മലയാളം ഇ മാഗസിൻ.കോം

സുരാജ്‌ എന്തുകൊണ്ട്‌ സിനിമ കുറച്ചിട്ട്‌ ചാനൽ അവതാരകനായി?

സുരാജിനെ കാണുന്നവരെല്ലാം ഇപ്പോൾ ചോദിക്കുന്ന ഒരേ ചോദ്യം, സിനിമയിലൊന്നും കാണുന്നില്ല? സിനിമയൊന്നും ഇല്ല അല്ലേ? അവതാരകനായതു കൊണ്ടു പിടിച്ചു നില്ക്കുവാണല്ലേ? കാരണം ഫ്ളവേഴ്സ് ചാനലിലെ സൂപ്പർ ഹിറ്റ് പ്രോഗ്രാം കോമഡി സൂപ്പർ നൈറ്റ് തന്നെ. മിക്ക ദിവസങ്ങളിലും സുരാജിനെ എല്ലാവരും സ്വീകരണ മുറിയിലെ മിനി സ്ക്രീനിൽ കാണും അങ്ങനെ തോന്നിയ സംശയമാണ്. അതിനുള്ള മറുപടിയും സുരാജ് തന്നെ തരും.

ഞാൻ ടിവിയിൽ പരിപാടി അവതരിപ്പിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ സിനിമ കുറച്ചിട്ടൊന്നുമില്ല. അവതരണം എനിക്കിഷ്ടമാണ്. സിനിമ പോലെയല്ല. നേരിട്ട് ആളുകളോട് സംസാരിക്കാം. അവരുടെ കഥകൾ കേൾക്കാം. പോരാത്തതിന് ഞാൻ അവതരിപ്പിക്കുന്നത് കോമഡി പരിപാടിയാണ്. അതു കൊണ്ട് തന്നെ കുറെ ചിരിക്കാം. സിനിമയെ ബാധിക്കാത്ത തരത്തിലാണ് അവതരണം. നിങ്ങള‌ുടെ അവതരണം ഭയങ്കര രസമാണ് കെട്ടോ എന്ന് ആളുകൾ പറയുന്നതു കേൾക്കുമ്പോൾ സന്തോഷം. ഞാൻ ഞാനായി നിന്നുകൊണ്ടാണ് അവതരിപ്പിക്കുന്നത്. ആരെയും അനുകരിക്കുന്നില്ല. പ്രോത്സഹനം ഒരുപാട് കിട്ടുന്നുണ്ട്. കൂടുതൽ അറിവ് കിട്ടുന്നുണ്ട്. ഒരു പാട് ജീവിതകഥകൾ നേരിട്ട് കേൾക്കാം. സിനിമയിലും കഥാപാത്രങ്ങൾ ചെയ്യാൻ ഇൗ അറിവ് സഹായിക്കും. പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടാക്കാം. ഒരു പാട് ചിരിക്കാം. ചിരിക്കുന്ന ആളുകളുമായി കൂട്ടുകൂടാം. ഞാൻ ഒരുപാട് ചിരിക്കാൻ ഇഷ്ടമുള്ള ആളാണ്.

അവതാരകനാകുമ്പോ ഒരു ലുക്കിനു വേണ്ടി ജിമ്മിലൊക്കെ പോയി വയറു കുറച്ചു.ഇത് കണ്ട് ആളുകൾ ചോദിച്ചു, എന്തു പറ്റി ഷുഗറാണോന്ന്? ഇത്തിരി തടിച്ചാൽ ചോദിക്കും വയറൊക്കെ ചാടി വൃത്തി കേടായല്ലോ? സിനിമയിൽ എങ്ങനെ പിടിച്ചു നിൽക്കുമെന്ന്? മെലിഞ്ഞാൽ ഷുഗറാണോന്നും ചോദിക്കും. അതാണ് മലയാളി. സിനിമയില്ലേ എന്ന് ചോദിക്കുന്നവരോട് റിലീസാവുന്ന സിനിമയുടെ പേരുകൾ ഒാരോന്നായി പറഞ്ഞു കൊടുക്കും. ചോദിക്കുന്നവരെല്ലാം സിനിമ കാണാത്തവരാണ്.

Avatar

Staff Reporter