മലയാളത്തിലെ രണ്ടാമത്തെ ചാനലായ സൂര്യാ ടിവിയിൽ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന സമരം 20 ദിവസം പിന്നിട്ടിട്ടും മാനേജ്‌മന്റ് സമവായത്തിന്റെ ചെറു സൂചനകൾ പോലും നൽകുന്നില്ലെന്ന് ആക്ഷേപം. സമരം തുടർന്നാൽ ചാനൽ അടച്ചു പൂട്ടുമെന്നാണ് മാനേജ്‌മെന്റ് ഭീഷണി. ഇതേക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകനും സൂര്യാ ടി വി മുൻ വാർത്താ വിഭാഗം ചീഫും ആയിരുന്ന അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
സൂര്യ ടിവിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നു. ശമ്പളവർദ്ധന ആവശ്യപ്പെട്ടാണ് അറുപത്തഞ്ചോളം ചെറുപ്പക്കാർ അനിശ്ചിതകാല സമരത്തിലേർപ്പെട്ടിരിക്കുന്നത്.
തികച്ചും ന്യായമായ ആവശ്യത്തിന് നേരെ മാനേജ്മെന്റ് മുഖം തിരിച്ചിരിക്കുകയാണ്. തൊഴിൽ വകുപ്പ് വിളിച്ച ചർച്ചകളിലും സമവായത്തിന്റെ ചെറുസൂചനകൾ പോലും നൽകാൻ മാനേജ്മെൻറ് പ്രതിനിധികൾ തയ്യാറായില്ല.സമരം തുടർന്നാൽ സൂര്യ ടിവി അടച്ചു പൂട്ടുമെന്നാണ് ഒടുവിൽ കേൾക്കുന്ന ഭീഷണി.
ഒരു കാലത്ത് സൂര്യനെപ്പോലെ തിളങ്ങി നിന്ന മാധ്യമം ഇന്ന് അന്ധകാരത്തിലാണെന്നതിൽ സംശയമില്ല.മൊത്തത്തിൽ കോമഡിയാണെന്ന് പറയാതെ വയ്യ. നല്ല രീതിയിൽ ഓടിക്കൊണ്ടിരുന്ന ചാനലിനെ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് കൊണ്ടുപോയി കെട്ടിയതോടെ തുടങ്ങിയതാണ് കലികാലം.കൊച്ചി ഓഫീസിന് മുഖം പോലുമില്ല. ഓഫീസിൽ ഈയിടെ റെയ്ഡ് നടത്തിയ ലേബർ എൻഫോഴ്സ്മെൻറ് വിങ്ങ് നൽകിയ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട് \’അനാരോഗ്യകരമായ\’ അന്തരീക്ഷത്തെപ്പറ്റി.മതിയായ വെന്റിലേഷൻ പോലുമില്ലാത്ത ഓഫീസ് പശ്ചാത്തലമൊരുക്കിയത് തന്നെ അക്ഷന്തവ്യമായ അപരാധമാണ്. സൂര്യാ വാർത്തകളെക്കാൾ മികച്ചതായി മറ്റൊന്നുണ്ടായിരുന്നില്ല.റേറ്റിംഗിൽ എന്നും മുൻപന്തിയിൽ.എന്നിട്ടും താഴിട്ടത് വ്യക്തമായ ഗൂഡാലോചന തന്നെ.ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വാർത്താ വിഭാഗം വിലങ്ങുതടിയായിരുന്നു. ഇരിക്കുന്ന കൊമ്പ് മുറിച്ചു മാറ്റിയതോടെ പതനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു.വാർത്തയെ പഴിച്ച സാമദ്രോഹി സിനിമ വിറ്റുകിട്ടിയ അച്ചാരം വാങ്ങി കീശ വീർപ്പിച്ചു.ഇടയ്ക്ക് അയ്യപ്പൻ അടി കൊടുത്തിട്ടും ആ മാന്യദേഹത്തിന് ബോധോദയം ഉണ്ടായില്ല.തലയ്ക്കകത്തും പുറത്തും ശൂന്യതയായാൽ എത്ര കൊണ്ടാലും പഠിക്കില്ലല്ലോ.
ദൃശ്യമാധ്യമത്തിന്റെ എബിസിഡി പോലും അറിയാത്ത പോഴൻമാർ തലപ്പത്തുള്ളതാണ് സൂര്യയുടെ ദുര്യോഗവും ദുരന്തവും.ശ്രീ കലാനിധി മാരൻ ഒന്നുകിൽ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ല.അല്ലെങ്കിൽ അദ്ദേഹം നിരന്തരം തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് വേണം കരുതാൻ.കൂടെ നിന്ന് കാലാകാലങ്ങളായി കാലുവാരി അടിച്ചുമാറ്റിത്തിന്നുന്ന ഉറ്റസുഹുത്തുക്കളുടെ തനിനിറം തിരിച്ചറിയാനെങ്കിലും ജീവനക്കാരുടെ സമരം ഉപകരിക്കട്ടെയെന്നാണ് എന്റെ പ്രാർത്ഥന.