പാമ്പുകൾ പൊതുവെ നിരുപദ്രവകാരികൾ ആണെങ്കിലും അങ്ങോട്ട് ഉപദ്രവിച്ചാൽ തിരിച്ച് ആക്രമിക്കുന്ന ജീവികളാണ് അവ. ഉറങ്ങിക്കിടക്കുന്നവരെ ചിലപ്പോഴെങ്കിലും പാമ്പ് കടിച്ച് കൊന്നിട്ടുണ്ട്. അപൂർവ്വമായി സംഭവിക്കുന്ന കാര്യമാണത്. വീടിനുള്ളിലേക്ക് ജനൽ വഴിയോ എയർ ഹോൾ വഴിയോ ഒക്കെ പാമ്പുകൾ കയറി ആക്രമിക്കാറുള്ള വാർത്തകൾ നാം കേട്ടിട്ടുമുണ്ട്. ഡെയ്‌ലി മെയിൽ പുറത്തു വിട്ട ഈ വീഡിയോയിൽ രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിൽ യുവാവിനുള്ള ഭയപ്പെടുത്തുന്ന അനുഭവം കാണാം.

രാജസ്ഥാനിലെ ബൻസ്വാരായിൽ മണ്ഡരേശ്വർ എന്ന ക്ഷേത്രത്തിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ജയ് ഉപാധ്യായ എന്ന യുവാവിനാണ് ഈ അനുഭവം ഉണ്ടായത്. ക്ഷേത്രാചാരങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായി 44 ദിവസത്തോളം ക്ഷേത്രത്തിനുള്ളിൽ തന്നെയായിരുന്നു യുവാവ് കിടന്നുറങ്ങുകയും ചെയ്തിരുന്നത്. തറയിൽ വിരിപ്പ് വിരിച്ച് പുതച്ചുമൂടി കിടക്കുകയായിരുന്ന ജയ്യുടെ പുതപ്പിനുള്ളിലേക്കാണ് മൂർഖൻ ഇഴഞ്ഞു കയറിയത്.
യുവാവിന്റെ ശരീരം മൂടിയിരുന്ന പുതപ്പിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞു കയറുന്നത് ദൃശ്യത്തിൽ കാണാം. അൽപസമയം ഉറക്കം തുടർന്ന ജയ് പാമ്പ് കാലിൽ ചുറ്റിയതിനാൽ മറുവശത്തേക്ക് ചരിഞ്ഞു കിടന്ന് കാലിൽ നിന്ന് പാമ്പിനെ വലിച്ചെടുത്തു. പുതപ്പിനൊപ്പം പാമ്പിനെക്കൂടി വലിച്ചിട്ട യുവാവ് അതിനെ കണ്ടമാത്രയിൽ ഭയന്നെഴുന്നേറ്റ് ഒടിമാറുകയായിരുന്നു.

പിന്നോട്ടു നീങ്ങിയ യുവാവിനെ പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. തലനാരിഴയ്ക്കാണ് പാമ്പുകടിയേൽക്കാതെ ഇയാൾ രക്ഷപ്പെട്ടത്. ആരവല്ലി പർവത നിരകൾക്കു സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷപ്പാമ്പുകളും വന്യമൃഗങ്ങളുമൊക്കെ രാത്രിയിൽ ഇവിടെ വിഹരിക്കുന്നത് പതിവാണ്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.
അതേ സമയം വീഡിയോയിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഭാഗം കൂടിയുണ്ട്. കൃത്യം 10 സെക്കൻഡ് കഴിയുമ്പോൾ യുവാവിന്റെ കാൽ ഭാഗത്തിനടുത്തു നിന്ന് ഒരു തവള ചാടി പോകുന്നത് കാണാം. ഒരുപക്ഷെ തവവളയെ പിടിക്കാൻ എത്തിയതാകും പാമ്പ് എന്ന് അനുമാനിക്കാം. എന്തായാലും സംഭവം കണ്ടവരിൽ നടുക്കം ഉണ്ടാക്കിയിരിക്കുകയാണ്.