22
November, 2017
Wednesday
06:22 PM
banner
banner
banner

‘സിമ്പ്റ്റമാറ്റിക്‌ ലൈക്കോമാനിയ’ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നു: ലക്ഷണങ്ങളും പ്രതിവിധികളും!

ഇങ്ങനെ ഒരു രോഗം ഈയിടെയായി പകർച്ച വ്യാധിപോലെ പടർന്നു കൊണ്ടിരിക്കുകയാണ്. പേര് കേട്ടിട്ട് ഇങ്ങനെ ഒരു രോഗത്തെ പറ്റി കേട്ടിട്ടില്ലല്ലോ എന്ന് ഡോക്ടരുമാരും നേഴ്സുമാരും ഒക്കെ ചിന്തിക്കുന്നുണ്ടാവും. നിങ്ങളെ കുറ്റം പറയാൻ പറ്റില്ല, നിങ്ങൾ പഠിച്ച സമയത്ത് ഇങ്ങനെ ഒരു രോഗം ഉണ്ടായിരുന്നില്ല. അപ്പോൾ എന്താണ് ഈ ലൈക്കോമാനിയ? എല്ലാ മനുഷ്യരിലും അല്പം വട്ട് ഉണ്ടെങ്കിലും ചിലരിൽ മാത്രമേ അതിന്റെ ലക്ഷണങ്ങൾ പ്രകടമാകാറുള്ളൂ. അത്പോലെ തന്നെയാണ് ഈ രോഗവും. എല്ലാവരിലും ഈ ലോക്കൊമാനിയ കണ്ടുവരുന്നു. എങ്കിലും കുറച്ച് പേരിൽ മാത്രം ഇത് അസഹ്യമായ വിധം ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. ആ അവസ്ഥയെ ആണ് “സിംപ്ടമാടിക്ക് ലൈക്കൊമാനിയ” (Symptomatic Likomania) എന്ന് വിശേഷിപ്പിക്കുന്നത്.

ഈ രോഗത്തെ പറ്റി നടത്തിയ പഠനത്തിൽ നിന്നും ചില പ്രസ്ക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു…

എങ്ങനെയുള്ളവരിലാണു ഈ രോഗം കാണപെടുന്നത്?
• ഇതിനു പ്രത്യേകിച്ച് ഒരു പ്രായ പരിധി ഇതുവരെയും മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല . എല്ലാ പ്രായക്കാരേയും ഒരു പോലെ ബാധിക്കാവുന്ന ഒരു രോഗമാണിത്.
• സ്ഥിരമായി ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവരിൽ കണ്ടു വരുന്ന ഒരു രോഗമാണിത്‌.

രോഗ ലക്ഷണങ്ങൾ എന്തെല്ലാം?
•”ഇവർക്ക്‌ എത്ര ലൈക്ക്‌ കൊടുക്കും, ഇവരെ ഇഷ്ടമായെങ്കിൽ ലൈക്ക്‌ ചെയ്യൂ, ഇവരെ വെറുക്കുന്നെങ്കിൽ ലൈക്ക്‌ ചെയ്യൂ , കൊടുക്കുന്ന ഓരോ ലൈക്കും അവന്റെ മുഖത്ത്‌ കൊടുക്കുന്ന അടിയാകട്ടെ , അമേൻ പറയാതെ സ്ക്രോൾ ഡൗൺ ചെയ്യരുത്‌, ആഹ്‌ നമുക്കൊക്കെ ആരു ലൈക്ക്‌ തരാൻ” എന്നിങ്ങനെ ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നതാണ്‌ ഇവരുടെ പ്രകടമായ പ്രധാന ലക്ഷണം.
• “Champcash ഡൗൺലോഡ് ചെയ്യൂ , ധനവാന്മാരാകൂ ‘ എന്നിങ്ങനെ കമൻറുകൾ സ്ഥലകാല ബോധമില്ലാതെ ഒട്ടിച്ച് രാവിലെ മുതൽ രാത്രി വരെ നടക്കുന്നവരും ഈ കൂട്ടത്തിൽ പെടും.
• നിങ്ങളുടെ ഇൻബോക്സിൽ വന്നു , “ചേട്ടാ /ചേച്ചീ എന്റെ പ്രൊഫയിൽ പിക്ചറിനു ലൈക്ക് തരൂ” എന്ന് തെണ്ടി നടക്കാൻ പോലും ഇത്തരക്കാർ മടിക്കാറില്ല.
• സ്വന്തം മുഖം മറച്ച് വച്ച് പെൺവേഷം കെട്ടി ലൈക്ക് വാങ്ങുന്നവരും ധാരാളമുണ്ട്.
• ലൈക്കും കമന്റുകളും മാത്രം നോട്ടമിട്ട് ഇവർ പലരേയും ഫ്രണ്ട്സ് ആക്കുന്നു.
• ഈ ലൈക്കും കമന്റും തൂക്കി വിറ്റാണ്‌ ഇവർ അരി വാങ്ങുന്നത്‌ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.
• ഫേസ്ബുക്ക്‌ തൊഴിലാളികളുടെ വികാരങ്ങളെ വിലക്കെടുക്കുന്ന ഇവർ ക്രമേണ ഗ്രൂപ്‌ മുതലാളിമാർ ആകുവാൻ പരിശ്രമിക്കുന്നു എന്ന് പോലും ഇത്തരത്തിലുള്ളവരെ പറ്റി റിപോർട്ട് ചെയ്യപെട്ടിട്ടുണ്ട്.
• പെണ്ണുങ്ങൾക്ക് മാത്രം ലൈക്ക് കൊടുക്കുക / പെണ്ണുങ്ങളുടെ എഴുത്തുകൾക്ക് തെറി വിളിക്കുക എന്നിങ്ങനെ ഉള്ള ലക്ഷണങ്ങൾ ഈ രോഗത്തിന്റെ മറ്റൊരു വകഭേദമായി അറിയപെടുന്നു.

ഇത്രയ്ക്കും അസഹനീയമായ ഈ രോഗത്തിന്റെ ചികിസ്താവിധികൾ എന്തൊക്കെയാണ്?
• തത്കാലം ഇത്തരം രോഗികളെ കണ്ടില്ല എന്ന് നടിച്ച് ഒഴിവാക്കുകയാണ് ( ignore ) ഏറ്റവും ഫലപ്രദമായ ചികിത്സ.
• എങ്കിലും ഈ രോഗം അധികം പടർന്നു പിടിക്കും മുന്പ് അൺലൈക്ക്‌ ചെയ്തു നേരിടാൻ അവസരം എത്രയും വേഗം കണ്ടുപിടിക്കും എന്ന പ്രതീക്ഷയിലാണ് ഫേസ്ബുക്ക് സമൂഹം. സുക്കർ ചേട്ടൻ അതിനൊരു തീരുമാനം കാണേണ്ടത്‌ അത്യാവശ്യമാണ്‌.

രോഗ ബാധിതർക്കുള്ള ഉപദേശം.
സുഹൃത്തുക്കളെ, സോഷ്യൽ മീഡിയ എന്തെല്ലാം നല്ല കാര്യങ്ങള്ക്ക് ഉപയോഗിക്കുവാൻ കഴിയുന്ന തുറന്ന പ്ലാറ്റ്ഫോം ആണ്. മാനസീക രോഗികളെ പോലെ ഉള്ള ഇത്രയ്ക്കും തരം താഴ്ന്ന പ്രവർത്തികൾ അവസാനിപ്പിച്ച് ഇനിയെങ്കിലും നിങ്ങളുടെ ചുവരുകൾ നല്ല കാര്യങ്ങള്ക്ക് ഉപയോഗിക്കൂ. അതുപോലെ മറ്റുള്ളവരേയും ശല്യം ചെയ്യാതെയിരിക്കൂ.

  • സിസ്സി സ്റ്റീഫൻ

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments