ഹാസ്യതാരങ്ങൾ എന്ന് മുദ്രകുത്തപ്പെട്ട താരങ്ങൾക്കും വളരെ സീരിസസ്സായ കഥാപാത്രങ്ങൾ വിജയകരമായി അവതരിപ്പിക്കാൻ കഴിയുമെന്നും അത് ദേശീയ അംഗീകാരങ്ങൾ വരെ നേടാൻ അവരെ പ്രാപ്തരാക്കുമെന്നും തെളിയിച്ച വരാണ് സലീം കുമാറും, സുരാജ് വെഞ്ഞാറമൂടും. സലീം കുമാർ എന്ന നടൻ അവാർഡ് നേടിയതോടെ സിനിമയിൽ നിന്നും ഏറെക്കുറെ മാറ്റി നിറുത്തപ്പെട്ടപ്പോൾ, സുരാജ് കൂടുതൽ ജനങ്ങളിലേയ്ക്ക് ഇറങ്ങിവരുകയും ഒരു ജനകീയ നടൻ പരിവേഷം കരസ്ഥമാക്കുകയും ചെയ്തു.
മലയാളി പ്രേക്ഷകന്റെ മനസ്സിൽ സ്ഥിരപ്രതിഷ്ഠനേടിയ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സലീം കുമാറിന് എന്താണ് സംഭവിച്ചത് എന്നൊരു ചോദ്യം സ്വാഭാവികമായും ഇവിടെ ഉണരും. അദ്ദേഹത്തിന്റേതായ ഒരു ശൈലിയിൽ തന്നെ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ സലീം ജീവസ്സുറ്റതാക്കി. പിന്നെ പതിയെ പതിയ ഇടയ്ക്കൊക്കെ വെള്ളിത്തിരയിൽ വന്നു പോയിരുന്ന അദ്ദേഹം ഇന്ന് തീർത്തും സിനിയമയിൽ നിന്നും മാറി നിൽക്കുകയാണ്. ആ ഒരു വിടവ് ഇന്ന് പാഷാണം ഷാജിയെ പോലുള്ള കഴിവുറ്റ മിമിക്രി കലാകാരന്മാർക്ക് അവസരങ്ങൾ നേടി കൊടുക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണ് താനും. ഒപ്പം പുതിയ കാലത്തെ മികച്ച കലാകാരന്മാരയ ചെമ്പൻ വിനോദും, അജു വർഗ്ഗീസും തുടങ്ങി ഒരു പിടി സഹ നടന്മാർ അരങ്ങു വാഴുകയാണ് ഇപ്പോൾ.
ദേശീയ അവാർഡ് ജേതാവ് സുരാജ് ഇന്ന് ടെലിവിഷൻ രംഗത്തും ഒരു അവതാരകൻ എന്ന നിലയിൽ സജീവമാണ്. എന്നാൽ സലീം കുമാർ കോമഡി ഷോയിൽ ഇടയ്ക്ക് ജഡ്ജായി എത്തുന്നുണ്ടെങ്കിലും മിനിസ്ക്രീനിലും അത്ര സജീവമല്ല. ദേശീയ പുരസ്കാരം ആണോ അതിന് കാരണം, അതോ അദ്ദേഹത്തെ ഇടയ്ക്കൊക്കെ ശല്യം ചെയ്യുന്ന ശാരീരിക പ്രശ്നങ്ങൾ ആണൊ എന്ന കാര്യത്തിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആശങ്കയിലാണ്. ഇതിനിടയിൽ സിനിമാ സംവിധായകന്റെ കുപ്പായവും സലിം കുമാർ അണിഞ്ഞു. എങ്കിലും വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് അകലെയാണ് സലിം കുമാർ എന്ന് പറയാതെ വയ്യ.
കഴിവുറ്റ ഒരു കലാകാരൻ എന്ന നിലയിൽ സലീം കുമാറിനെ വീണ്ടും അദ്ദേഹത്തിന്റെ സ്ഥിരം മാനറിസങ്ങളുമായി വെള്ളിത്തിരയിൽ പ്രതീക്ഷിക്കുകയാണ് പ്രേക്ഷക ലക്ഷങ്ങൾ എന്ന കാര്യത്തിൽ തർക്കമില്ല. ബിഗ് സ്ക്രീനിൽ സലീം കുമാർ തന്റെ സ്വതസിദ്ധമായ ചിരിയുമായി പൂർവ്വാധികം ശക്തിയോടെ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.