്രമകണം നടക്കുന്നത്‌. ചിത്രത്തിൽ താൻ ഒരു തരത്തിലുമുള്ള സദാചാര വിരുദ്ധതയും കണ്ടില്ലെന്നും ഏത്‌ രീതിയിലുള്ള ആക്രമണത്തെയും നേരിടുമെന്നും താഹി പറയുന്നു. വിമർശനങ്ങൾക്കൊപ്പം പോസ്റ്റിന്‌ മികച്ച പിന്തുണയും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്‌. താഹിയുടെ ഫേസ്ബുക്ക്‌ കുറിപ്പ്‌ വായിക്കാം.

ഇന്ന് മാതൃദിനം ആയിരുന്നല്ലോ. ഓരോ പ്രത്യേക ദിനത്തിലും എന്റെ തുച്ഛമായ അറിവ് വെച്ചു എന്തെങ്കിലും എഴുതി അത് ചില ഗ്രൂപ്പിൽ ഞാൻ പോസ്റ്റാറുണ്ട്. അങ്ങനെ ഇന്നും ഞാൻ ചില ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ഇട്ടു. താഴെ ഉള്ള പിക്കിൽ സദാചാരം കണ്ടെത്തിയ ചില മുതലാളിമാർ പോസ്റ്റിനു അപ്രൂവൽ കൊടുത്തില്ല. എന്നാൽ 2 ഗ്രൂപ്പിൽ അപ്രൂവൽ കിട്ടി. മാതൃത്വത്തെ ദൈവതുല്യം കണ്ടവർ നല്ല അഭിപ്രായം പറയുകയും ചെയ്തു. ആദ്യ എന്ന ഗ്രൂപ്പിൽ ഇപ്പോഴും സദാചാരം വിളമ്പാതെ പോസ്റ്റ്‌ ഓടുമ്പോൾ രണ്ടാമത്തെ ഗ്രൂപ്പിൽ സദാചാരത്തിന്റെ പേരിൽ അഡ്മിൻ പോസ്റ്റ്‌ മുക്കി. അതും ഇട്ടുകഴിഞ്ഞു ഒരുമണിക്കൂറിനു ശേഷം..

അത് മാത്രമല്ല അവിടെ കിടക്കുന്ന എന്റെ ഇൻട്രോ പോസ്റ്റിന്റെ അടക്കം കമന്റ് ടേൺ ഓഫ്‌ ആക്കി വെക്കുകയും ചെയ്തു. ഇത്രമാത്രം കരുതൽ ഒരു അധ്യാപികയായ എനിക്ക് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. അതേ ഗ്രൂപ്പിൽ ചില ബോഡി ബിൽഡേഴ്സിന്റെ ജെട്ടി ഇട്ടിട്ടുള്ള പോസ്റ്റിന് ഒരു വിലക്കും കാണുന്നുമില്ല..

ഇനി എനിക്ക് പറയാനുള്ളത്.
കാറ്റടിച്ച് മാറിയ വസ്ത്രത്തിൻ വിടവിലൂടെ ഒളി സേവനടത്തി മൈഥുനം നടത്തുന്നവൻ പറയുന്ന ന-ഗ്നതാ പ്രദശനാ വിരോധവും ഭാര്യ ഭർത്താക്കൻമാർ ഒട്ടിയുരുമിയിരിക്കുന്നത് കണ്ടാൽ കലിയിളകുന്ന മാന്യന്മാരുടെ സദാചാരവും കപടമല്ലേ.

അഞ്ചു വയസ്സ് ഉള്ള പെൺകുഞ്ഞ് ന-ഗ്നമായി പുഞ്ചിരി തൂകി നിൽക്കുമ്പോൾ ആ മുഖത്ത് നോക്കാൻ മറന്ന അവളുടെ തൊടഭാഗത്തേക്ക് കണ്ണ്പായുന്നവന്റെ മനസ്സിനോ കണ്ണിനോ കേട്. ട്രയിൻ / ബസ് യാത്രക്കിടയിൽ തന്റെ കുഞ്ഞിന് പാലുകൊടുക്കാൻ സ്ത-നം പുറത്തു എടുത്താൽ ഒളിഞ്ഞ് നോക്കുന്നവന്റെ പേരോ മാന്യൻ. ഈ ചിത്രത്തിൽ എന്റെ കണ്ണ് കണ്ട ന-ഗ്നദർശനം രണ്ടു മാത്രം.

1. തന്റെ രക്തം പാലായി രൂപാന്തരപ്പെട്ട് അത് ഊറ്റിവലിച്ച് കുടിക്കുന്ന കുഞ്ഞിന്റെ ആഹ്ലാദവും നൽകുന്ന അമ്മയുടെ അനുഭൂതിയും.
2. താൻ ഒരിക്കൽ ആവോളം ചപ്പി വലിച്ച തന്റെ സ്വന്തം എന്ന് കരൂതിയ മു-ലകൾ ഇന്ന് തന്റെ കുഞ്ഞനുജത്തി നുകരുന്നത് കാണുന്ന സഹോദരന്റെ ആശ്ചര്യം.
ഇതിനപ്പുറം ഒന്നും പാൽ നുകരുന്നമ്മയുടെ ചിത്രം എന്നെ കാട്ടി തന്നില്ല. നിങ്ങളിൽ ആർക്കെങ്കിലും ആ ചിത്രം അ-ശ്ലീലമായി തോന്നി എങ്കിൽ അത് അമ്മയെന്ന സ്ത്രീയെ പെണ്ണെന്ന വെറും ഭോ-ഗവസ്തു ആയി മാത്രം കണ്ട മാനസികാവസ്ഥയുടെ തകരാർ മാത്രമാണ്..

ഈ ചിത്രത്തിൽ ഇത്രമാത്രം സദാചാരം ഒളിഞ്ഞു കിടക്കുന്നു എങ്കിൽ ഹ്യൂമൻ അനാട്ടമി പഠിക്കുന്ന എംബിബിസ് പിള്ളേരുടെ അവസ്ഥ എന്തായിരിക്കും. ബയോളജി ക്ലാസ്സിൽ ക്ലാസ്സെടുക്കുമ്പോൾ ചില കുട്ടികൾക്ക് ഇല്ലാത്ത സംശയങ്ങൾ ഉണ്ടാകാറുണ്ട്. അറിയുന്ന അറിവ് വെച്ചു നല്ല രീതിയിൽ പറഞ്ഞു കൊടുത്തിട്ടും ഉണ്ട്.

ഇതിപ്പോ എന്താ പറയേണ്ടത്. മാതൃദിനത്തിൽ മൊത്തം സ്ത്രീകളെ അപമാനിച്ചു എന്ന തരത്തിലാണ് ചില മാന്യന്മാർ അവിടെ പ്രതികരിച്ചതും. ചെറുപ്പ കാലത്തു നല്ല ലൈംഗിക വിദ്യാഭ്യാസം കിട്ടാത്തതിന്റെ അപര്യാപ്തത ഇവിടെ വിളിച്ചോതുകയും ചെയ്തു.
എന്റെ വരികൾക്ക് സാമ്യമുള്ള ഒരു ചിത്രം കിട്ടിയപ്പോൾ എന്റെ വരികളെ മനോഹരമാക്കാൻ ഇതിലും നല്ല ഒരു ചിത്രത്തിനു കഴിയില്ലെന്ന് തോന്നിപോയി.

ഇനി എന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
അമ്മയുടെ കരങ്ങളിലെ സുരക്ഷിതത്വത്തേക്കാൾ മറ്റൊന്നുമില്ല ഈ ഭൂമിയിൽ. ഇവരുടെ വരവിനായി കാത്തിരുന്ന അമ്മമനസ്സ്.

സ്വന്തം ശരീരത്തിലെ രൂപമാറ്റങ്ങൾ ആദ്യം ആശ്ചര്യപ്പെടുത്തിയെങ്കിലും കാലം നിങ്ങൾക്ക് വേണ്ടി മാത്രം ചുളിവ് വീഴ്ത്തി തന്നതാണെന്നു പിന്നീട് തിരിച്ചറിഞ്ഞു..

ചെറിയ കുട്ടി ആയിരുന്നപ്പോൾ ഉമ്മച്ചിയുടെ വയറ്റിലെ പാടുകൾ കണ്ടു ചോദിച്ചിരുന്നു. ഇതെന്താണെന്നു. നീയും കൂടെപ്പിറപ്പുകളും എനിക്ക് ഉമ്മാക്ക് നൽകിയ സമ്മാനം ആണെന്ന് മറുപടി കിട്ടിയപ്പോഴും ആ കുഞ്ഞു മനസ്സിൽ അന്നൊന്നും കേറിയില്ല.

പിന്നീട് അനുഭവത്തിന്റെ വെള്ളിവെളിച്ചത്തിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് ഈ പാടുകൾക്ക് മറക്കാനാവാത്ത ഓർമ്മകളുടെ സുഗന്ധം ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞതും.

ആ നെഞ്ചിലെ ചൂടേറ്റ് ചുംബനങ്ങളുടെ ഇളം കാറ്റേറ്റ ആ നല്ല നാളുകൾ ഇനി ഓർമ്മകളിലെന്നു തിരിച്ചുറിയാൻ കാലം എനിക്കായ് ദിവസങ്ങൾ കാത്തുവെച്ചു. കൊതിപ്പിക്കുന്ന ആ ചുംബനകാറ്റിന്റെ നല്ല നാളുകൾ ഞാൻ അനുഭവിച്ചറിഞ്ഞപ്പോയെക്കും ഞാൻ കിടന്ന പട്ടുമെത്തയുടെ ഉടമയിൽ (എന്റെ അമ്മയിൽ )കാലം ശരീരത്തിൽ മൊത്തമായും ചുളിവുകൾ വിത്തിയിട്ടുണ്ടായിരുന്നു. ആ മുഖത്തെ മായാത്ത സ്നേഹം എന്റെ ഓർമ്മകളിൽ ഒതുങ്ങി കൂടിയിരുന്നു. എന്റെ പ്രാർത്ഥനകളിൽ ഇടം പിടിച്ചത് മറ്റൊന്നായിരുന്നു. അവർക്ക് നല്ല ആരോഗ്യം കൊടുക്കണേ ദൈവമേ എന്നുള്ളത്..

കാലം ചുളിവ് വീഴ്ത്തിയിട്ടും വല്ലപ്പോഴും കേറി ചെല്ലുമ്പോൾ ആ മുഖത്തെ സ്നേഹം വല്ലാതെ കൊതിപ്പിക്കും. എന്തിനെന്നില്ലാതെ.
ഒരിക്കൽ കൂടി വീണ്ടും പുനർജനിക്കാൻ ഒരവസരം കിട്ടുമോ എന്നൊരു വ്യാമോഹം.

ജീവിതത്തിന്‍റെ കാലചക്രത്തില്‍ പലരും കൂടെ കൂടുമെങ്കിലും
കാലത്തിന്‍റെ കുത്തൊഴുക്കില്‍പ്പെട്ട് അകലാതെയും പിരിയാതെയും നമുക്ക് താങ്ങായും , തണലായും നമ്മടെ അമ്മ മാത്രമേ കൂടെ കാണൂ.

നല്ലൊരു സുഹൃത്തായി അവർ കൂടെ ഉണ്ടാകുമെങ്കില്‍ അതായിരിക്കും നമുക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ ജന്മത്തിലെ ഏറ്റവും വലിയ ഭാഗ്യം.

വെണ്മയാം ചിരികൊണ്ട് വേദനകളെ അകറ്റിയ ആ നല്ല നിമിഷങ്ങൾ. ഒരിക്കൽ കൂടി ഈ അമ്മതൻ മക്കളായ് വീണ്ടും ജനിച്ചീടുക..
എല്ലാ അമ്മമാർക്കും എന്റെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ.

Staff Reporter