23
March, 2019
Saturday
04:47 AM
banner
banner
banner

അറിയാമോ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമ മറ്റൊരു സൂപ്പർ താരത്തിന്റെ വലിയ നഷ്ടമാണ്!

ജയറാം – സുരേഷ്‌ ഗോപി – കലാഭവൻ മണി കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളികളുടെ പ്രിയപെട്ട സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച സമ്മർ ഇൻ ബത് ലഹേം 1998-ൽ ആണ് പ്രദർശനത്തിനിറങ്ങിയത്. വേണു നാഗവള്ളിയുടെ കഥയിൽ രഞ്ജിത്ത് തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചത് സിയാദ് കോക്കർ ആയിരുന്നു.

ചിത്രം റിലീസ് ആയി ഇരുപതു വര്‍ഷം പിന്നിടുമ്പോഴും മലയാളി മനസ്സുകളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അക്ഷരാർത്ഥത്തിൽ ഈ ചിത്രം തമിഴിൽ ചെയ്യാനാണ് സംവിധായകൻ സിബി മലയിൽ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിർമാതാവുമായുള്ള ഒരു പ്രശ്‌നം കാരണം ആ പ്രോജക്ട് തമിഴിൽ മുടങ്ങുകയായിരുന്നു. സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തെ കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ വെളിപ്പെടുത്തൽ നടത്തിയത്.

പ്രഭു, ജയറാം, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് അദ്ദേഹം സമ്മർ ഇൻ ബത്‌ലഹേം തമിഴിൽ ഒരുക്കാൻ തീരുമാനിച്ചിരുന്നത്. അതിനായി മഞ്ജുവും പ്രഭുവുമായുള്ള ഒരു പാട്ട് ചെന്നൈയില്‍ വച്ച് ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിര്‍മാതാവിന്റെ ഭാഗത്തുനിന്ന് പ്രശ്‌നം ഉണ്ടാവുകയും സിനിമ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതാവുകയും ചെയ്യുക ആയിരുന്നു എന്ന് സിബി മലയിൽ പറയുന്നു. അതോടെ മഞ്ജു വാര്യരുടെ തമിഴ്‌ സിനിമാ അരങ്ങേറ്റവും മുടങ്ങി. അതിനു ശേഷം ഇതുവരെയും മഞ്ജു ഒരു തമിഴ്‌ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല.

ചിത്രം മുടങ്ങി എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷന്‍ മാനേജര്‍ നിര്‍മാതാവ് സിയാദ് കോക്കറിനോട് ഇക്കാര്യം സംസാരിക്കുന്നത്. നല്ല കഥയാണെന്നും ഈ ചിത്രം ഉറപ്പായും ഹിറ്റാകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സിയാദ് കോക്കര്‍ ചിത്രം നിർമിക്കാൻ തീരുമാനിക്കുക ആയിരുന്നു. അങ്ങിനെ അവർ അത് മലയാളത്തിൽ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.

അങ്ങിനെ പ്രഭുവിനു പകരം സുരേഷ് ഗോപി സിനിമയിലേക്ക് എത്തി. പിന്നെ നേരത്തേ തീരുമാനിച്ചതു പോലെ കലാഭവന്‍ മണി, സംഗീത, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരും ചിത്രത്തിന്റെ ഭാഗമായി. പിന്നീട് നിരഞ്ജൻ എന്ന കഥാപാത്രമായിരുന്നു അണിയറപ്രവർത്തകരുടെ വലിയൊരു വേവലാതി ആയിരുന്നത്.

ആ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന വിഷയം ചിത്രീകരണസമയത്തു വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. രണ്ടു സീന്‍ മാത്രമാണ് ഉള്ളതെങ്കിലും ഏറെ ആഴവും പരപ്പുമുള്ള കഥാപാത്രമാണ് നിരഞ്ജന്‍ എന്നത് ആയിരുന്നു എല്ലാവരെയും ആശങ്കപ്പെടുത്തിയത്. ഒരു അസാധാരണ നടന്‍ തന്നെ അതു ചെയ്യണമെന്ന് സിബി മലയിലിന് ആഗ്രഹമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ കമല്‍ഹാസനെയാണ് ആദ്യം ചിത്രത്തിൽ പരിഗണിച്ചത്. അതിനു ശേഷം മോഹൻലാലിലെത്തി. അന്നു മോഹന്‍ലാല്‍ ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലായിരുന്നു എങ്കിലും സിബി മലയിലും തിരക്കഥാകൃത്ത് രഞ്ജിത്തും നേരിട്ടു ചെന്ന് മോഹൻലാലിനെ കാണുകയും കഥ ‌കേട്ടപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു.

ജയിലിൽ വച്ചു കാണുന്ന രംഗത്തിനു പുറമെ മറ്റൊരു രംഗം കൂടി മോഹൻലാലിനെവച്ചു സിബി മലയിൽ ചിത്രീകരിച്ചിരുന്നു. നിരഞ്ജൻ എന്ന കഥാപാത്രം ആമിയുടെ മനസ്സിൽനിന്നു മാഞ്ഞുപോകുന്ന, സ്വപ്നസമാനമായ രംഗം. അവസാനനിമിഷം ആ രംഗം സിനിമയിൽനിന്ന് ഒഴിവാക്കുകയായിരുന്നു എന്നും സിബി മലയിൽ പറഞ്ഞു.

സിനിമയുടെ റിലീസിന്റെ അന്നുപോലും മോഹൻലാലിന്റെ സിനിമയിലെ സാന്നിധ്യം അണിയറപ്രവർത്തകർ രഹസ്യമാക്കിവച്ചു. പോസ്റ്ററുകളിലൊന്നും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മോഹന്‍ലാലിനെ സ്‌ക്രീനിൽ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചെന്നും ആ രംഗം ഇപ്പോള്‍ കാണുമ്പോള്‍ സംവിധായകനായ തനിക്കു പോലും പുതുമ തോന്നാറുണ്ടെന്നും സിബി മലയിൽ പറയുന്നു.

എന്നാൽ പിന്നീട്‌ 2003 ൽ പ്രിയദർശൻ സമ്മർ ഇൻ ബത്‌ലഹേമിനെ ലേസാ ലേസാ എന്ന പേരിൽ ചെറിയ മാറ്റങ്ങളൊക്കെ വരുത്തി ശ്യാം, മാധവൻ, വിവേക്‌, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിൽ ഒരുക്കിയിരുന്നു.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments