മലയാളം ഇ മാഗസിൻ.കോം

ചീരകൃഷിയിലൂടെ മാസം ലക്ഷങ്ങളുടെ വരുമാനം നെടുന്ന വീട്ടമ്മ, ഈ ചീര ഏതാണെന്ന് മനസിലായോ?

കൃഷി ലാഭകരമായ ജോലിയല്ല എന്ന് പറഞ്ഞ്‌ കാർഷിക വൃത്തി ഉപേക്ഷിക്കുന്നവരാണ്‌ നമ്മുടെ നാട്ടിൽ അധികവും. എന്നാൽ ക്ഷമയും ആത്മാർത്ഥതയുമുണ്ടെങ്കിൽ കൃഷിയേക്കാൾ ലാഭകരമായ മറ്റൊരു സംരംഭം ഇല്ലെന്ന് പലരും തെളിയിച്ചിട്ടുണ്ട്‌. നമ്മുടെ നാട്ടിൽ സുലഭമായ പല പച്ചക്കറികളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്തവരാണ്‌ പുതു തലമുറയിൽ പെട്ടവർ. ഔഷധഗുണവും പോഷക ഗുണവും ധാരാളം അടങ്ങിയ അത്തരം പച്ചക്കറികൾ കണ്ടെത്തി അവയെ വേണ്ടവിധം പരിപാലിച്ചാൽ മികച്ച വരുമാനം നേടാമെന്ന് തെളിയിക്കുകയാണ്‌ ഒരു വീട്ടമ്മ.

പൊന്നാങ്കണ്ണി ചീര കൃഷിയിലൂടെ നൂറുമേനി വിജയം നേടി മാതൃകയായിരിക്കുകയാണ്‌ എറണാകുളം വൈപ്പിൻ കരയിലെ എടവനക്കാട്‌ അണിയിൽ കാട്ടുപറമ്പിൽ വീട്ടിൽ സുൽഫത്ത്‌ മൊയ്തീൻ എന്ന കർഷക. നാട്‌ മുഴുവൻ അടച്ചുപൂട്ടി എന്ത്‌ ചെയ്യണമെന്നറിയാതെ ഇരുന്ന ലോക്ക്ഡൗൺ കാലത്ത്‌ ഈ വീട്ടമ്മ പൊന്നാങ്കണ്ണി ചീര വിൽപനയിലൂടെ വലിയൊരു തുകയാണ്‌ വരുമാനമായി നേടിയത്‌.

ഒട്ടേറെ ഔഷധ ഗുണമുള്ള ഈ പൊന്നാങ്കണ്ണി ചീര ഒരു കിലോയ്ക്ക്‌ 1500 രൂപ നിരക്കിലാണ്‌ സുൽഫത്ത്‌ വിൽക്കുന്നത്‌. ഇത്‌ കൂടാതെ തൈകളുടെ വിൽപനയുമുണ്ട്‌. 50 രൂപയാണ്‌ ഒരു കട്ടിംഗ്സിന്‌ ഈടാക്കുന്നത്‌. ഓർഡർ ചെയ്യുന്നവർക്ക്‌ ഒരു കെട്ട്‌ പൊന്നാങ്കണ്ണി ചീരയുടെ കട്ടിംഗ്സ്‌ 350 രൂപ നിരക്കിൽ പോസ്റ്റൽ ചാർജ്ജ്‌ ഉൾപ്പടെ ഈടാക്കി അയച്ചു കൊടുക്കുന്നുമുണ്ട്‌.

പൊന്നാങ്കണ്ണി ചീര കൃഷി ഏഴ് വർഷം മുൻപാണ് സുൽഫത്ത് ആരംഭിച്ചത്. ഭർത്താവ് മൊയ്തീൻ ബിസിനസ് ആവശ്യത്തിനായി തമിഴ്നാട്ടിൽ പോയപ്പോൾ അവിടെ നിന്നുമാണ് പൊന്നാങ്കണ്ണി ചീര വീട്ടിൽ കൊണ്ടു വന്നു നട്ടത്. അത് ക്രമേണ വളർന്നു. പിന്നീട് കൂടുതൽ തൈകൾ നട്ട് പരിപാലിക്കുകയും ചെയ്തു. ഇപ്പോൾ സുൽഫത്തിന്റെ ഒരേക്കർ വരുന്ന വീട്ടിലെ പറമ്പിലും വീടിന്റെ ടെറസിൽ ഗ്രോ ബാഗിലും പൊന്നാങ്കണ്ണി ചീരയുണ്ട്. ഈ ചീര മണ്ണിൽ നട്ടാൽ വെറും മൂന്ന് നാല് ആഴ്ച കൊണ്ട് വളർന്നു വലുതാകും. അപ്പോൾ അവ മുറിച്ചെടുത്ത് തോരൻ വയ്ക്കാം. അല്ലെങ്കിൽ മരുന്നിന്റെ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും. ഈ ചീരയുടെ ഇല വെറുതെ മണ്ണിലിട്ടാൽ പോലും വേര് പിടിച്ച് വലുതാകുമെന്ന് സുൽഫത്ത് പറയുന്നു.

പൊന്നാങ്കണ്ണി ചീര കൊണ്ട് വെർട്ടിക്കൽ ഗാർഡൻ ഒരുക്കാനും സാധിക്കും. വലിയ രീതിയിൽ പറമ്പോ സ്ഥലമോ ഇല്ലാത്തവർക്ക് വെർട്ടിക്കൽ ഗാർഡനൊരുക്കി ഈ ചീര വളർത്താവുന്ന താണ്. അധികം ഉയരത്തിൽ വളരാത്ത തരമാണ് പൊന്നാങ്കണ്ണി ചീര. അതി നാൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കാൻ ഈ ചീര കൊണ്ടു സാധിക്കുകയും ചെയ്യുമെന്നു സുൽഫത്ത് പറയുന്നു.

മൂന്ന് വർഷം മുൻപ് കൊച്ചി എഫ്എം റോഡിയോയിൽ സുൽഫത്തിനെ കുറിച്ചൊരു പരിപാടി പ്രക്ഷേപണം ചെയ്യുകയുണ്ടായി. ആ പ്രാഗ്രാമിൽ സുൽഫത്ത് പൊന്നാങ്കണ്ണി ചീരയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അതിനു ശേഷമാണ് വീട്ടിലേക്ക് ആവശ്യക്കാരായി നിരവധി പേർ എത്തി തുടങ്ങിയതെന്നു സുൽഫത്ത് പറഞ്ഞു. കഴിഞ്ഞ വർഷം ലോക്ക്ഡൌൺ കാലത്ത് സുൽഫത്തിന്റെ വീട്ടിൽ നിരവധി പേർ പൊന്നാങ്കണ്ണി ചീര തേടിയെത്തി. ഇപ്പോഴും എത്തുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, മുംബൈ, ഡൽഹി, കർണാടക എന്നീ സ്ഥലങ്ങളിൽ നിന്നും ഓർഡറെത്താറുമുണ്ട്. വിദേശത്തു നിന്നു പോലും ഓർഡർ ലഭിക്കാറുണ്ട്.

പൊന്നാങ്കണ്ണി ചീരയ്ക്കു പുറമേ, സുൽഫത്തിന്റെ കൃഷിയിടത്തിൽ നാൽപതോളം ഔഷധ ചെടികളുണ്ട്. ഫാഷൻ ഫൂട്ട്, സീതപ്പഴം, ചക്ക, മാങ്ങ, പേരയ്ക്ക് ഉൾപ്പെടെയുള്ള പഴവർഗങ്ങ ളും ചെറി തക്കാളി, പടവലം, പാവൽ, പയർ, കോളിഫ്ളവർ ഉൾപ്പെടെയുള്ള പച്ചക്കറികളും സുലഭമായുണ്ട്. കരിങ്കോഴി, റെഡ് തിലോപ്പി, ചിത്രലാട എന്നീ മത്സ്യങ്ങളെയും വളർത്തുന്നുണ്ട്.

കൃഷിയിൽ മികവ് പുലർത്തിയതി ന് സുൽഫത്തിനെ ആദരിച്ചത് 42 തവണയാണ്. രണ്ട് തവണ സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തിന്റെയും, ബ്ലോക്ക് പഞ്ചായത്തിന്റെയും അവാർഡുകൾ നിരവധി തവണ ലഭിച്ചിട്ടുണ്ട്. അതിനു പുറമേ നിരവധി ക്ലബ്ബുകളും, സംഘടന കളും സുൽഫത്തിനെ ആദരിച്ചിട്ടുണ്ട്. സുൽഫത്തിനെ തേടി ഇപ്പോൾ ഓരോ ദിവസവും നിരവധി പേരാണ് വീട്ടിലെത്തുന്നത്. പലരും ചെടി വാങ്ങാൻ മാത്രമല്ല, കൃഷിയെ കുറിച്ച് അറിയാനും കൂടിയാണ് സുൽഫത്തിനെ സമീപിക്കുന്നത്. ഭർത്താവ് മൊയ്തീനും മക്കളായ മസ്കറും, അസറും, സൈനബയും, മരുമക്കളായ നിഷ മസ്ഹറും, അമീന അസ്ഹറും സുൽഫത്തിന് എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്. WATCH VIDEO:

Sandeep Sasikumar

Sandeep Sasikumar

സന്ദീപ്‌ ശശികുമാർ | Editor