കാഞ്ഞിരപ്പള്ളിയില്‍ ബന്ധുക്കളുടെ പരാതിയില്‍ കോടതി വിധിയെത്തുടര്‍ന്ന് വീട് ഒഴിയേണ്ടിവന്ന അമ്മയ്ക്കും മകള്‍ക്കും സഹായമായി ‘ടേക്ക് ഓഫ്’ സിനിമ ടീം. കുടുംബ സ്വത്തില്‍ വിധി വന്നപ്പോള്‍ പ്രായമായ അമ്മയും മകളും ഒന്‍പതാം ക്ലാസുകാരിയായ ചെറുമകളും പെരുവഴിയിലായി. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസിലാണ് നിര്‍ധനരും നിരാശ്രയരുമായ കുടുംബം പെരുവഴിയിലായത്. ഇവര്‍ക്ക് സഹായ ഹസ്തവുമായാണ് ടേക്ക് ഓഫ് എത്തിയിരിക്കുന്നത്.
സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവരാണ് സഹായ വാഗ്ദാനം നല്‍കിയത്. വിതരണത്തിലൂടെ ലഭിക്കുന്ന ലാഭം കുടുംബത്തിന് കൈമാറും. ഇതിന്റെ ആദ്യ പടിയായി അഞ്ചു ലക്ഷം രൂപ ഉടന്‍ തന്നെ നല്‍കും. കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബബിത ഗര്‍ഭപാത്രത്തിലെ മുഴയെത്തുടര്‍ന്ന് ചികില്‍സയിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലില്‍ കിടക്കയോടു കൂടിയെടുത്താണു കുടിയിറക്കിയത്. പിന്നീട് ഇവരെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സൈബയുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് ഇവരെ ഒഴിപ്പിക്കാന്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി ഉത്തരവിട്ടത്.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ദയനീയ കാഴ്ച കണ്ട് മടങ്ങി. പോലീസ് ഇവരുടെ ദയനീയാവസ്ഥ കാട്ടി ശനിയാഴ്ച കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പലകകളും തുണി ഉപയോഗിച്ചും മറച്ച വീടിന് വാതിലും രക്ഷിതത്വവുമില്ല. മുറിയുടെ ഒരുവശത്ത് ഒരാള്‍ക്ക് മാത്രം നില്‍ക്കാന്‍ കഴിയുന്ന അടുക്കള. ഒന്‍പതാം ക്ലാസുകാരിക്ക് ഇരുന്നു പഠിക്കാന്‍ കസേരയോ മേശയോ ഇല്ല. എന്നാല്‍ പോലീസിന്റെ റിപ്പോര്‍ട്ട് തള്ളിയ കോടതി ഇന്നലെ കാഞ്ഞിരപ്പള്ളി എസ്‌ഐയെ കോടതയില്‍ വിളിച്ചു വരുത്തി ഉച്ചയ്ക്ക് ഒന്നിന് മുന്പ് അമ്മയേയും മകളേയും ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നു നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണു പോലീസ് സ്ഥലത്തെത്തി ഇവരെ ഒഴിപ്പിച്ചത്. ഭര്‍ത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസി ച്ചിരുന്ന വീടും ഒന്നര സെന്‍റ് സ്ഥലവും ഭര്‍ത്താവിന്‍റെ മരണ ശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതി കൊടുത്തു. ഇതേ തുടര്‍ന്നാണ് തര്‍ക്കങ്ങളും കേസുകളും ഉടലെടുത്തത്.
കടപ്പാട്: രാഷ്ട്രദീപിക