കോവിഡിന്റെ മൂന്നാം തരംഗവും അങ്ങനെ വലിയ പരുക്കുകൾ ഇല്ലാതെ കെട്ടടങ്ങുകയാണ്. എന്നാൽ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് വളരെ വേഗത്തിൽ കോവിഡ് വ്യാപനം ഉണ്ടാവുമെന്നാണ്. ഇതിനോടകം പൂച്ചകളും നായ്ക്കളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മൃഗങ്ങളിൽ ഭൂരിഭാഗത്തിനും രോഗബാധിതരായ വീട്ടുകാരിൽ നിന്നോ പരിചാരകരിൽ നിന്നോ ആണ് രോഗം ബാധിച്ചത്.
ഇത്തരത്തിൽ വളർത്തുമൃഗങ്ങളിൽ പടരുന്ന കോവിഡിനെതിരെ വാക്സിൻ കണ്ടു പിടിച്ചിരിക്കുകയാണ് ഗവേഷകർ. ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ നിക്കോളായ് പെട്രോവ്‌സ്‌കി, വെറ്ററിനറി ഡോക്ടർ സാം കോവാക്ക് എന്നിവരുടെ സഹകരണത്തോടെയാണ് മൃഗങ്ങൾക്കായി COVAX-19 എന്ന വാക്സിൻ വികസിപ്പിച്ചത്.
പെട്രോവ്‌സ്‌കി വികസിപ്പിച്ചെടുത്ത COVAX-19, ഇറാനിലെ ലക്ഷക്കണക്കിന് ആളുകൾക്കാണ് നൽകിയത്, ഓസ്‌ട്രേലിയയിൽ COVAX-19 മാനുഷിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. പരീക്ഷണത്തിൻറെ ഭാഗമായി വാക്സിൻ കൊവാക്കിന്റെ മൂന്ന് നായ്ക്കൾ ഉൾപ്പെടെ 25 വളർത്തു മൃഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്.
എന്നാൽ മൃഗങ്ങളെ ഒരിക്കലും മാസ്ക് അണിയിക്കാൻ പാടില്ലെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. കെമിക്കൽ ഡിസ് ഇൻഫെക്ടൻറ് കൊണ്ട് മൃഗങ്ങളെ തുടക്കുന്നതും ഒഴിവാക്കണം.
റിപ്പോർട്ടുകൾ പ്രകാരം രോഗബാധിതനായ മനുഷ്യനിൽ നിന്നും മൃഗങ്ങളിലേക്ക് കോവിഡ് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസം എടുക്കാൻ പാടു പെടുക, ഇടവിട്ടുള്ള ചുമ, തുമ്മൽ, വയറിളക്കം, കണ്ണുകളിൽ നിന്നും വെള്ളം ഒഴുകുക തുടങ്ങിയവയാണ് സാധാരണയായി കാണാറുള്ള ലക്ഷണങ്ങൾ. വളർത്തു മൃഗങ്ങളിലും, ചില വന്യമൃഗങ്ങളിലുമാണ് നിലവിൽ കോവിഡ് ബാധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളത്. എന്നാൽ എല്ലാ മൃഗങ്ങൾക്കും രോഗം ബാധിക്കുമോ എന്ന് ഇപ്പോഴും വ്യക്തതയില്ല.
YOU MAY ALSO LIKE THIS VIDEO