19
November, 2017
Sunday
07:56 PM
banner
banner
banner

അഭിനയം നിർത്തിയപ്പോൾ എല്ലാവരും പറഞ്ഞു തിരിച്ചു വരാൻ, തിരിച്ചു വന്നപ്പോൾ എന്തിനാണ്‌ വന്നത്‌ എന്നായി ചോദ്യം!

ഇപ്പോൾ ഞാൻ സന്തുഷ്ടനാണ്. മഞ്ജു വാര്യരെക്കുറിച്ചോർക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. അവർക്കെ­തിരായ ശാപവാക്കുകൾ എന്നെന്നേക്കുമായി ഇല്ലാതായിക്കഴിഞ്ഞിരി­ക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

മലയാളസിനിമയിൽ കത്തിനിന്ന കാലത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും അഭിനയം ഉപേക്ഷിച്ചതും. അഭിനയം­ എന്നത് വളരെക്കുറച്ച് പേർക്കുമാത്രം കിട്ടുന്ന സിദ്ധിയാണ്. വിവാഹത്തി­ൻ്റെ പേരിൽ അത് ഉപേക്ഷിച്ചത് ഏറ്റവും വലിയ അബദ്ധമായിരുന്നു. മഞ്ജു­ പൂർണ്ണമനസ്സോടെയല്ല ആ തീരുമാനമെടുത്തതെന്ന്­ പിൽക്കാലത്ത് വ്യക്തമാവുകയും ചെയ്തു. എത്ര നല്ല സിനിമകളാണ് അവർക്ക് ആ തീരുമാനത്തിലൂടെ നഷ്ടമായത് !

ഒരു കുടുംബിനിയായി മഞ്ജു ഒതുങ്ങിക്കഴിഞ്ഞ കാലത്ത് മലയാളികൾ അവരുടെ തിരിച്ചുവരവിനു വേണ്ടി മുറവിളികൂട്ടി. അവസാനം­ മഞ്ജു തിരിച്ചു വന്നു.

പക്ഷേ അപ്പോഴേക്കും ദിലീപുമായുള്ള വിവാഹബന്ധം തകർന്നിരുന്നു. ഒരു രാത്രി കൊണ്ട് മഞ്ജു എല്ലാവർക്കും വെറുക്കപ്പെട്ടവളായി.­ മകൾ ദിലീപിൻ്റെ ഒപ്പം നിന്നതുകൊണ്ട് ന്യായവും ദിലീപിൻ്റെ പക്ഷത്താണെന്ന് പൊതുസമൂഹം വിധിയെഴുതി.

”കുട്ടിയെ നോക്കാതെ സിനിമയിൽ അഭിനയിച്ച് അഴിഞ്ഞാടി നടക്കുന്ന” മോശം അമ്മയായി മഞ്ജു മാറി.

ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച മഞ്ജുവിൻ്റെ സിനിമകൾ ഇനിമേൽ കാണില്ലെന്ന് പ്രഖ്യാപിച്ച ധാരാളം പേരെ കണ്ടിട്ടുണ്ട്. അവരിൽ അധികവും തികച്ചും യാഥാസ്ഥിതികരായ മദ്ധ്യവയസ്കരും വൃദ്ധരുമായിരുന്നു.

പൊതുവെ പുരോഗമനചിന്തയുടെ പര്യായമായ സോഷ്യൽ മീഡിയയിൽ പോലും ഈ ചിന്ത പങ്കുവെച്ചവരുണ്ട്.ര­ണ്ടാമതും വന്നപ്പോൾ മഞ്ജുവിൻ്റെ അഭിനയത്തിന് അൽപ്പം മങ്ങലേറ്റിരുന്നു എന്നത് സത്യമാണ്. പക്ഷേ അവർ ഇത്രയേറെ പരിഹസിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതും അഭിനയത്തിലെ പോരായ്മകൾ കൊണ്ടു മാത്രമല്ല. മഞ്ജു ഭർത്താവിനെ ഉപേക്ഷിച്ചതിൻ്റെ അമർഷമായിരുന്നു പലർക്കും.

ഒരു തരത്തിലും യോജിച്ചുപോകാൻ കഴിയാതെ വരുമ്പോഴാണ് ഭാര്യയും ഭർത്താവും വേർപിരിയുന്നത്. നാട്ടു­കാരെ ബോധിപ്പിക്കുന്നതിനു വേണ്ടി മാത്രം കഷ്ടപ്പെട്ട് ഒന്നിച്ചുജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണത്.

പക്ഷേ വിവാഹമോചനത്തെ രണ്ടു വ്യക്തികളുടെ സ്വകാര്യ സംഭവമായി കണക്കാക്കാനും, അതിനെ മാനിക്കാനും നമ്മുടെ സമൂഹം ഇന്നും പഠിച്ചിട്ടില്ല. എന്തു­ ഭൂകമ്പം ഉണ്ടായാലും ഒന്നിച്ചു കഴിഞ്ഞോളണം എന്നൊരു നയമാണ്.

വിവാഹമോചിതരായി വരുന്നവരെ അന്യഗ്രഹജീവികളെപ്പോ­ലെയാണ് ആളുകൾ നോക്കുക.കൂടുതൽ പഴി കേൾക്കുന്നത് സ്ത്രീ തന്നെയാവും. കാരണം അവൾ എന്നും എപ്പോഴും എല്ലാം സഹിക്കേണ്ടവളാണല്ലോ! ഇതാണ് മഞ്ജുവും അനുഭവിച്ചത്.

ഒരു ചാനലിൽ മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു-

”ഞാൻ അഭിനയം നിർത്തിയപ്പോൾ എല്ലാവരും എന്നോട് തിരിച്ചു വരാൻ പറഞ്ഞു. തിരിച്ചു വന്നപ്പോൾ എന്തിനാണ് വന്നത് എന്നായി ചോദ്യം….! ”

ചിരിച്ചുകൊണ്ട് പറഞ്ഞുവെങ്കിലും അവരുടെ ഉള്ളിലെ വേദന ആ വാക്കുകളിൽ പ്രകടമായിരുന്നു.”ഇതിനും മാത്രം ഞാൻ എന്തു ചെയ്തു? ” എന്ന് പറയാതെ പറയുകയായിരുന്നു മഞ്ജു.

ദിലീപും കാവ്യയും വിവാഹിതരായതോടെ മഞ്ജുവിനോടുള്ള ആളുകളുടെ മനോഭാവത്തിൽ നല്ല മാറ്റം വന്നിരുന്നു. നടിയെ ആക്രമിച്ച വിഷയത്തിൽ ‘നടൻ’ അറസ്റ്റിലായതോടെ മഞ്ജുവിനോടുള്ള വെറുപ്പ് പൂർണ്ണമായും ഇല്ലാതായെന്നു തന്നെ കരുതണം.

പ്രതാപകാലത്ത് പകരം വെയ്ക്കാനില്ലാത്ത അഭിനേത്രിയായിരുന്നു മഞ്ജു. തൂവൽക്കൊട്ടാരത്തിലെ തൻ്റേടിയായ ദേവപ്രഭയിൽ നിന്ന് പ്രണയവർണ്ണങ്ങളിലെ സാധുവായ ആരതിയിലേക്കുള്ള മാറ്റം അവരെ സംബന്ധിച്ചിടത്തോളം വളരെ അനായാസമായിരുന്നു.

മോഹൻലാൽ,തിലകൻ തുടങ്ങിയ അസാമാന്യപ്രതിഭകൾക്കൊപ്പം അഭിനയിച്ചപ്പോഴും മഞ്ജുവിൻ്റെ പ്രഭാവം തെല്ലും കുറഞ്ഞില്ല എന്നതാണ് അതിനേക്കാൾ ശ്രദ്ധേയം. നായകനെ ഏതാണ്ട് ദൈവതുല്യനായി അവതരിപ്പിച്ച ‘ആറാം തമ്പുരാനിൽ’ പോലും മഞ്ജു വേറിട്ടു നിന്നു. ഇതിൻ്റെ പ്രാധാന്യം മനസ്സിലാവണമെങ്കിൽ ഇതേ സ്വഭാവമുള്ള വേറെ സിനിമകളിൽ നായികമാർ എന്തു ചെയ്തു എന്ന് പരിശോധിച്ചാൽ മതി. സൂപ്പർതാരങ്ങൾ അഭിനയിച്ചുവെങ്കിലും കന്മദം, സമ്മർ ഇൻ ബത്ലഹേം, പത്രം തുടങ്ങിയ സിനിമകളെക്കുറിച്ച് പറയുമ്പോൾ മഞ്ജുവിനെ ഒഴിവാക്കാനാവില്ല. സാക്ഷാൽ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ അഭിനയമികവ് !

പ്രതിഭ ജന്മസിദ്ധമാണെങ്കിലും അത് നിരന്തരം തേച്ചുമിനുക്കേണ്ടതുണ്ട്. വലിയ ഇടവേള മഞ്ജു എന്ന നടിയെ ബാധിച്ചിരുന്നു.സിനിമ­യും ഏറെ മുന്നോട്ടു പോയിരുന്നു. പക്ഷേ ഹൗ ഒാൾഡ് ആർ യൂവിൽ നിന്ന് സൈറാഭാനുവിലേക്ക് എത്തുമ്പോൾ മഞ്ജു ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. പഴയ മഞ്ജുവിനെ തിരിച്ചുകിട്ടുമോ എന്നറിയില്ലെങ്കിലും അവർ ഇനി മെച്ചപ്പെടും എന്നു തന്നെയാണ് പ്രതീക്ഷ.

കേസിൻ്റെ വിധി എന്താവുമെന്ന് അറിയില്ല. അഞ്ചു വർഷം സൽമാൻ ഖാന് ശിക്ഷ ലഭിച്ചതും പിന്നീട് സംഭവിച്ച കാര്യങ്ങളും നാം കണ്ടതാണ്. ഒരു കാര്യം മാത്രം പറയുന്നു. ആ പെൺകുട്ടിയ്ക്ക് നീതി ലഭിക്കണം. തെറ്റു ചെയ്ത എല്ലാവരും ശിക്ഷിക്കപ്പെടണം.

മഞ്ജുവിൻ്റെ തീരുമാനങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമായി കാണാനും അതിനെ ബഹുമാനിക്കാനും ഇനിയെങ്കിലും ആളുകൾ പഠിക്കുമെന്ന് കരുതാം. അതിന് ഇങ്ങനെയൊരു സംഭവം വേണ്ടിവന്നു എന്നത് ലജ്ജാകരവും.

ധൈര്യമായി മുന്നോട്ടുപോകൂ മഞ്ജൂ. യാത്ര ശരിയായ ദിശയിൽത്തന്നെ. നല്ല ദിനങ്ങൾ വരാനിരിക്കുന്നു…

സന്ദീപ്‌ ദാസ്‌

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments