കോവിഡ് രോഗം ബാധിച്ച് നെഗറ്റീവ് ആയ ശേഷം കോവാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവർക്ക് രണ്ട് ഡോസ് വാക്സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷിയെന്ന് ഐസിഎംആർ പഠനം. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ എന്നിവരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കോവിഡ് നേരത്തെ ബാധിച്ച ശേഷം കോവാക്സിന്റെ ഒറ്റ ഡോസ് എടുക്കുന്നവർക്ക് കോവാക്സിൻ രണ്ട് ഡോസ് എടുത്തവരുടെ (ഇതുവരെ രോഗബാധിതരാവാത്തവർ) സമാന പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് ഐസിഎംആർ നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
പഠനങ്ങളിൽ ആന്റിബോഡിയുടെ അളവ് മൂന്ന് ഘട്ടങ്ങളിലാണ് പരിശോധിക്കപ്പെട്ടത്. വാക്സിനെടുത്ത ദിവസം, ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള ഒരു മാസം, ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള രണ്ടാം മാസം എന്നീ ഘട്ടങ്ങളിലാണ് ആന്റിബോഡിയുടെ അളവുകൾ രേഖപ്പെടുത്തിയത്.
“ഇത് ആദ്യഘട്ട പഠനം മാത്രമാണ്. വലിയൊരു ജനസംഖ്യയിൽ ഈ പഠനം നടത്തി അനുകൂല ഫലം ലഭിക്കുകയാണെങ്കിൽ നേരത്തെ കോവിഡ് ബാധിതരായവർക്ക് കോവാക്സിന്റെ ഒരു ഡോസ് മതിയെന്ന നിർദേശം നൽകാനാവും”, ഐ. സി. എം. ആറിലെ ശാസ്ത്രജ്ഞനും മീഡിയ കോ-ഓർഡിനേറ്ററുമായ ലോകേഷ് ശർമ്മ പറഞ്ഞു. ഇത് വാക്സിൻ ക്ഷാമത്തിന് ഒരു പരിധി വരെ ശമനമേകുമെന്നും അദ്ദേഹം വിലയിരുത്തി.
അതേ സമയം അശാസ്ത്രീയമായ വാക്സിൻ വിരുദ്ധ പ്രചാരണം പലരേയും വാക്സിൻ എടുക്കാൻ വിമുഖരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനെടുക്കാൻ വിമുഖത കാണിച്ച ഒമ്പത് ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ബോധവത്കരിക്കാൻ പരമാവധി ശ്രമിച്ചിട്ടും ഇവരിൽ പലരും ഇപ്പോഴും വാക്സിനേഷനോട് മുഖം തിരിക്കുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിപക്ഷവും വാക്സിൻ എടുക്കാത്തവരാണ്. ഇക്കാര്യത്തിൽ എല്ലാവരും പൊതുജാഗ്രത പുലർത്തുകയും വിമുഖത കാണിക്കുന്നവരെ തിരിച്ചറിഞ്ഞ് വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രണ്ട് കോടിയോളം പേര്‍ക്ക് കേരളത്തിൽ ആദ്യഡോസ് വാക്സിൻ നൽകി കഴിഞ്ഞു. സെപ്തംബറിൽ തന്നെ 18- വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നൽകാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റിൽ ആരംഭിച്ച വാക്സിനേഷൻ യജ്ഞം വലിയ വിജമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയിലൂടെ 50 ലക്ഷം പേര്‍ക്ക് ഇതിനോടകം വാക്സിൻ നൽകി കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2.77 കോടി ഡോസ് പേര്‍ക്ക് ആകെ വാക്സിൻ ൽകിയിട്ടുണ്ട്. 57.6 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നൽകി.
സിറോ പോസിറ്റിവിറ്റിയില്‍ വാക്സിന്‍ വഴി ആര്‍ജ്ജിച്ച പ്രതിരോധ ശേഷിയുടെ ശതമാനം ഏറ്റവും കൂടുതല്‍ ഉണ്ടാവുക കേരളത്തിലാണ്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ രോഗബാധയുണ്ടായവരുടെ ശതമാനം വീണ്ടും കുറയുകയാണ്. ഏറ്റവും കുറവ് ശതമാനം പേരെ വൈറസിനെ വിട്ടുകൊടുത്ത സംസ്ഥാനമാണ് നമ്മളെന്ന് നിസ്സംശയം പറയാം.
60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം 9 ലക്ഷം പേര്‍ വാക്സിന്‍ എടുക്കാന്‍ തയ്യാറായില്ല എന്നു കാണാന്‍ കഴിഞ്ഞു. അവര്‍ക്കിടയില്‍ വാക്സിന്‍ എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കി സുരക്ഷിതരാക്കാനുമുള്ള നടപടികൾ കൈക്കൊണ്ടു വരികയാണ്. എന്നിട്ടും പലരും വിമുഖത തുടരുന്നുണ്ട് എന്നത് ഗൗരവമായി പരിശോധിക്കും.
പ്രായമുള്ളവരും അനുബന്ധരോഗമുള്ളവരും വാക്സിന്‍ എടുത്താല്‍ അപകടമുണ്ടാകുമോ എന്ന ഭയം പലരിലുമുണ്ട്. വാക്സിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോര്‍ത്തും ആശങ്കകളുള്ള കുറച്ചാളുകള്‍ ഇപ്പോഴുമുണ്ട്. അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ വാക്സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ വാക്സിന്‍ എടുത്താല്‍ ചെറുപ്പക്കാരില്‍ കാണുന്നതിനേക്കാള്‍ കുറഞ്ഞ പാര്‍ശ്വഫലങ്ങളാണ് പ്രായമായവരില്‍ കാണുന്നത്. അതോടൊപ്പം ചെറുപ്പക്കാരില്‍ ഉണ്ടാകുന്നതിനേക്കാള്‍ മികച്ച രോഗപ്രതിരോധം പ്രായമുള്ളവരില്‍ വാക്സിന്‍ എടുത്തതിനു ശേഷം ഉണ്ടാവുകയും ചെയ്യുന്നു.
മരണമടയുന്നവരില്‍ ബഹുഭൂരിഭാഗവും വാക്സിന്‍ എടുക്കാത്തവരാണ്. വാക്സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ മിക്കവാറും എല്ലാവരും രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരാണ്. അതില്‍ നിന്നും രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്സിന്‍ സ്വീകരിക്കുന്നതാണെന്ന് മനസ്സിലാക്കാം.
പ്രായാധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണം. അക്കാര്യത്തില്‍ അവരെ പ്രേരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറാകണം. വാക്സിന്‍ എടുക്കാത്തവരുടെ പട്ടിക തയാറാക്കും. ബന്ധുക്കളും സുഹൃത്തുക്കളും മുഖേന ഇവരില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടികളും ഉണ്ടാകും. ആ വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാധിച്ചാല്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കാം മെന്നും മുഖ്യമന്ത്രി പറഞ്ഞു.