മലയാളം ഇ മാഗസിൻ.കോം

കരള്‍ പിളര്‍ത്തിയ കാണാക്കിനാവുകള്‍

രചനകളിലൂടെ വിസ്മയങ്ങള്‍ തീര്‍ത്ത, മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ കോഴിക്കോട്ടുകാര്‍ പലരുമുണ്ട്. അവരില്‍ പുത്തഞ്ചേരിക്കാരന്‍ ഗിരീഷ് പാട്ടിലൂടെ മലയാളിയെ തീവ്രമായി പ്രണയിപ്പിച്ചും, നൊമ്പരപ്പെടുത്തിയും, ഉല്ലസിപ്പിച്ചും, ഭക്തിയില്‍ ആറാടിപ്പിച്ചുമെല്ലാം ഒരുനാള്‍ കടന്നു പോയി. ഇന്നിപ്പോള്‍ തീവ്രമായ മനുഷ്യ ബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളിലൂടെയും മലയാളി പ്രേക്ഷകനെ കുറച്ചു ദൂരം കൈപിടിച്ചു നടത്തിയ ടി.എ.റസാഖും വിടപറഞ്ഞിരിക്കുന്നു. ജീവിതാനുഭവങ്ങളെ തീവ്രതയോടെ തിരശ്ശീലയിലേക്ക് അവിടെ നിന്നും പ്രേക്ഷകന്റെ മനസ്സിലേക്ക് പറിച്ചു നട്ട അപൂര്‍വ്വം തിരക്കഥാകൃത്തുക്കളില്‍ ഒരാള്. റസാഖിന്റെ രചനകള്‍ക്കൊപ്പം നടന്നവര്‍ കണ്ടതും അനുഭവിച്ചതും പച്ചമനുഷ്യരുടെ ജീവിതാവസ്ഥകളായിരുന്നു. ജീവിതാനുഭവങ്ങളും ചിന്തകളും ആ തൂലികയിലൂടെ പെരുമഴക്കാലമായി പെയ്തിറങ്ങിയും കാണാക്കിനാവിലെ ദുരന്തമായും ഗസലിന്റെ നൊമ്പരമായും താലോലമായും സമൂഹത്തിനായി പകര്‍ന്നു നല്‍കിയത് വലിയ സന്ദേശങ്ങള്‍. ജാതിയും മതവും മറന്ന് മനുഷ്യരുടെ ഉള്ളിലെ നന്മകളെയും മാനവികതയേയും ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ എന്നും റസാഖിന്റെ ഭാഗത്തു നിന്നും ഉണ്ടായി.

മലബാറിലെ മുസ്ലിം ജീവിതത്തിന്റെ നേര്‍ ചിത്രങ്ങള്‍ വരച്ചു കാട്ടിയവയായിരുന്നു പല രചനകളും. പ്രണയവും വിരഹവും പ്രമേയമാകുമ്പോളും അവ പൈങ്കിളിയാകാതെ ഇരിക്കുവാനും മത-സാമൂഹിക വിഷയങ്ങളില്‍ ദുരാചാരങ്ങളേയും, കഠിനമായ നിഷ്ഠകളേയും യാഥാസ്തിതികകളേയുംകൈകാര്യം ചെയ്യുമ്പോള്‍ ഒരിക്കലും അവഹേളന പരമാകാതിരിക്കുവാനും ഉള്ള സൂക്ഷമത പാലിച്ചിരുന്നു. മതങ്ങള്‍ക്കിടയില്‍ പെട്ട് നിസ്സഹായ മനുഷ്യ ബന്ധങ്ങളുടെ കഥകള്‍ പറഞ്ഞ രചനകളില്‍ കാണാക്കിനാവ് മികച്ച് നില്‍ക്കുന്നു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ടി.എ.റസാഖിന്റെ രചനകളുടെ പ്രത്യേകതയാണ്. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെ ഗസല്‍ എന്ന ചിത്രത്തിലെ തങ്ങളുടെ ഭാര്യയുടേത്. പെരുമഴക്കാലത്തിലെ റസിയ എന്ന കഥാപാത്രം മീരാജാസ്മിന്റെയും ഗംഗ എന്ന കഥാപാത്രം കാവ്യാമാധവന്റേയും അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായി. ഗസലില്‍ മോഹിനി അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പെരുമഴക്കാലവും, കാണാക്കിനാവും, ഗസലും താലോലവും ഘോഷയാത്രയും എല്ലാം കരള്‍ പിളര്‍ത്തുന്ന, ഉള്ളില്‍ നോവൂറുന്ന ഓര്‍മ്മകളായി ഇന്നും നിറഞ്ഞു നില്‍ക്കുന്നു. കരള്‍ കാര്‍ന്നു തിന്ന അസുഖത്താല്‍ പ്രാണന്‍ കവര്‍ന്നെടുക്കപ്പെട്ട് റസാഖ് യാത്രയാകുമ്പോള്‍ പുത്തന്റെ വരികളിലെ നൊമ്പരപ്പെടുത്തുന്ന ഏതോ ഗാനം അകലെനിന്ന് ആരോ നെഞ്ചുരുകി പാടുന്നതായി തോന്നുന്നു.

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor