മലയാളം ഇ മാഗസിൻ.കോം

കേസിൽ കുടുക്കിയതാണ്, കുറ്റകൃത്യത്തിൽ പങ്കില്ല: ജാമ്യം തേടി പൾസർ സുനിയും! നാദിഷയെ ചോദ്യം ചെയ്തു

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. ആലുവ പോലീസ് ക്ലബിലെത്തിയ നാദിർഷയെ അന്വേഷണസംഘം നാലര മണിക്കൂറാണ് ചോദ്യം ചെയ്തത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു നാദിർഷ ചോദ്യം ചെയ്യലിന് എത്തിയത്.

കേസുമായി ബന്ധപ്പെട്ട് താൻ നിരപരാധിയാണെന്ന് നാദിർഷ. കേസുമായി ദിലീപിനും തനിക്കും ബന്ധമില്ല. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുമായി തനിക്ക് നേരിട്ട് പരിചയമില്ലെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ചോദ്യം ചെയ്യലിന്​ ശേഷം നാദിർഷ മാധ്യമങ്ങളോട്​ പറഞ്ഞു.

അറസ്റ്റ്​ ചെയ്യുമെന്ന്​ പോലീസ്​ ഭീഷണി​പ്പെടുത്തിയിട്ടില്ല. പൾസർ സുനി തന്നെ ഫോൺ ​ചെയ്​തിരുന്നു. എന്നാൽ സുനിയാണ്​ അതെന്ന്​ പിന്നീടാണ്​ മനസിലായതെന്നും നാദിർഷ പറഞ്ഞു. ചോദ്യം ചെയ്യൽ സൗഹാർദപരമായിരുന്നുവെന്നും നാദിർഷ കൂട്ടിചേർത്തു. നേരത്തെ, നാദിർഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരുന്നു. ഇതു പരിഗണിക്കുന്ന വേളയിലാണു ചോദ്യം ചെയ്യലിനു ഹാജരാകാൻ കോടതി നിർദേശിച്ചത്.

വെള്ളിയാഴ്ച നാദിർഷ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബിൽ എത്തിയിരുന്നു. എന്നാൽ നാദിർഷയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു അന്വേഷണസംഘം ചോദ്യം ചെയ്യൽ ഉപേക്ഷിച്ചിരുന്നു.

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തന്നെ കേസിൽ കുടുക്കിയതാണെന്നും കുറ്റകൃത്യത്തിൽ തനിക്ക്‌ പങ്കില്ലെന്നും ഹർജിയിലുണ്ട്. കേസിൽ ഏപ്രിൽ 17ന് അന്വേഷണ സംഘം ആദ്യ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ റിമാൻഡ് ഒഴിവാക്കണമെന്നു ജാമ്യാപേക്ഷയിൽ പറയുന്നു.

അറസ്റ്റിലായ ശേഷം അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും നിഷേധിച്ചു. ഏഴു പ്രതികൾക്കുമെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച ശേഷം നൽകിയ ജാമ്യാപേക്ഷയും മജിസ്ട്രേട്ട് കോടതി തള്ളി. പിന്നീട്, കഴിഞ്ഞ 11ന് എറണാകുളം സെഷൻസ് കോടതിയും ജാമ്യഹർജി തള്ളിയതിനാലാണു ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17നു തൃശൂരിൽനിന്നു കൊച്ചിയിലേക്കു കാറിൽ വരികയായിരുന്ന നടിയെ സുനിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഉപദ്രവിച്ചുവെന്നാണു കേസ്.

കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ്‌ കോടതി വിധി തിങ്കളാഴ്ച പറയും. നാദിർഷയുടെയും കാവ്യാമാധവന്റെയും മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.

Avatar

Staff Reporter