സപ്ലൈകോ അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചു. ഓണക്കാലത്ത് സാധാരണക്കാർക്ക് താങ്ങായിരിക്കുമെന്ന് കരുതിയ സപ്ലൈകോയുടെ വിലവർധനവ് പൊതുജനത്തിന് ഇരുട്ടടിയാകും. സപ്ലൈകോ വഴി വിലകുറച്ച് വിതരണം ചെയ്തിരുന്ന കുറുവ അരിയും തുവര പരിപ്പും ഉൾപ്പെടെയുള്ള സാധനങ്ങൾക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്.
സപ്ലൈകോയിൽ നിന്നും ഒരുകിലോ കുറുവ അരി ലഭിക്കണമെങ്കിൽ ഇപ്പോൾ 33 രൂപ കൊടുക്കണം. നേരത്തേ 30 രൂപയായിരുന്നു ഒരുകിലോ കുറുവ അരിയുടെ വില. മട്ട അരിയുടെ വിലയും 30ൽ നിന്നും 33 ആയി ഉയർത്തി. സബ്സിഡി ഇനത്തിൽ പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്.
തുവര പരിപ്പ് ഒരുകിലോ ഈ ഓണക്കാലത്ത് വാങ്ങണമെങ്കിൽ 115 രൂപയാണ് സപ്ലൈകോയിൽ നൽകേണ്ടത്. നേരത്തേ ഇതിന് 111 രൂപയായിരുന്നു വില. 27 രൂപയായിരുന്നു മുമ്പ് സപ്ലൈകോയിൽ ഒരുകിലോ പഞ്ചസാരയുടെ വിലയെങ്കിൽ ഇപ്പോൾ 33 രൂപയാണ് നൽകേണ്ടി വരുന്നത്. ഒറ്റയടിക്ക് ഒരു കിലോ പഞ്ചസാരയിലുണ്ടായത് ആറു രൂപയുടെ വർധനവാണ്. അതേസമയം, 92 രൂപയുണ്ടായിരുന്ന ചെറുപയറിന് രണ്ടുരൂപ കുറഞ്ഞിട്ടുണ്ട്.
നേരത്തേ തന്നെ സപ്ലൈകോയിലെ ഭക്ഷ്യധാന്യങ്ങളുടെ വില വർധിപ്പിക്കാൻ ചില നീക്കങ്ങൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ, അന്ന് പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്. എന്നാലിപ്പോൾ ഓണം പടിവാതിക്കലെത്തിയപ്പോൾ സാധാരണക്കാരന് മുകളിൽ വിലവർധനവിന്റെ ഭാരം കൂടി നൽകുകയാണ് സർക്കാർ.
അതേസമയം, ഇ-ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യസാധനങ്ങൾക്ക് വിലവർധിക്കാനുള്ള കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, വിലവർധനവുണ്ടാകില്ലെന്ന ഉറപ്പിൽ അധികാരത്തുടർച്ച നേടിയ ഒരു സർക്കാരിന് ഈ ഓണക്കാലത്ത് പൊതുവിതരണ സംവിധാനത്തിൽ പോലും വിലക്കയറ്റം പിടിച്ചുനിർത്താനാകുന്നില്ലെങ്കിൽ പിന്നെങ്ങനെയാണ് പൊതുവിപണിയിൽ ഇടപെടാനാകുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
സപ്ലൈകോയിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് തിരുവനന്തപുരം കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിൻറെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും. മൂവർക്കും വിലവർധനവിനെ ന്യായീകരിക്കാൻ എങ്ങനെ സാധിക്കുമെന്നത് തന്നെയാണ് കേരളം ഉറ്റുനോക്കുന്നത്.
ഈ മാസം അഞ്ച് മുതൽ പതിനൊന്ന് വരെയാണ് സപ്ലൈകോയുടെ ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ ജില്ലാ തല ഫെസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ, അവശ്യസാധനങ്ങൾക്കുൾപ്പെടെ വിലവർധിപ്പിച്ച് നടത്തുന്ന ഓണം മേള സപ്ലൈകോയുടെ തിളക്കത്തിനും വിശ്വാസ്യതയ്ക്കുമാണ് മങ്ങലേൽപ്പിക്കുന്നത്.